മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ തമ്പടിച്ചിരിക്കുന്നു: ഭരണസ്തംഭനമെന്ന് കെ സുരേന്ദ്രന്‍
എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഭരണ സ്തംഭനം സംഭവിച്ചിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാ മന്ത്രിമാരും തൃക്കാക്കരയില്‍ തമ്പടിച്ചിരിക്കുകയാണ്. താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെയാണ് മുഖ്യമന്ത്രി മണ്ഡലത്തില്‍ തങ്ങുന്നതെന്നും കെ സുരേന്ദ്രന്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൃക്കാക്കരയില്‍ പ്രചരണം നടത്തുന്നതിന് ആരും എതിരല്ല. എന്നാല്‍ കേരളത്തിലിപ്പോള്‍ ഭരണ സ്തംഭനമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ഇപ്പോള്‍ തൃക്കാകരയിലാണ്. 139 മണ്ഡലങ്ങളിലും ജനങ്ങളും വോട്ടർമാരും അവരുടെ കാര്യങ്ങളും ഉണ്ടല്ലോ. അത് ശരിയായ ഒരു നടപടിയല്ല. ഏതെങ്കിലും ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭരണക്കാർ എല്ലാവരും ആ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നത് നാട്ടിലെ ജനങ്ങളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോള്‍ യഥാർത്ഥത്തില്‍ കേരളത്തില്‍ ഭരണ സ്തംഭനമാണ്. അതേതായാലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

കെ റെയില്‍ ആയിരിക്കും തൃക്കാക്കരിയിലെ പ്രധാന ചർച്ചാ വിഷയം എന്നും പറഞ്ഞുകൊണ്ടാണ് ഇടതുമുന്നണി പ്രചരണം തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി രാജീവുമൊക്കെ ഇക്കാര്യം ആവർത്തിച്ചിരുന്നു. എന്നാല്‍ തിരിച്ചടി നേരിടേണ്ടി വരും എന്ന് മനസ്സിലാക്കിയപ്പോള്‍ കുറ്റി സ്ഥാപിക്കലില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്. കെ റെയിലിനെതിരായ ജനവികാരം അത്രക്ക് ശക്തമാണ് എന്നത് അവർക്ക് ബോധ്യമായി എന്നാണ് ഇത് വ്യക്തമാക്കുന്നത്. ശബരിമലക്കാലത്ത് സി പി എം സ്വീകരിച്ച അതേ അവിവേകമാണ് കെ റെയിലിന്റേയും കാര്യത്തില്‍ സി പി എം സ്വീകരിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ അവർക്ക് യൂ ടേണ്‍ അടിക്കേണ്ടി വന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തിലടക്കം സർക്കാർ വിവേചനപൂർണ്ണമായ നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. മലപ്പുറത്ത് മദ്രസ ഉദ്ഘാടന വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ആർക്കെതിരേയും നടപടയില്ല, മുജാഹിദ് ബാലുശ്ശേരി നടത്തിയ നീചമായ വർഗ്ഗീയ വിദ്വേഷ പ്രചരണത്തിനെതിരെ കേസില്ല, ഡോക്ടർ ഫസല്‍ ഗഫൂറിനെതിരേയും ഓ അബ്ദുള്ളക്കെതിരേയും കേസില്ല, പക്ഷെ പാലാ ബിഷപ്പിനും പിസി ജോർജിനുമെതിരെ കേസുണ്ട്. പിസി ജോർജ് അറസ്റ്റ് ചെയ്തു. തിരുവമ്പാടിയിലെ ഒരു വിവാഹവുമായി ബന്ധപ്പെട്ട പരാമർശത്തില്‍ മുന്‍ എം എല്‍ എയും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായി ജോർജ് എം തോമസിനെതിരെ പാർട്ടി നടപടിയെടുക്കുന്നു. ഈ ഇരട്ട നീതി ഞങ്ങള്‍ കുറച്ച് കാലമായി ജനങ്ങളുടെ മുന്നില്‍ വെക്കുന്നതാണ്. അത് സാധൂകരിക്കുന്നതാണ് സമീപകാലത്തെ സംഭവവികാസങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications