കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ കേരളത്തില്‍? ആശങ്ക വേണ്ടെന്ന് മുഖ്യന്‍
തിരുവനന്തപുരം: കേരളത്തില്‍ ഭിക്ഷാടന മാഫിയ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും എല്ലാം ഇത് സംബന്ധിച്ച് ഒരുപാട് സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഇതില്‍ ആശങ്ക വേണ്ട എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുന്നത്. കനത്ത ജാഗ്രത പുലര്‍ത്താന്‍ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
തെറ്റിദ്ധാരണ ജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നുണ്ട്. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായി ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

ഭിക്ഷാടന സംഘങ്ങൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ട. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനും ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക വിവരശേഖരണം കാര്യക്ഷമമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടത്. മറിച്ച് സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദ്ദിക്കുകയും, അത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും മറ്റും സംശയത്തിന്റെ പേരിൽ മാത്രം ഇത്തരം സംഭവങ്ങൾ ഉണ്ടായി. തെറ്റായ പ്രവണതകളിലേക്ക് സമൂഹത്തെ നയിക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.
സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ഭരണ സംവിധാനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.












Click it and Unblock the Notifications