ജസ്ന കേസിൽ വഴിത്തിരിവ്, തിരോധാനത്തെ കുറിച്ച് അറിവുണ്ടെന്ന് ജയിലിൽ വെച്ച് വെളിപ്പെടുത്തൽ

തിരുവനന്തപുരം: ജസ്‌ന ജെയിംസ് തിരോധാനത്തില്‍ പുതിയ വഴിത്തിരിവ്. ജസ്‌നയുടെ തിരോധാനത്തെ കുറിച്ച് അറിവുണ്ടെന്ന് മോഷണക്കേസിലെ പ്രതിയായ യുവാവ് പറഞ്ഞുവെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒരു പ്രതി നടത്തിയ വെളിപ്പെടുത്തലാണ് അന്വേഷണ സംഘത്തിന് പ്രതീക്ഷയായിരിക്കുന്നത്. 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018 മാര്‍ച്ച് 22 മുതലാണ് പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിയായ ജസ്‌ന മരിയ ജെയിംസ് എന്ന വിദ്യാര്‍ത്ഥിനിയെ കാണാതായത്.
ജസ്‌ന ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ പോലും വ്യക്തത വരുത്താന്‍ സാധിക്കുന്ന സൂചനകളൊന്നും അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷിച്ച തിരോധാനക്കേസ് നിലവില്‍ സിബിഐ ആണ് അന്വേഷിക്കുന്നത്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ജസ്‌ന തിരോധാനത്തെ കുറിച്ച് വിവരം നല്‍കാന്‍ സിബിഐക്ക് ഫോണ്‍ കോള്‍ എത്തുന്നത്.
വിവരം നല്‍കിയ യുവാവ് കൊല്ലം സ്വദേശിയാണ്. ഇയാള്‍ പോക്‌സോ കേസിലാണ് പൂജപ്പുര ജയിലില്‍ കഴിയുന്നത്. ജസ്‌ന കേസിനെ കുറിച്ച് ചില കാര്യങ്ങള്‍ പറയാനുണ്ട് എന്ന് പറഞ്ഞാണ് ഇയാള്‍ സിബിഐയെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് സിബിഐ അന്വേഷണ സംഘം പൂജപ്പുര ജയിലില്‍ എത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തി.

ഇയാള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു കേസില്‍ പ്രതിയായി കൊല്ലം ജില്ലാ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്നു. ഇവിടെ വെച്ചാണ് മോഷണക്കേസ് പ്രതിയായ ഒരാള്‍ ജസ്‌ന കേസിനെ കുറിച്ച് വെളിപ്പെടുത്തിയത്. ജസ്‌നയ്ക്ക് എന്ത് സംഭവിച്ചു എന്ന് തനിക്കറിയാം എന്നാണ് ഇയാള്‍ പറഞ്ഞത്. ഇയാള്‍ പത്തനംതിട്ട സ്വദേശിയാണ്. ഇയാള്‍ കൊല്ലം ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ ശ്രമം നടത്തുകയാണ് അന്വേഷണ സംഘം.
പ്രതിയില്‍ നിന്നും ലഭിച്ച പത്തനംതിട്ടയിലെ വിലാസത്തില്‍ സിബിഐ അന്വേഷണം നടത്തുകയുണ്ടായി. മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജസ്‌ന കേസില്‍ ഇതുവരെ തുമ്പൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തി പുതിയ വെളിപ്പെടുത്തലില്‍ എന്തെങ്കിലും സൂചന ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് സിബിഐ. എരുമേലിയിലെ വീട്ടില്‍ നിന്നും ഇറങ്ങി തുടര്‍ന്ന് അപ്രത്യക്ഷയായ ജസ്‌ന വിവാഹം കഴിച്ച് വിദേശത്ത് ഉണ്ടെന്ന നിഗമനത്തിലായിരുന്നു ക്രൈംബ്രാഞ്ച്. എന്നാല്‍ ഇത് സിബിഐ തള്ളിക്കളയുന്നു.2021ല്‍ ഹൈക്കോടതിയാണ് ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടുന്നത്. ജസ്‌നയെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ വഴി 191 രാജ്യങ്ങളില്‍ സിബിഐ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.












Click it and Unblock the Notifications