കേരളം കൂടുതല്‍ ഉയരങ്ങളിലെത്തും; കൂട്ടായ്മയിലൂടെ നേടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിച്ചു നവകേരളം സാധ്യമാക്കണമെന്നും ഒരുമയും ഐക്യവും കൊണ്ട് ഇതു നേടിയെടുക്കാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷം കേരളത്തിലുണ്ടായ മാറ്റങ്ങളെ മറച്ചുപിടിച്ചാണു ചിലര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. കേരളം ഒരു മേഖലയിലും പിന്നോട്ടുപോയിട്ടില്ല, ഒരിടത്തും മരവിച്ചു നിന്നിട്ടുമില്ല - കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വരുന്ന 25 വര്‍ഷംകൊണ്ടു ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ മധ്യവരുമാന രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്കു കേരളത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏഴു വര്‍ഷമായി സര്‍ക്കാര്‍ തുടരുന്ന വികസന പദ്ധതികള്‍ സംസ്ഥാനത്തെ ഈ ലക്ഷ്യത്തിലേക്കു കൂടുതല്‍ അടുപ്പിക്കുകയാണ്.

വലിയ നിരാശ ബാധിച്ചവരായിരുന്നു 2016നു മുന്‍പ് ഇവിടെയുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ ഒരു മാറ്റവുമുണ്ടാകില്ലെന്നും മാറ്റം പ്രതീക്ഷിക്കേണ്ടെന്നും കരുതിയവര്‍ നിരവധിയായിരുന്നു. നാടിന്റെ അഭിമാന രംഗങ്ങളായിരുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ പിന്നോട്ടുപോക്കും സാംസ്‌കാരിക നിലവാരത്തിലുണ്ടായ ജീര്‍ണതകളും അഴിമതിയുമൊക്കെ ഇതിനു കാരണമായി.
ഈ നിലയില്‍നിന്നാണ് ഇന്നു കാണുന്ന കേരളം ഉയിര്‍ത്തെഴുന്നേറ്റത്. എല്ലാ ദുരന്തങ്ങളേയും അതിജീവിച്ചു കേരളം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ മുന്നേറ്റത്തെ താഴ്ത്തിക്കാണിക്കാനായി നുണ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പെന്‍ഷനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ത്തുന്ന ചില കാര്യങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. 2016ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 1473.67 കോടി രൂപ വിവിധ പെന്‍ഷന്‍ ഇനങ്ങളില്‍ കുടിശ്ശികയായിരുന്നു.
രണ്ടു വര്‍ഷം വരെ പെന്‍ഷന്‍ കിട്ടാത്തവര്‍ അക്കാലത്തുണ്ടായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്ക് 99.69 കോടി രൂപ, വാര്‍ധക്യ പെന്‍ഷന്‍ 803.85 കോടി രൂപ, വികലാംഗ പെന്‍ഷന്‍ 95.11 കോടി, അവിവാഹിത പെന്‍ഷന്‍ 25.97 ലക്ഷം, വിധവാ പെന്‍ഷന്‍ 449 കോടി എന്നിങ്ങനെയായിരുന്നു കണക്കുകള്‍. ഈ കുടിശ്ശികയെല്ലാം പുതിയ സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തു. 600 രൂപയായിരുന്ന പെന്‍ഷന്‍ തുക 1600 രൂപയാക്കി ഉയര്‍ത്തി. 18997 കോടി രൂപ സാമൂഹ്യ പെന്‍ഷനായി വിതരണം ചെയ്തു. എല്ലാ പെന്‍ഷനുകളും കൃത്യമായി നല്‍കുന്നു. പാവങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരാണെന്നതുകൊണ്ടാണ് ഇതു സ്വീകരിക്കുന്നത്. അതാണ് സര്‍ക്കാരിന്റെ നയം.
