ചാലക്കുടിയില്‍ ഇത്തവണ ആര്: യുഡിഎഫ് കോട്ട, ഇടത് പ്രതീക്ഷ രവീന്ദ്രനാഥില്‍, അറിയാം ചാലക്കുടി മണ്ഡല ചരിത്രം
2008 ലെ മണ്ഡല പുനഃർനിർണ്ണയത്തോടെ നിലവില്‍ വന്ന ലോക്സഭ മണ്ഡലമാണ് ചാലക്കുടി. മണ്ഡല പുനഃനിർണ്ണയത്തോടെ ഇല്ലാതായ മുകുന്ദപുരം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഭൂരിപക്ഷം പ്രദേശങ്ങേയും ഉള്‍പ്പെടുത്തിയായിരുന്നു ചാലക്കുടി മണ്ഡലം രൂപീകരിച്ചത്. മുകുന്ദപുരം പോലെ തന്നെ യു ഡി എഫിന് വ്യക്തമായ മേധാവിത്വമുണ്ടായിരുന്ന ചാലക്കുടി നടന്‍ ഇന്നസെന്റിലൂടെ ഒരു തവണ ഇടതുപക്ഷവും സ്വന്തമാക്കിയിട്ടുണ്ട്.
മുകുന്ദപുരം
പനമ്പിള്ളി ഗോവിന്ദ മേനോന്‍, സാവിത്രി ലക്ഷ്മണ്‍, പിസി ചാക്കോ, എസി ജോസ് മുതല്‍ കെ കരുണാകരന്‍ വരേയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ലോക്സഭയിലേക്ക് വിജയിച്ച് കയറിയിട്ടുള്ള മണ്ഡലമായിരുന്നു മുകുന്ദപുരം. ഈ ബാലാനന്ദന്‍, ലോനപ്പന്‍ നമ്പാടന്‍ തുടങ്ങിയ സി പി ഐ നേതാക്കളും മുകുന്ദപുരത്ത് നിന്നും വിജയിച്ചിട്ടുണ്ട്.

മുകുന്ദപുരത്ത് നിന്നും വിജയിച്ചവർ മാത്രമല്ല തോറ്റവരും ഏറെ പ്രമുഖരായിരുന്നു. പത്മജ വേണുഗോപാല്‍, പി ഗോവിന്ദപിള്ള, പി വിശ്വനാഥ മേനോന്‍, എംഎം ലോറന്‍സ് എന്നിവരാണ് മുകുന്ദപുരത്ത് നിന്നും മത്സരിച്ച് പരാജയപ്പെട് പ്രമുഖ നേതാക്കള്‍. ഇഎംഎസിന്റെ മകനും സിപിഎം നേതാവുമായിരുന്ന ഇ.എം.ശ്രീധരനെ പരാജയപ്പെടുത്തിയായിരുന്നു 1999 ല്‍ കെ കരുണാകരന്‍ ലോക്സഭയിലേക്ക് വിജയിച്ചത്.
ചാലക്കുടിയുടെ ചരിത്രം
2008 ല്‍ മണ്ഡലം പിറവികൊണ്ടതിന് ശേഷം നടന്ന 2009 ലെ ആദ്യ ലോക്സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനൊപ്പമായിരുന്നു ചാലക്കുടി സീറ്റുറപ്പിച്ചത്. കോണ്‍ഗ്രസിലെ കെപി ധനപാലനായിരുന്നു വിജയി. സി പി എമ്മിലെ യു പി ജോസഫിനെതിരെ എഴുപതിനായിരത്തിലേറെ വോട്ടിനായിരുന്നു ധനപാലന്റെ വിജയം. 2014 ല്‍ ഇന്നസെന്റിനെ സ്വതന്ത്രനായി രംഗത്ത് ഇറക്കിയ ഇടത് തന്ത്രം വിജയിക്കുകയും സീറ്റ് യു ഡി എഫിന് നഷ്ടമാകുകയും ചെയ്തിരുന്നു.
2019 ല്‍ വീണ്ടും യൂ ഡി എഫ്
2019 ല്‍ എല്‍ ഡി എഫ് ഇന്നസെന്റിനെ ഒരിക്കല്‍ കൂടെ സ്ഥാനാർത്ഥിയാക്കിയപ്പോള്‍ മണ്ഡലം തിരികെ പിടിക്കാനായി യു ഡി എഫ് നിയോഗിച്ചത് ബെന്നി ബെഹനാനെയായിരുന്നു. എ ആർ രാധാകൃഷ്ണന്‍ ബി ജെ പി സ്ഥാനാർത്ഥിയുമായി. ഫലം പുറത്ത് വന്നപ്പോള്‍ 132274 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു ഡി എഫ് മണ്ഡലം തിരികെ പിടിച്ചു. ബെന്നി ബഹനാന് 473444 വോട്ടും ഇന്നസെന്റിന് 341170 വോട്ടുമായിരുന്നു ലഭിച്ചത്. 128996 വോട്ട് നേടിയ എ ആർ രാധാകൃഷ്ണന്‍ മണ്ഡലത്തിലെ ബി ജെ പി വോട്ട് ആദ്യമായി ഒരു ലക്ഷം കടത്തുകയും ചെയ്തു.
ഇത്തവണത്തെ അങ്കം
യു ഡി എഫ് ഇത്തവണയും വിശ്വാസം അർപ്പിച്ചിരിക്കുന്നത് ബെന്നി ബഹനാനിലാണ്. സ്ഥാനാർത്ഥിത്വം നേരത്തെ തന്നെ ഉറപ്പിച്ച അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ മണ്ഡലത്തില്‍ സജീവമായിരുന്നു. മുന്‍ മന്ത്രിയും ജനീകയ മുഖവുമായ പ്രൊഫസർ സി രവീന്ദ്രനാഥിനെ രംഗത്ത് ഇറക്കിയാണ് സി പി എം ഇത്തവണ കരുത്ത് കാട്ടാന്‍ ശ്രമിക്കുന്നത്. എന്‍ ഡി എയില്‍ ബി ഡി ജെ എസിനാണ് ഇത്തവണ ചാലക്കുടി സീറ്റ് കൈമാറിയിരിക്കുന്നത്. കെ എം ഉണ്ണികൃഷ്ണനാണ് അവരുടെ സ്ഥാനാർത്ഥി.
തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് ചാലക്കുടി ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. ഇതില്‍ കൈപമംഗലം, കൊടുങ്ങല്ലൂർ, കുന്നത്തുനാട് എന്നീ മണ്ഡലങ്ങള്‍ മാത്രമാണ് എല്‍ ഡി എഫിന്റെ കൈവശമുള്ളത്. ചാലക്കുടി, പെരുമ്പാവൂർ, അങ്കമാലി, ആലുവ എന്നിവ യു ഡി എഫ് മണ്ഡലങ്ങളാണ്.












Click it and Unblock the Notifications