ഇപിക്ക് പിന്തുണയുമായി മുഖ്യമന്ത്രി; കേന്ദ്രത്തിന് വിമർശനം..'കേരളം ഇന്ത്യക്ക് പുറത്തല്ല'
ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമായ കാര്യങ്ങൾ താൻ എഴുതാൻ ഉദ്ദേശിച്ചിട്ടില്ലെന്നും എഴുതിയ ഭാഗത്ത് അത്തരത്തിലുള്ള കാര്യങ്ങളൊന്നും ഇല്ലെന്നുമാണ് ഇപി ജയരാജൻ പറഞ്ഞതെന്ന് മുഖ്യമന്ത്രി. വ്യക്തമായ ഉദ്ദേശത്തോടെയാണ് ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ ആത്മകഥാ വിവാദം മാധ്യമങ്ങൾ ഉണ്ടാക്കിയത്. യുഡിഎഫിനെ സഹായിക്കുകയെന്നതായിരുന്നു ഇതിന് പിന്നിലെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
'വിവാദമായ കാര്യങ്ങൾ താൻ ആ പുസ്തകത്തിൽ എഴുതാൻ ഉദ്ദേശിച്ചിട്ടില്ലെന്നും എഴുതിയിട്ടില്ലെന്നുമാണ് ഇപി ജയരാജൻ പറഞ്ഞത്. സരിനെ ഇപിക്ക് അറിയുമോയെന്ന് സംശയം ഉണ്ടായിരുന്നു. കാരണം ഇപ്പോഴാണല്ലോ സരിൻ ഞങ്ങളുടെ കൂട്ടത്തിലേക്ക് വന്നത്. വാർത്ത വന്നത് സരിനെ കുറിച്ച് മോശം പറഞ്ഞുവെന്നാണ്. സരിനെ അറിയുമോയെന്ന് ജയരാജനോട് ചോദിച്ചപ്പോൾ അറിയില്ലെന്നും അറിയാത്ത ആളെ കുറിച്ച് എങ്ങനെയാണ് പുസ്തകത്തിൽ പരാമർശിക്കുകയെന്നുമാണ് ചോദിച്ചത്.ഏതൊക്കെ തരത്തിലാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്.

ജാവേദ്കറെ കണ്ട വിവാദം ചർച്ചയായത് പാർലമെന്റ് തിരഞ്ഞെടുപ്പ് ദിവസമാണ്. അന്ന് അദ്ദേഹം ജാവേദ്കറെ കണ്ട തരത്തിലാണ് വാർത്ത വന്നത്. ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തിൽ ഇത്തരത്തിലൊരു വിവാദം മെനഞ്ഞെടുക്കുന്നു. എല്ലാത്തിനും വ്യക്തമായ ഉന്നങ്ങളുണ്ട്. ബിജെപിയേയും യുഡിഎഫിനേയും സഹായിക്കാനാണ് ഈ വിവാദങ്ങൾ', അദ്ദേഹം പറഞ്ഞു.
വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുന്നതിലും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. 'കേന്ദ്രം അറിയിച്ചിരിക്കുന്നത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ല , കേരളത്തിന്റെ കൈയ്യിൽ പൈസ ഉണ്ടെന്നാണ്. ഏത് പൈസയെ കുറിച്ചാണ് കേന്ദ്രം പറയുന്നത്. ദുരന്തനിവാരണത്തിന് എപ്പോഴും സംസ്ഥാനങ്ങളുടെ കൈയ്യിൽ പൈസയുണ്ടാകും. അതിൽ 80 ശതമാനം കേന്ദ്രസർക്കാരും 20 ശതമാനം സംസ്ഥാന സർക്കാരുമാണ് ചെലവഴിക്കുക. ആ പണം ചൂണ്ടിക്കാട്ടിയാണ് വയനാടിന് സഹായം നൽകിയെന്ന് പറയുന്നത്. വയനാടിന് പ്രത്യേക സാമ്പത്തിക സഹായമാണ് തേടിയത്. അവിടെ ടൗൺഷിപ്പ് അടക്കം പലതും സൃഷ്ടിക്കേണ്ടതുണ്ട്. അതിനെല്ലാം പണം ആവശ്യമാണ്. അതിനാണ് 1200 കോടി ആവശ്യപ്പെട്ടത്. വിശദമായ കണക്കും സമർപ്പിച്ചിട്ടുണ്ട്.
കേന്ദ്രസംഘം ഇവിടെയെത്തി പരിശോധിച്ചെങ്കിലും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി വിദേശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ അർഹമായ സഹായം നൽകുമെന്നാണ് കേന്ദ്ര ധനമന്ത്രി അറിയിച്ചത്. എന്നാൽ ഇതുവരേയും സഹായം ഉണ്ടായിട്ടില്ല. വിവേചനപൂർണമായ നയമാണ് കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത്. നമ്മൾ ഈ രാജ്യത്തിന്റെ ഭാഗമാണ്. രാജ്യത്തിന് വേണ്ടി വലിയ തോതിൽ സംഭാവന ചെയ്യുന്ന നാടാണ് കേരളം. അക്കാര്യമൊന്നും കേന്ദ്രസർക്കാർ മറക്കരുത്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications