'മാധ്യമങ്ങളുടെ കുത്തിത്തിരിപ്പ്'; 'കുരിശിന്റെ വഴി' തടഞ്ഞതിനെ ന്യായീകരിച്ച് ക്രൈസ്തവ സംഘടന കാസ: വിമര്‍ശനം
ഡല്‍ഹി: സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ ഓശാന ഞായര്‍ ദിനത്തില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച പൊലീസ് നടപടിയെ ന്യായീകരിച്ച് ക്രിസ്ത്യന്‍ സംഘടനയായ കാസ. ഡല്‍ഹി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്കാണ് ചടങ്ങ് നടത്താനിരുന്നത്. പത്തു കിലോമീറ്റര്‍ റോഡിലൂടെ നടത്താനിരുന്ന ചടങ്ങിന് അനുമതി ലഭിക്കാതിരുന്നതോടെ ഓള്‍ഡ് ഡല്‍ഹിയിലെ സെന്റ് മേരീസ് പള്ളി കോമ്പൗണ്ടിനുള്ളിലേക്ക് ചടങ്ങ് ചുരുക്കിയിരുന്നു.
വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ബിജെപി സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പൊലീസ് നടപടിയെ ന്യായീകരിച്ചു. ഹനുമാന്‍ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കും അനുമതി നിഷേധിച്ചിരുന്നതായി മന്ത്രി പ്രതികരിച്ചു. അതേസമയം, കത്തോലിക്ക സഭയുടെ നേതൃത്വം ഈ വിഷയത്തില്‍ മൗനത്തിലാണ്.

ഓശാന ഞായറില്‍ നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്ന് കാസ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡല്‍ഹി പൊലീസ് രാമനവമി, ദുര്‍ഗാ പൂജ തുടങ്ങിയ ആഘോഷങ്ങളുടെ ശോഭ യാത്രകള്‍ക്കും റംസാന്‍ പരിപാടികള്‍ക്കും എല്ലാം ഇത്തരത്തില്‍ ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. കുരുത്തോല പ്രദക്ഷിണം തടയുകയല്ല ഡല്‍ഹി പൊലീസ് ചെയ്തത് മറിച്ച് പഴയ ഡല്‍ഹിയിലെ സെന്റ് മേരീസ് പള്ളിയില്‍ നിന്നും സോക്രട്ട് ഹാര്‍ട്ട്‌സ് കത്തീഡ്രലിലേക്ക് പൊതു നിരത്തില്‍ കൂടി നടത്താനിരുന്ന കിലോമീറ്റര്‍ ഓളം നീളുന്ന പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിച്ചത്.
കുരുത്തോല പ്രദക്ഷിണം സാധാരണ പള്ളി കോമ്പൗണ്ടുകളില്‍ മാത്രമാണ് നടത്താറുള്ളത്, ഡല്‍ഹിയില്‍ മുന്‍കാലങ്ങളിലും അങ്ങനെ തന്നെയാണെന്ന് നടന്നിട്ടുള്ളത്. പൊതുനിരത്തിലൂടെ ഇത്തരത്തില്‍ ഒരു പരിപാടിക്ക് ഡല്‍ഹി പൊലീസ് അനുമതി തരില്ല എന്ന് അറിയാമായിരുന്നിട്ടും ഒരു വാര്‍ത്ത സൃഷ്ടിക്കുന്നതിന് വേണ്ടിയാണോ അനുമതി ചോദിച്ചത് എന്നുള്ളത് സംശയം ബാക്കി നില്‍ക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ച് കേരളത്തിലെ മാധ്യമങ്ങള്‍ ക്രിസ്ത്യാനികളെ തെറ്റിദ്ധരിപ്പിച്ച് പൊട്ടന്മാര്‍ ആക്കാന്‍ ശ്രമിക്കുകയാണെന്ന് കാസ കുറ്റപ്പെടുത്തുന്നു.
അതേസമയം കാസയുടെ ഫേസബുക്ക് പോസ്റ്റിന് വലിയ വിമര്‍ശനമാണ് കമന്റുകളായി വരുന്നത്. പൊലീസിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സ് ചൂണ്ടിക്കാട്ടുന്നു. 2022 ഏപ്രില്‍ 16 ന് ഡല്‍ഹിയിലെ ജഹാംഗീര്‍പുരി പ്രദേശത്ത് ഹനുമാന്‍ ജയന്തി ദിനത്തില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അങ്കിത് ശര്‍മ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് തുടര്‍ വര്‍ഷങ്ങളില്‍ ഹനുമാന്‍ ജയന്തി ആഘോഷം വിലക്കിയതെന്ന് അവര്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
'2022ലെ അക്രമത്തില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിരവധി മനുഷ്യര്‍ക്കും പരിക്കേറ്റു. അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തി ഡല്‍ഹി പൊലീസ് 45 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ആകെ 25 പേരെ അറസ്റ്റ് ചെയ്തു, രണ്ട് പ്രായപൂര്‍ത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തു. ഈ കാരണങ്ങള്‍ കൊണ്ടാണ് ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് ദേശീയ തലസ്ഥാനത്തെ ജഹാംഗീര്‍പുരിയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ശോഭ യാത്രയ്ക്ക് ഡല്‍ഹി പൊലീസ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി അനുമതി നിഷേധിച്ചു വരുന്നതെന്നും താര കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications