'കേന്ദ്രം കേരളത്തോട് പക പോക്കുകയാണ്, അമിത് ഷാ നുണ പറയുന്നു'; സുരേഷ് ഗോപിയേയും വിമർശിച്ച് പിണറായി
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ സഹായം വൈകുന്ന പശ്ചാത്തലത്തിൽ കേന്ദ്രത്തെയും കേരളത്തിലെ ബിജെപി എംപി സുരേഷ് ഗോപിയേയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനായി കേരളത്തിൽ നിന്നുളള ബിജെപി എംപി ഒഴികെ ബാക്കി മുഴുവൻ എംപിമാരും ഒന്നിച്ചു നിന്നുവെന്നായിരുന്ന പിണറായി പറഞ്ഞത്. സുരേഷ് ഗോപിയുടെ പേരെടുത്ത് പറയാതെയായിരുന്നു പരോക്ഷ വിമർശനം.
വയനാട്ടിൽ ടൗൺഷിപ്പ് ഉയരുമെന്ന മുൻ പ്രഖ്യാപനം പിണറായി ഇന്നും ആവർത്തിച്ചു. ദുരന്തത്തിന് പിന്നാലെ സഹായം വാഗ്‌ദാനം ചെയ്‌ത ഒരുപാട് വ്യക്തികളും സംഘടനകളും സർക്കാരുകളുമുണ്ട്. വയനാട്ടിൽ ടൗൺഷിപ്പ് ഉയരും. നടപ്പാക്കാൻ പറ്റുന്നതേ ഇടത് സർക്കാർ പറയാറുള്ളൂ. ലോകത്തിന് മാതൃകയായ ടൗൺഷിപ്പ് തന്നെ നിർമ്മിക്കും; മുഖ്യമന്ത്രി തന്റെ നിലപാട് ആവർത്തിച്ചു.

കേന്ദ്രം കേരളത്തോട് പക പോക്കുകയാണെന്നും പിണറായി ആരോപിച്ചു. കേരളത്തിൽ സ്ഥാനമുറപ്പിക്കാൻ കഴിയാത്തതിന്റെ ശത്രുതയാണ് ബിജെപിക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎമ്മിനെ തകർക്കാനുള്ള ഗവേഷണം നടക്കുന്നു. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം മുടക്കാൻ ബിജെപി ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നുണപറയുകയാണെന്നും പിണറായി പറഞ്ഞു. എംപിമാർ നൽകിയ നിവേദനത്തിന് വസ്‌തുത വിരുദ്ധമായ മറുപടിയാണ് അമിത് ഷാ നൽകിയത്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ പറയാൻ പാടില്ലാത്ത നുണയാണ് അദ്ദേഹം പറയുന്നത്. എങ്കിലും ഇനിയും കേന്ദ്രത്തോട് സംസാരിക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു.
അല്ലാതെ എന്താണ് ചെയ്യുക? മറ്റ് സംസ്ഥാനങ്ങൾക്ക് പണം നൽകുന്നതിൽ കേരളത്തിന് എതിർപ്പില്ല. കേരളവും അതുപോലെ ഒരു സംസ്ഥാനമല്ലേ. കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമായ പണം അനുവദിക്കണ്ടേ. ഇതൊക്കെ ജനങ്ങൾ തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു. വിഷയത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് കേന്ദ്രത്തിനെതിരെ പിണറായി സ്വരം കടുപ്പിക്കുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനത്തിന് തിരിച്ചടയ്‌ക്കേണ്ട പണത്തിന്റെ കണക്കുകൾ കേന്ദ്രം ആവശ്യപ്പെട്ടത് പുറത്തുവന്നിരുന്നു. പ്രളയം മുതൽ വയനാട് ഉരുൾപൊട്ടൽ ദുരന്തം വരെ എയർലിഫ്റ്റിങ്ങിന് ചിലവായ തുക തിരിച്ചടയ്ക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം 132 കോടിയോളം രൂപയാണ് കേരളം തിരിച്ചടക്കേണ്ടി വരിക.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എയര്‍ മാര്‍ഷല്‍ വിക്രം ഗൗറാണ് ഇത് സംബന്ധിച്ച കത്ത് പുറത്തുവന്നത്. ഇത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ദുരിതാശ്വാസ ഭാഗമായി സംസ്ഥാനം കേന്ദ്രത്തോട് പണം തേടിയിരിക്കുന്ന സമയത്താണ് മുൻകാല കണക്കുകൾ ചൂണ്ടിക്കാട്ടി കേന്ദ്രം അങ്ങോട്ട് പണം ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications