സ്ത്രീധനം ചോദിക്കുന്നവനോട് താന്‍ പോടോ' എന്ന് പറയാനുള്ള കരുത്ത് പെണ്‍കുട്ടികള്‍ക്ക് വേണം: മുഖ്യമന്ത്രി
തൃശ്ശൂർ: സ്ത്രീധനത്തിന്റെ പേരില്‍ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനം ചോദിക്കുന്നവരോട് 'താന്‍ പോടോ' എന്ന് പറയാനുള്ള കരുത്ത് പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പറയുന്നു പെണ്‍കുട്ടിക്കൊപ്പം നില്‍ക്കാന്‍ കുടുംബവും തയ്യാറാകണം. മാത്രവുമല്ല സ്ത്രീധനം ചോദിക്കാന്‍ പാടില്ലെന്ന് പൊതുബോധം ആണ്‍കുട്ടികള്‍ക്ക് ഉണ്ടാവണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
കൊച്ചിയിൽ നവകേരള സദസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വത്തോടൊപ്പം ശക്തമായ നടപടികളും സ്വീകരിക്കാൻ കഴിയണ. കൊല്ലത്തെ വിസ്മയയുടെ മരണത്തിലടക്കം ശക്തമായ നടപടികളാണ് ഉണ്ടായത്. സ്ത്രീധനത്തിനെതിരേ ശക്തമായ പൊതുബോധം ഉണ്ടാക്കി കൊണ്ടുവരാൻ സമൂഹത്തിന് കഴിഞ്ഞാൽ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മതനിരപേക്ഷതയാണ് എല്ലാ വിഭാഗങ്ങൾക്കും രക്ഷ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചാലക്കുടി മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഐക്യവും ഒരുമയും നിലനിർത്താൻ ആവശ്യമായ മതനിരപേക്ഷതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷ സർക്കാറിനുള്ളത്.
കേന്ദ്രസർക്കാർ സഹായം ലഭിക്കാത്തതിൽ നാട് ഉയർത്തുന്ന പ്രതിഷേധമാണ് നവകേരള സദസ്സ് വേദികളിൽ എത്തുന്ന പതിനായിരങ്ങൾ. പ്രതിപക്ഷത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങിയതിന്റെ ഫലമാണ് കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ എടുത്ത തീരുമാനം. സ്വന്തം നാടിനായി വൈകിയാണെങ്കിലും ശബ്ദിക്കാൻ തയ്യാറായത് നവകേരള സദസ്സിന്റെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാഹോദര്യവും മതനിരപേക്ഷതയും കേരളമെന്നും ഉയർത്തിപ്പിടിക്കുന്നു. മണിപ്പൂരിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ കേരളത്തിൽ വിദ്യാഭ്യാസത്തിനായി എത്തിയിട്ടുണ്ട്. അമ്മയുടെ മടിത്തട്ടിൽ എത്തിയ കുഞ്ഞിനെപ്പോലെയാണവർ ഈ നാടിനെ കാണുന്നത്. ജാതിമതവർഗ്ഗഭേദമന്യേ കേരളം അവരെ സ്വീകരിച്ച് എല്ലാവിധ സൗകര്യങ്ങളും നൽകി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വേണ്ടയിടങ്ങളിൽ കേരളത്തിനുവേണ്ടി ശബ്ദമുയർത്താൻ പോലും ബന്ധപ്പെട്ടവർ തയ്യാറാവുന്നില്ല. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നില്ല. ആവശ്യങ്ങളും ഉന്നയിക്കപ്പെടുന്നില്ല. ഇത് ജനം തിരിച്ചറിയുന്നതിന്റെ അടയാളവും ഒരുമയും ഐക്യവും ശിഥിലമാക്കുന്നവർക്കുള്ള മറുപടിയുമാണ് ഓരോ നവ കേരള സദസ്സിലും കാണുന്ന ജനപ്രവാഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications