3 മാസം മുമ്പെ പണിതുടങ്ങി, പഞ്ചായത്തടിസ്ഥാനത്തില്‍ ചുമതല; ചേലക്കരയില്‍ ബിജെപിയുടെ തൃശൂര്‍ മോഡല്‍?
തൃശൂര്‍: ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിപ്പിച്ച ഒന്നായിരുന്നു തൃശൂരിലെ ബിജെപിയുടെ വിജയം. ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്ന് ബിജെപിയുടെ താമര ചിഹ്നത്തില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥി ജയിച്ച് ലോക്‌സഭയില്‍ എത്തുന്നത്. 2016 ല്‍ ആദ്യമായി കേരള നിയമസഭയില്‍ ബിജെപിക്ക് ഒരു അംഗമുണ്ടായിരുന്നു. എന്നാല്‍ 2021 ല്‍ ആ സീറ്റ് നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചില്ല.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കന്നി വിജയം ബിജെപി കേന്ദ്രങ്ങളിലാകെ വലിയ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. തൃശൂര്‍ പൂരം വിവാദം അടക്കമുള്ള വിഷയങ്ങള്‍ തൃശൂരില്‍ സുരേഷ് ഗോപിക്ക് സഹായകരമായി എന്ന വിലയിരുത്തലുണ്ടെങ്കിലും അടിത്തട്ടില്‍ ബിജെപി സംഘടാനപരമായി കാര്യമായ പ്രവര്‍ത്തനം നടത്തിയിരുന്നു. വിഎസ് സുനില്‍ കുമാര്‍, കെ മുരളീധരന്‍ എന്നിവരെ പോലുള്ള മഹാമേരുക്കളെ പരാജയപ്പെടുത്താന്‍ സുരേഷ് ഗോപിക്ക് സാധിച്ചത് അതിന്റെ കൂടി ഫലമായിട്ടാണ്.

തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പിലും ബിജെപി സമാനമായ പ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നത് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിന് കീഴില്‍ പുതുതായി ചേര്‍ത്ത മിക്ക വോട്ടുകളും ബിജെപിക്ക് അനുകൂലമായിരുന്നു. സമാനമായി ചേലക്കരയിലും വ്യാപകമായി വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ട്. ഇതില്‍ സിംഹഭാഗവും ബിജെപിക്ക് അനുകൂലമായിരിക്കും എന്നാണ് ബിജെപി വൃത്തങ്ങള്‍ തന്നെ പറയുന്നത്.
'ചേലക്കര നിയോജക മണ്ഡലം തൃശൂര്‍ ലോക്സഭാ മണ്ഡലത്തിന് കീഴില്‍ ആയിരുന്നു എങ്കില്‍ ഇവിടെ 10000 വോട്ടിന്റെ ലീഡ് ലഭിക്കുമായിരുന്നു. തൃശൂരിന്റെ എല്ലാ അലയൊലികളും ഇവിടെയുണ്ടാകും. തൃശൂരിലെ എല്ലാ ടീമും അവിടത്തെ പ്രവര്‍ത്തനത്തിന് ശേഷം ഇവിടെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. അതുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാന കാര്യങ്ങളും പാര്‍ട്ടി ചെയ്തിട്ടുണ്ട്,' ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
മണ്ഡലത്തില്‍ ബൂത്ത് സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട് എന്നും പുതിയ വോട്ടര്‍മാരെ ചേര്‍ത്തി ഒരു പാര്‍ട്ടിക്ക് ചെയ്യാന്‍ പറ്റാവുന്ന എല്ലാ കാര്യങ്ങളും വളരെ മുന്‍കൂട്ടി കണ്ട് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് നമ്മളെ സംബന്ധിച്ച് ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ് എന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
പുതുതായി ചേര്‍ക്കപ്പെട്ട 70 ശതമാനം വോട്ടുകളും തങ്ങള്‍ക്ക് ലഭിക്കും എന്നാണ് വിശ്വാസം എന്ന് പേര് വെളിപ്പെടുത്താത്ത ഒരു പ്രാദേശിക ബിജെപി നേതാവ് വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ അടിസ്ഥാന സൗകര്യ വികസനങ്ങളില്ലാതെ കഷ്ടപ്പെടുന്ന ഒരു മണ്ഡലമണിത്. അവരില്‍ ഒരു മാറ്റത്തിന്റെ പ്രതീതി സൃഷ്ടിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചിട്ടുണ്ട്.
ഇത് തങ്ങള്‍ക്ക് ഗുണകരമാകും എന്നും അദ്ദേഹം പറഞ്ഞു. 'തൃശൂരിലേത് പോലെ ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ നിന്ന് വലിയ പിന്തുണ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നുണ്ട്. മുസ്ലീം സമൂഹത്തിന് മുന്‍പുണ്ടായിരുന്ന അയിത്തം തങ്ങളോട് ഇപ്പോള്‍ ഇല്ല. വോട്ട് തേടി പോകുമ്പോള്‍ വീട്ടിലേക്ക് ക്ഷണിക്കാനും ഭക്ഷണം തരാനും തരുന്ന തരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് സ്വീകരണം ലഭിക്കുന്നുണ്ട്,' ചേലക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന നേതാവ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓരോ നിയോജകമണ്ഡലം കേന്ദ്രീകരിച്ചായിരുന്നു ബിജെപി നേതാക്കള്‍ക്ക് ചുമതല വിഭജിച്ച് നല്‍കിയിരുന്നത്. എന്നാല്‍ ചേലക്കരയില്‍ ഓരോ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ബിജെപി നേതാക്കള്‍ക്ക് ചുമതല വിഭജിച്ച് നല്‍കിയിരിക്കുന്നത്. ബൂത്ത് തലത്തില്‍ വരെ ജില്ലാ നേതാക്കള്‍ എത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് മാസം മുന്‍പ് തന്നെ ബിജെപി ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ആരംഭിച്ചിരുന്നു. 2021 ല്‍ ഷാജുമോന്‍ വട്ടേക്കാട് ആയിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥി. അന്ന് ബിജെപിക്ക് 24045 വോട്ട് മാത്രമാണ് ലഭിച്ചത്. 15.68 ശതമാനം വോട്ടാണ് പാര്‍ട്ടി സമാഹരിച്ചത്. 2016 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 1000 ത്തോളം വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചിരുന്നത്.












Click it and Unblock the Notifications