ലുലുവില്‍ നിന്ന് മ്യൂസിക് സിസ്റ്റവും ചൂണ്ടയും വാങ്ങി: പണം എവിടെ നിന്ന്? കുട്ടികള്‍ കവർന്നത് 2.39 ലക്ഷം
കോട്ടയം: കോട്ടയത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികള്‍ നടത്തിയ വന്‍ മോഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അംഡബര ജീവിതത്തിന് വേണ്ടി കുട്ടികള്‍ പട്ടാപ്പകല്‍ കടകുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. സംഭവത്തില്‍ 3 പേരാണ് പിടിയിലായത്. കോട്ടയം ചുങ്കത്ത് പ്രവർത്തിക്കുന്ന മരുന്ന് മൊത്തവിതരണ സ്ഥാപനമായ മെഡ്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ഞായറാഴ്ച പകലാണ് മോഷണം നടക്കുന്നത്. തിങ്കളാഴ്ച രാവിലെ കട തുറന്ന സമയത്താണ് മോഷണ വിവരം പുറത്തറിഞ്ഞത്. 2.39 ലക്ഷം രൂപയോളം കളവ് പോയതായി സ്ഥാപന നടപത്തിപ്പുകാർ പൊലീസിനെ അറിയിച്ചു.
ഗാന്ധിനഗർ പൊലീസ് ഇന്‍സ്പെക്ടർ ടി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് വിപുലമായ അന്വേഷണം തന്നെ ആരംഭിച്ചു. സ്ഥാപനത്തിലെ സി സി ടി വി ക്യാമറകള്‍ തിരിച്ചുവെച്ച നിലയിലായിരുന്നതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ തേടുന്നതിലേക്ക് പൊലീസ് കടന്നു. വിരലടയാള വിദഗ്ധരേയും ഡോഗ് സ്ക്വാഡിനേയും ഉടന്‍ തന്നെ സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു.

അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളിലേക്ക് എത്താന്‍ പൊലീസിന് സാധിച്ചു. വിദഗ്ധരായ വന്‍ കവർച്ചാ സംഘമായിരിക്കാം മോഷണത്തിന് പിന്നിലെന്നായിരുന്നു പൊലീസ് തുടക്കത്തില്‍ സംശയിച്ചിരുന്നത്. എന്നാല്‍ അന്വേഷണം എത്തി നിന്നത് പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളിലേക്കായിരുന്നു. വീട്ടുകാർ അറിയാതെ ആഡംബര ജീവിതം നടത്തുകയെന്ന ഉദ്ദേശമാണ് കുട്ടികളെ മോഷണത്തിലേക്ക് നയിച്ചത്.
അവധിദിനമായ ഞായറാഴ്ച ഉച്ചയ്ക്ക് സ്ഥാനപത്തിന്റെ ഓഫീസ് വാതില്‍ കുട്ടികള്‍ കുത്തിത്തുറക്കുകയായിരുന്നു. അലമാരയിലുണ്ടായിരുന്ന 2.34 ലക്ഷം രൂപയോടൊപ്പം ഓഫീസിലുണ്ടായിരുന്ന മൂന്ന് വിലകൂടിയ മൊബൈല്‍ ഫോണുകളും കവന്ന. മോഷ്ടിച്ച തുകയുമായി കോട്ടയത്തെ ലുലു മാളില്‍ എത്തിയ കുട്ടിസംഘത്തിലെ ഒരാള്‍ 16000 രൂപയ്ക്ക് മ്യൂസിക് സിസ്റ്റവും മറ്റൊരാള്‍ മീന്‍ പിടിക്കാന്‍ നാലായിരം രൂപയുടെ ചൂണ്ടയും വാങ്ങി. ശേഷം ഫുഡ് കോർട്ടില്‍ നിന്നും ഭക്ഷണവും കഴിച്ചാണ് സംഘം ലുലു മാളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയത്.
ചിലവാക്കിയതിന് ശേഷം ബാക്കിയുള്ള പണം സംഘത്തിലൊരാളുടെ വീടിന്റെ പാരപ്പറ്റില്‍ ഒളിപ്പിച്ചു. ഗാന്ധിനഗർ പൊലീസ് ഇവിടെ നിന്നും പണം കണ്ടെത്തി. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ബാലനീതി നിയമ പ്രകാരമുള്ള നടപടികളാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. എസ് ഐ എം എച്ച് അനുരാജ്, ടി ആര്‍ രഞ്ജിത്ത്, പി ടി അനൂപ്, കെ പ്രദീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications