പിണറായി നാടിന് ബാധ്യത; ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ് സമാധാനം ഉറപ്പാക്കണമെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി കൊലപാതകങ്ങള്‍ ഉണ്ടാകുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷം. ആഴ്ചകള്‍ വ്യത്യാസത്തില്‍ നിരവധി കൊലപാതകങ്ങള്‍ നടന്നിട്ടും കാര്യമായ നടപടിയുണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഗ്യാലറിയിലിരുന്ന് കളി കാണുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. നാടിന്റെ സമാധാനം നഷ്ടപ്പെടുത്തുന്നതാണ് ആലപ്പുഴയിലെ കൊലപാതകങ്ങള്‍. മണിക്കൂറുകള്‍ വ്യത്യാസത്തിലാണ് എസ്ഡിപിഐയുടെയും ബിജെപിയുടെയും നേതാക്കള്‍ കൊല്ലപ്പെട്ടത്. കുറേ നാളായി ഗുണ്ടാവിളയാട്ടം നടക്കുകയാണ് സംസ്ഥാനത്ത്. ആഭ്യന്തര വകുപ്പ് പൂര്‍ണമായും പരാജയമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പിണറായി ഭരിക്കുന്ന കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറിയിരിക്കുന്നു. പാലക്കാട് സഞ്ജിത്, തിരുവല്ലയില്‍ സന്ദീപ്, തിരുവനന്തപുരത്ത് സുധീഷ് എന്നിവരൈല്ലാം കൊല്ലപ്പെട്ടിട്ടും ശക്തമായ നടപടിയുണ്ടായില്ല. ആര്‍എസ്എസും എസ്ഡിപിഐയും പരസ്പരം വെട്ടിക്കൊല്ലുമ്പോള്‍ മുഖ്യമന്ത്രി ഗ്യാലറിയിലിരുന്ന് കളി കാണുകയാണ്. ഇത്രയും അക്രമങ്ങള്‍ അരങ്ങേറിയിട്ടും പ്രതികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടിക്കാന്‍ കഴിയുന്നില്ല. പിണറായി വിജയന്‍ നാടിന് ബാധ്യതയായിരിക്കുന്നു. അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ് നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം...
ആലപ്പുഴയിലെ വർഗ്ഗീയ കൊലപാതകങ്ങൾ നാടിന്റെ സമാധാനത്തെ കെടുത്തുകയാണ്.
കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായി ഗുണ്ടാ വിളയാട്ടം ഒരു തുടർകഥയാവുകയാണ്.
പരാജയ സങ്കൽപ്പങ്ങളുടെ പൂർണ്ണതയാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും വകുപ്പും.
പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറി. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം.
നവംബർ 17 ന് RSS കാരനായ സഞ്ജിത്തിനെ പാലക്കാട് വെച്ച് വെട്ടി കൊന്നു.
ഡിസംബർ 2 ന് തിരുവല്ലയിൽ വെച്ച് CPIM കാരനായ സന്ദീപിനെ വെട്ടി കൊന്നു.
ഡിസംബർ 11 ന് തിരുവനന്തപുരത്ത് സുധീഷിനെ ലഹരി ക്വട്ടേഷൻ സംഘം വെട്ടി കൊന്നു കാല്പാദം വലിച്ചെറിഞ്ഞ സംഭവം ഞെട്ടിപ്പുക്കുന്നതായിരുന്നു .
ഡിസംബർ 19 ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ SDPIക്കാരനായ ഷാനിനെ വെട്ടി കൊന്നു
അതിന് ശേഷം BJP ക്കാരനായ രഞ്ജിത്തിനെയും വെട്ടി കൊന്നു
RSS -SDPI ഗുണ്ടാസംഘങ്ങൾ പരസ്പരം വെട്ടിക്കൊല്ലുമ്പോൾ കേരളത്തിന്റെ ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയൻ ഗ്യാലറിയിലിരുന്നു കളി കാണുന്നു. ഭരണതുടർച്ച ക്രിമിനലുകൾക്ക് എന്തും ചെയ്യുവാനുള്ള ലൈസൻസ് ആയി മാറിയിരിക്കുന്നു.
ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിൽ ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായിട്ടും അവയെ പ്രതിരോധിക്കുവാനോ കൊലപാതകത്തിന് നേതൃത്വം നല്കിയവരെയും ഉത്തരവിട്ടവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ കഴിയാത്ത ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണ്. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടിൽ സമാധാനം പുന:സ്ഥാപിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെടുന്നു.