മുഖ്യമന്ത്രി ചോദിക്കുന്നു; എന്തിനാണീ ഹര്‍ത്താല്‍?
തിരുവനന്തപുരം: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പ്രശംസിച്ച ഇടതുപക്ഷം ഇപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നത് എന്തിനാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു. സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് കൊണ്ട് എഴുതിയ കത്ത് എന്റെ പക്കലുണ്ട്. എന്നിട്ടും ജനങ്ങളെ ദ്രോഹിക്കാനായി മാത്രം എന്തിനാണ് എല്‍ ഡി എഫ് ഈ ഹര്‍ത്താല്‍ നടത്തുന്നത്. ഇതിന്റെ കാരണം ജനങ്ങളോട് വിശദീകരിക്കാന്‍ ഇടതുപക്ഷം തയ്യാറാകണം.
900 കോടി രൂപയുടെ നഷ്ടമാണ് ഹര്‍ത്താല്‍ കാരണം കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതിന് ആര് സമാധാനം പറയും. എല്ലാവരുടെയും വികാരം ഉള്‍ക്കൊണ്ടുകൊണ്ട് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി റിപ്പോര്‍ട്ട് നടപ്പാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവസരം ഉണ്ടായിരുന്നു.

രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ട് ഇടതുപക്ഷം ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ അന്നാരും ഒന്നും പറഞ്ഞില്ല. എതിരഭിപ്രായം പറഞ്ഞത് ബി ജെ പി മാത്രമാണ്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം എന്നായിരുന്നു ബി ജെ പിയുടെ ആവശ്യം. എന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. കസ്തൂരി രംഗന്‍ കമ്മീഷനെ ഇതിനായി നിയോഗിച്ചതും പഠിച്ചതും ഈ സാഹചര്യത്തിലാണ്.
എന്നാല്‍ അപ്പോഴൊന്നും ഇടതുപക്ഷം ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചുകൊണ്ട് പിണറായി വിജയന്‍ എനിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ തിരുത്തി. ഇത് പിണറായി വിജയന്‍ തന്നെ അംഗീകരിച്ച കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി പ്രതിഷേധങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. തികച്ചും രാഷ്ട്രീയപരമായ ലക്ഷ്യങ്ങളാണ് ഇതിന് പിന്നില്‍ - മുഖ്യമന്ത്രി കുറ്റപ്പെടുത്തി.












Click it and Unblock the Notifications