'അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു, മുഖ്യമന്ത്രി വിയര്‍ത്തു പോകും'; കെസി വേണുഗോപാൽ
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെസി വേണുഗോപാൽ. അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെസി വേണുഗോപാൽ മുഖ്യമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു. അയ്യപ്പ സംഗമം നടത്തുന്നത് സർക്കാരിന്റെ കാപട്യമാണെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
'വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണ്. ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിന് ചുക്കാന്‍ പിടിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. പമ്പയില്‍ കാലുകുത്തുമ്പോള്‍ മുഖ്യമന്ത്രി പശ്ചാത്താപഭാരം കൊണ്ട് വിയര്‍ത്തുപോകും' കെസി പറഞ്ഞു.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹവുമായി ചര്‍ച്ച നടത്താതെ കോടതി വിധി നടപ്പാക്കാനായി സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്‌ടിച്ചത് വിശ്വാസികളുടെ മനസില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. അതിന് കാരണഭൂതനായ ആളുതന്നെ ഇന്ന് ആചാര സംരക്ഷണത്തിനെന്ന പേരില്‍ അയ്യപ്പ സംഗമം നടത്തുന്നത് വിരോധാഭാസമാണെന്നും കെസി വേണുഗോപാൽ കത്തിലൂടെ പറഞ്ഞു.
സിപിഐഎമ്മിലെ ദേവസ്വം മന്ത്രിമാര്‍ അയ്യപ്പനെ കൈകൂപ്പി വണങ്ങാന്‍ തയ്യാറാകാത്തത് തന്നെ വിശ്വാസത്തോടുള്ള അനാദരവാണ്. സുപ്രീം കോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനത്തിന് ഇടത് സര്‍ക്കാര്‍ കൂട്ടുനിന്നത്. ആ സത്യവാങ്മൂലം പിന്‍വലിക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തയ്യാറുണ്ടോ? എന്നും കെസി ചോദിച്ചു.
ജനങ്ങളെ വിഡ്ഢികളാക്കി ഇത്തരമൊരു പ്രഹസനം നടത്തുന്നത് ലജ്ജാകരമാണ്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരു തരത്തിലുള്ള വികസനവുമുണ്ടായിട്ടില്ലെന്നും കെസി ആരോപിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെയിലാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ കത്ത്.
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. കുടിവെള്ളം, പമ്പാ ശുചീകരണം, ഭക്തജനത്തിരക്ക് നിയന്ത്രണം, ഗതാഗത സംവിധാനം എന്നിവ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാനിന്നും ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന സ്വര്‍ണം പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഈ സര്‍ക്കാരിന് എങ്ങനെയാണ് ഭക്തരുടെ വിശ്വാസം നേടിയെടുക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. സെപ്റ്റംബർ 20 ശനിയാഴ്‌ചയാണ് പരിപാടി നടക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. പരിപാടിയിലേക്ക് 3000 പേർക്കാണ് പ്രവേശനം അനുവദിക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടകൻ. തമിഴ്‌നാട്ടിൽ നിന്ന് ഉൾപ്പെടെ പ്രതിനിധികൾ പങ്കെടുക്കും.












Click it and Unblock the Notifications