പ്രവാസികള്‍ക്ക് തിരിച്ചടി! കേരളത്തിന്റെ മുന്‍ഗണനാ പട്ടിക കേന്ദ്രം സ്വീകരിച്ചില്ല!
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പ്രവാസികളെ തിരിച്ച് എത്തിക്കാനുളള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഗര്‍ഭിണികളും രോഗികളും അടക്കം കേരളത്തില്‍ നിന്ന് മാത്രം ലക്ഷങ്ങളാണ് മടങ്ങി വരവിന് കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്നത്.
എന്നാല്‍ പ്രവാസികളെ തീര്‍ത്തും നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്. അടിയന്തരമായി തിരിച്ച് എത്തിക്കേണ്ടവരുടെ പട്ടിക കേരളം നല്‍കിയത് കേന്ദ്രം സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മലയാളികളായ കുറച്ച് പേര്‍ക്ക് മാത്രമേ തിരിച്ചെത്താനാകൂ എന്നാണ് സൂചന. വിശദാംശങ്ങളിലേക്ക്...

കേരളത്തിന്റെ മുൻഗണനാ പട്ടിക
കേന്ദ്രം പ്രവാസികളെ ഇപ്പോള്‍ തിരിച്ച് കൊണ്ട് വരേണ്ടതില്ല എന്ന നിലപാട് എടുത്ത ഘട്ടത്തിലും അവരെ തിരിച്ച് എത്തിക്കണം എന്നാണ് കേരളം നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരുന്നത്. അടിയന്തരമായി തിരിച്ച് എത്തിക്കേണ്ടവരെ ഉള്‍പ്പെടുത്തി കേരളം മുന്‍ഗണനാ പട്ടികയും തയ്യാറാക്കി. സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇത് കേന്ദ്ര സര്‍ക്കാരിനും എംബസ്സികള്‍ക്കുമാണ് കൈമാറേണ്ടത്.

തിരിച്ചെത്തുക കുറച്ച് പേർ
എന്നാല്‍ വിദേശകാര്യ മന്ത്രാലയവും എംബസ്സികളും ഇതിനുളള സൗകര്യം ലഭ്യമാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തരമായി തിരിച്ച് എത്തിക്കേണ്ട 1,69,136 പേരുടെ പട്ടികയാണ് കേരളം തയ്യാറാക്കിയത്. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 4,42,000 പേരാണ്. എന്നാല്‍ ആകെ 80,000 പേരെ മാത്രമാണ് കേരളത്തിലേക്ക് തിരിച്ച് എത്തിക്കുന്നത് എന്നാണ് അറിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

5 ദിവസം 2250 പേർ
ആദ്യത്തെ അഞ്ച് ദിവസങ്ങളിലായി 2250 പേരെ തിരികെ എത്തിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴിയാണ് ഇവരെ തിരികെ എത്തിക്കുക. തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, തൊഴില്‍ കരാര്‍ പുതുക്കി ലഭിക്കാത്തവര്‍, ഗര്‍ഭിണികള്‍, ജയില്‍ മോചിതര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍ എന്നിവരെയെല്ലാം നാട്ടില്‍ അടിയന്തരമായി എത്തിക്കണം എന്നാണ് കേരളം ആവശ്യപ്പെട്ടത്.

കണ്ണൂർ വിമാനത്താവളം ഇല്ല
എന്നാല്‍ കേരളത്തിന്റെ ഈ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. കേരളം തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ ഉളള എല്ലാവരേയും ആദ്യഘട്ടത്തില്‍ തന്നെ തിരിച്ച് എത്തിക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം വഴി ആരെയും കൊണ്ട് വരാനാകില്ല എന്ന കേന്ദ്ര നിലപാടിനോടുളള എതിര്‍പ്പും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

7 ദിവസം സർക്കാർ ക്വാറന്റൈൻ
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത 69120 പേര്‍ കണ്ണൂരിലേക്ക് വരാന്‍ താല്‍പര്യപ്പെടുന്നവരാണ്. ഇവരെ മറ്റ് ജില്ലകളിലെ വിമാനത്താവളങ്ങളില്‍ ഇറക്കിയാല്‍ ബുദ്ധിമുട്ടാകും. ഈ പ്രശ്‌നവും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഉടനെ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കില്ല. 7 ദിവസം സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് പരിശോധിക്കണം
കൊവിഡ് പരിശോധന നടത്താതെയാണ് പ്രവാസികളെ തിരികെ കൊണ്ട് വരുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച വിവരം. എന്നാലിത് അപകടകരമാണെന്നും പരിശോധന ഇല്ലാതെ കൊണ്ടുവരുന്നത് രാജ്യത്താകെ രോഗവ്യാപനത്തിന് സാധ്യതയുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് വെച്ച് തന്നെ പ്രവാസികളെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് ലക്ഷം കിറ്റുകള്‍ക്ക് ഓർഡർ
കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി വ്യാപകമായ കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി രണ്ട് ലക്ഷം കിറ്റുകള്‍ക്കാണ് സര്‍ക്കാര്‍ ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്. അടുത്ത മാസത്തോടെ വിമാന സര്‍വ്വീസുകളുടെ എണ്ണം കൂടിയേക്കും. ആഴ്ചയില്‍ അറുപതിനായിരം പേരെങ്കിലും ഇതോടെ കേരളത്തിലേക്ക് മടങ്ങിയെത്തും എന്നും പരിശോധനകള്‍ക്ക് കേരളം സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.