ചേലക്കര രമ്യ കൊണ്ടുപോകുമോ? യുആർ പ്രദീപില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ എല്‍ഡിഎഫും, ബിജെപി നോട്ടം 30000 ത്തിലേക്ക്
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയും ചേലക്കരയില്‍ തികഞ്ഞ വിജയ പ്രതീക്ഷയുമായി എല്‍ ഡി എഫും യു ഡി എഫും. മണ്ഡലം പിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബി ജെ പി നേതൃത്വവും പറയുന്നു. 1996 മുതല്‍ ഇടതുകോട്ടയാണ് ചേലക്കര. ഏറ്റവും പ്രതികൂലമായ കാലാവസ്ഥയില്‍ നടന്ന കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പോലും അയ്യായിരത്തിലേറെ വോട്ടിന്റെ ലീഡ് നല്‍കിയ മണ്ഡലം ഇത്തവണയും നിലനിർത്താന്‍ സാധിക്കുമെന്നാണ് എല്‍ ഡി എഫ് വിലയിരുത്തുന്നത്.
മുന്‍ എം എല്‍ എ കൂടിയായ യുആർ പ്രദീപ് എന്ന ജനകീയ നേതാവ് തന്നെയാണ് ചേലക്കരയില്‍ ഇടതുപക്ഷത്തിന്റെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നത്. തുടക്കത്തില്‍ 20000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നെങ്കിലും ഏറ്റവും അവസാനത്തെ കണക്ക് കൂട്ടലുകള്‍ പ്രകാരം 10000-15000 വരേയുള്ള ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിർത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മണ്ഡലം ഏതെങ്കിലും സാഹചര്യത്തില്‍ കൈവിടുകയാണെങ്കില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ അത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകയും പാർട്ടിക്കും മുന്നണിക്കും വലിയ ക്ഷീണമായി മാറുകയും ചെയ്യും. സംസ്ഥാനത്തിന്റെ കൃത്യമായ വിലയിരുത്തല്‍ കൂടിയായും ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടും.

യു ഡി എഫിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഇത്തവണ അട്ടിമറിയുണ്ടാകുമെന്ന ഉറച്ച് വിശ്വാസത്തിലാണ് അവർ. രമ്യ ഹരിദാസിനായി മികച്ച രീതിയിലുള്ള സംഘടന പ്രവർത്തനം കാഴ്ചവെച്ചു. പാർട്ടിക്ക് സ്വാധീനമില്ലാതിരുന്ന മേഖലകളിലേക്ക് വരെ കടന്ന് ചെല്ലാന്‍ ഇത്തവണ സാധിച്ചിട്ടുണ്ട്. കെ രാധാകൃഷ്ണന്‍ മത്സരിച്ചിട്ട് പോലും ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫും യു ഡി എഫും തമ്മിലുള്ളത് അയ്യായിരം വോട്ടിന്റെ വ്യത്യാസമാണ്. ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ സർക്കാർ വിരുദ്ധ മനോഭാവം കൂടുതല്‍ ശക്തമായി. ഏറ്റവും അവസാനത്തെ വിലയിരുത്തല്‍ പ്രകാരം അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫ് കണക്കാക്കുന്നത്.
50000 വോട്ടുകള്‍ വരെ നേടുമെന്ന് സ്ഥാനാർത്ഥികളും ബി ജെ പി നേതാക്കളും അവകാശപ്പെടുന്നുണ്ടെങ്കിലും 30000 വോട്ടെങ്കിലും നേടുകയെന്നതാണ് ലക്ഷ്യം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ വോട്ട് ഉയർത്താന്‍ അവർക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണയും ആ ട്രെന്‍ഡ് അവർ പ്രതീക്ഷിക്കുന്നു. ബി ജെ പി 30000 വോട്ടുകള്‍ പിടിക്കുകയാണെങ്കില്‍ മത്സരം കൂടുതല്‍ ശക്തമാക്കും.












Click it and Unblock the Notifications