ചെറിയ കാര്യങ്ങളില്‍പ്പോലും പ്രത്യേക ശ്രദ്ധ നല്‍കി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വലിയ മാറ്റമാണു നാട്ടിലുണ്ടാക്കിയത്. 2016ലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നെല്‍കൃഷി വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തി. ഓരോ പ്രദേശത്തുമുള്ള തരിശുനിലങ്ങള്‍ കൃഷി ഭൂമിയാക്കാന്‍ നടത്തിയ ശ്രമങ്ങളോടു ജനങ്ങള്‍ പൂര്‍ണമായി സഹകരിച്ചു. അതിന്റെ ഫലമായി 1,70000 ഹെക്ടര്‍ സ്ഥലത്തുണ്ടായിരുന്ന നെല്‍കൃഷി ഇപ്പോള്‍ 2,23,000 ഹെക്ടറായിരിക്കുന്നു. ഉത്പാദന ക്ഷമതയും വര്‍ധിച്ചു. പച്ചക്കറി ഉത്പാദനത്തിലും വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ ജി.ഡി.പി. മുന്‍ വര്‍ഷത്തേക്കാള്‍ 12.01 ശതമാനം ഉയര്‍ന്നു. പ്രതിശീര്‍ഷ വരുമാനം അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയായി. കേരളം പിന്നോട്ടു പോയിട്ടില്ലെന്നതിന്റെ വ്യക്തമായ കണക്കാണിത്. നൂറ്റാണ്ടിലെ മഹാപ്രളയവും അതിനു ശേഷമുണ്ടായ അതിരൂക്ഷ കാലവര്‍ഷക്കെടുതിയും നാടിനെ തകര്‍ത്തെറിഞ്ഞ അവസ്ഥയില്‍ തലയില്‍ കൈവച്ചു നിലവിളിക്കാനായിരുന്നില്ല കേരളം തയാറായത്. വികസനത്തിലൂന്നി, ഒരുമയോടെയും ഐക്യത്തോടെയും പ്രതിസന്ധികളെ അതിജീവിച്ചു. ഈ അതിജീവനത്തിന്റെ കണക്കാണ് ആഭ്യന്തര വരുമാനത്തിലുണ്ടായ ഈ വളര്‍ച്ച.
നാട്ടിലെ യുവാക്കള്‍ 2016ല്‍ വലിയ നിരാശയിലായിരുന്നു. തൊഴിലില്ലായ്മ പെരുകി. വികസനമില്ലാത്ത അവസ്ഥ വന്നു. ഇക്കാര്യത്തിലും ഇപ്പോള്‍ വലിയ മാറ്റമുണ്ടായിരിക്കുന്നു. 12 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് അഞ്ചു ശതമാനത്തിലേക്കു താഴ്ന്നു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ പദ്ധതിയിലൂടെ ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം 1,40,000 ല്‍ എത്തി. നിക്ഷേപത്തിനു താത്പര്യപ്പെട്ട് ധാരാളം ആളുകള്‍ ഇപ്പോള്‍ വരുന്നു. അതില്‍ത്തന്നെ നല്ലൊരു ഭാഗം സ്ത്രീകളാണ്. 8500 കോടിയോളം രൂപയുടെ നിക്ഷേപമാണ് സംരംഭക വര്‍ഷത്തിലൂടെയുണ്ടായത്. മൂന്നു ലക്ഷത്തോളം പേര്‍ക്കു തൊഴിലവസരവും ഇത് ഒരുക്കുന്നു.
വികസന പദ്ധതികള്‍ക്കു പണം കണ്ടെത്തുന്നതിനായാണ് 2016ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കിഫ്ബി പുനരുജ്ജീവിപ്പിച്ചത്. 2021നുള്ളില്‍ 50,000 കോടിയുടെ പശ്ചാത്തല വികസന പദ്ധതികളായിരുന്നു ലക്ഷ്യംവച്ചിരുന്നത്. 62,000 കോടി രൂപയുടെ പദ്ധതികള്‍ക്കു തുടക്കമിട്ടു. ഈ രണ്ടു വര്‍ഷം കൊണ്ട് 18,000 കോടിയുടെ പദ്ധതി. അങ്ങനെ ഏഴു വര്‍ഷംകൊണ്ട് 80,0000 കോടിയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, അതിനെ തകര്‍ക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്.
ഐടി മേഖലയില്‍ കേരളം സ്റ്റാര്‍ട്ടപ്പുകളുടെ ലോകോത്തര ഹബ്ബായി മാറി. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ഇന്‍ക്യുബേറ്ററായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ സ്വന്തം പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ, 1500 കോടിയുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് പദ്ധതി, വിവിധ ഐടി പാര്‍ക്കുകള്‍ എന്നിവ കേരളത്തിന്റെ മുന്നേറ്റത്തിന്റെ സൂചകങ്ങളാണ്. ബഹുരാഷ്ട്ര കമ്പനികള്‍ ഇവിടേക്കു വരുന്നു. വലിയ തോതില്‍ കേരളം ശ്രദ്ധിക്കപ്പെടുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications