• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നെതർലൻഡ്സിൽ നഴ്സുമാർക്ക് ക്ഷാമം, 30000-40000 പേരെ വേണം, കേരളത്തിൽ നിന്ന് നൽകാമെന്ന് മുഖ്യമന്ത്രി!

ദില്ലി: കേരളത്തിലെ നഴ്‌സുമാര്‍ക്ക് വന്‍ അവസരങ്ങളുടെ വാതിലുകള്‍ തുറന്നിട്ട് നെതര്‍ലന്‍ഡ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ച. ദില്ലിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ നെതര്‍ലന്‍ഡ്‌സില്‍ 40000 വരെ നഴ്‌സുമാരുടെ ക്ഷാമം ഉളളതായി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗ് മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് നഴ്‌സുമാരുടെ സേവനം മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

നെതർലൻഡ്സിന് ആവശ്യമായ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കാൻ കേരളത്തിന് കഴിയുമെന്ന് നെതർലൻഡ്സിന്റെ ഇന്ത്യൻ സ്ഥാനപതി മാർട്ടിൻ വാൻ ഡെൻ ബർഗിനെ അറിയിച്ചു. നെതർലൻഡ്സിൽ വലിയ തോതിൽ നഴ്സുമാർക്ക് ക്ഷാമം നേരിടുന്നുവെന്നും 30000-40000 പേരുടെ ആവശ്യം ഇപ്പോൾ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടർന്നാണ് കേരളത്തിലെ നഴ്സുമാരുടെ സേവനം ഉറപ്പു നൽകിയത്.

ന്യൂഡൽഹി കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് നെതർലൻഡ്സ് സ്ഥാനപതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ നഴ്സുമാരുടെ അർപ്പണ ബോധവും തൊഴിൽ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പറഞ്ഞു. ഇത് സംബന്ധിച്ച തുടർ നടപടികൾ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.

കേരളത്തിന്റെ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായി നെതർലൻഡ്സ് രാജാവും രാജ്ഞിയും ഒക്ടോബർ 17, 18 തീയതികളിൽ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികൾ, പ്രൊഫഷണലുകൾ, സാങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന 15-20 അംഗ പ്രതിനിധി സംഘവും കൂടെയുണ്ടാകും. 40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും. കൊച്ചിയിൽ ജില്ലാ കളക്ടറും ഡെൽഹിയിൽ റസിഡന്റ് കമ്മീഷണറും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കേരള സംസ്ഥാന ആർക്കൈവ്സ് വകുപ്പും നെതർലാൻഡ്സ് ദേശീയ ആർക്കൈവ്സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും.

നെതർലൻഡിലെ റോട്ടർഡാം പോർട്ടിന്റെ സഹകരണത്തോടെ അഴീക്കൽ തുറമുഖത്തിന്റെ രൂപകല്പനയ്ക്കും വികസനത്തിനും ധാരണയായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും ധാരണയായി. നെതർലന്റ്സ് ഡെലിഗേഷന്റെ ഒക്ടോബറിലെ സന്ദർശനവേളയിൽ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കാനാകും. നെതർലൻഡ്സ് സന്ദർശന വേളയിൽ നെതർലൻഡ്‌സുമായി സഹകരിച്ച് തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആർക്കൈവ്സിന്റെ വികസനവും നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ കാൽവെയ്പ്. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ പൂർത്തിയായിവരുകയാണെന്നും അദ്ദേഹത്തെ അറിയിച്ചു.

കേരളത്തിന്റെ പ്രകൃതി ഭംഗി ആകർഷകമാണെന്ന് പറഞ്ഞ സ്ഥാനപതി കാർഷിക രംഗത്തും പുഷ്പകൃഷിയിലും നെതർലൻഡ്സിനുള്ള വൈദഗ്ദ്ധ്യം കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്നും അഭിപ്രായപ്പെട്ടു. കേരളത്തെ പച്ചക്കറി- പുഷ്പ മേഖലയിലെ മികവുറ്റ കേന്ദ്രമാക്കി മാറ്റാനും നെതർലൻഡ്സ് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിൽ നിക്ഷേപം നടത്താൻ ഡച്ച് കമ്പനികൾക്ക് താല്പര്യമുണ്ടെന്ന വിവരവും അദ്ദേഹം അറിയിച്ചു. ഇന്ത്യയുമായുള്ള ഡച്ച് ബന്ധത്തിന്റെ തുടക്കം കേരളത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഹോറിത്തൂസ് മലബാറിക്കസിന്റെ ഇംഗ്ലീഷ് എഡിഷൻ കേരള സർവകലാശാല പുറത്തിറക്കിയിട്ടുണ്ടെന്നും ഇതിന്റെ പ്രത്യേക ഗിഫ്റ്റ് എഡിഷൻ തയ്യാറാക്കി വരുകയാണെന്നും സ്ഥാനപതിയെ അറിയിച്ചു. പുസ്തകത്തിന്റെ കോപ്പി നെതർലാൻഡ്സ് ഭരണാധികാരിക്ക് എത്തിച്ചു കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. കേരളവുമായി നെതർലൻസിനുള്ള ദീർഘകാല ബന്ധത്തിന്റെ പ്രതീകമാണ് ഹോർത്തൂസ് മലബാറിക്കസ് എന്ന് സ്ഥാനപതി പ്രതികരിച്ചു

English summary
CM Pinarayi Vijayan offers the service of nurses from Kerala to Netherlands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X