കുട്ടികളെ ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രികരായി അനുവദിക്കണം: ഗഡ്കരിക്ക് കത്ത് നൽകി എളമരം കരീം
ദില്ലി: പത്തുവയസുവരെയുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരനായി യാത്രചെയ്യാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് സി ഐ ടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും സി പി ഐ എം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരീം എംപി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി.
കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 128ആം വകുപ്പ് പ്രകാരം ഇരുചക്ര മോട്ടോർ വാഹനങ്ങളിൽ രണ്ടുപേർക്ക് മാത്രമേ യാത്രചെയ്യാൻ അനുമതിയുള്ളൂ. അച്ഛനമ്മമാരോടൊപ്പം ചെറിയ കുട്ടികൾ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നതുപോലും നിയമ ലംഘനത്തിന്റെ പരിധിയിൽ വരികയും അവരിൽ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നതാണ് നിലവിലെ വ്യവസ്ഥ. ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളെയാണ് ഈ വ്യവസ്ഥ ദോഷകരമായി ബാധിക്കുന്നതെന്നും എംപി കത്തില്‍ ചൂണ്ടിക്കാട്ടി.

ഇത് കേരളത്തിലുൾപ്പെടെ നിരവധിയായ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെക്കുകയുണ്ടായി. കേന്ദ്ര നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തുക മാത്രമാണ് ഈ പ്രശ്നത്തിന് പരിഹാരം. അതിനാൽ പൊതുതാല്പര്യം പരിഗണിച്ച് പത്തുവയസ് വരെയുള്ള കുട്ടികൾക്ക്, ഹെൽമെറ്റ് ഉൾപ്പെടെയുള്ള ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട്, ഇരുചക്ര മോട്ടോർ വാഹനങ്ങളിൽ മൂന്നാമത്തെ യാത്രികരായി യാത്രചെയ്യാൻ അനുവാദം നൽകണമെന്നും ഇതിനായി കേന്ദ്ര നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, എഐ കാമറകള്‍ സ്ഥാപിച്ചത് ജനങ്ങളുട ജീവന്റെ സുരക്ഷയ്‌ക്ക് വേണ്ടിയാണെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. എഐ കാമറകൾ സ്ഥാപിച്ചശേഷം സംസ്ഥാനത്ത് മോട്ടോർ വെഹിക്കിൾ കുറ്റകൃത്യങ്ങളും അപകടങ്ങളും കുറഞ്ഞു. ജനങ്ങളുടെ സുരക്ഷക്കായി ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരം സംവിധാനങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ട അവസ്ഥയാണ്. വിമർശനത്തെ ഭയന്ന് കാമറകളുടെ പ്രവർത്തനം നിർത്തിവയ്‍ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications