ദുരിതാശ്വാസ കേസ്: പിണറായി വിജയനെതിരെ വിധി പറയാതെ ലോകായുക്ത: കേസ് ഫുള്‍ ബെഞ്ചിന് വിട്ടു
തിരുവനന്തപുരം: ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് മുന്നംഗ ബെഞ്ചിന് വിട്ട് ലോകായുക്ത. ലോകായുക്തയ്ക്കും ഉപലോകായ്ക്കും ഇടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെയാണ് കേസ് വിശാല ബെഞ്ചിലേക്ക് വിട്ടത്. ലോകായുക്ത സിറിയക് ജോസഫ് ആണ് വിധി പറഞ്ഞത്. മുന്നംഗ ബെഞ്ചിന് നിയോഗിക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ പിന്നീട് അറിയിക്കും. വിധി എതിരായാൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് നിമയവിദഗ്ധർ ഉള്‍പ്പടെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ലോകായുക്ത പരാമർശത്തെ തുടർന്നാണ് ഒന്നാം പിണറായി വിജയന്‍ സർക്കാറിന്റെ കാലത്ത് മന്ത്രിയായിരുന്ന കെടി ജലീലീന് രാജിവെക്കേണ്ടി വിന്നിരുന്നത് എന്നതും ശ്രദ്ധേയമാണ്.
കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ എസ്.ശശികുമാർ ആയിരുന്നു സർക്കാർ തീരുമാനത്തിനെതിരെ ലോകായുക്തയെ സമീപിച്ചത്. പമുഖ്യമന്ത്രി പിണറായി വിജയനെയും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരേയും പ്രതിയാക്കിയായിരുന്നു പരാതി. വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടർന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ലോകായുക്ത കേസില്‍ വിധി പറഞ്ഞത്. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നൽകാൻ നിർദേശിച്ച കോടതി ഏപ്രില്‍ മൂന്നിലേക്ക് കേസ് മാറ്റുകയും ചെയ്തു.

എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപ., അന്തരിച്ച ചെങ്ങന്നൂർ എം എല്‍ എ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റൻറ് എൻജിനീയർ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപ, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനു കൂല്യങ്ങൾക്കും പുറമേ 20 ലക്ഷവും രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ 2022 ഫെബ്രുവരി 5നായിരുന്നു ലോകായുക്തയിൽ വാദം ആരംഭിച്ചത്. മാർച്ച് 18 ന് വാദം പൂർത്തിയാക്കുകയും ചെയ്തു. ഇത്തരം കേസുകളില്‍ ആറു മാസത്തിനുള്ളിൽ ഹർജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടെങ്കിലും വിധി പറയുന്നത് കോടതി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ കേസ് നടന്നുകൊണ്ടിരിക്കേയാണ് ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്. എന്നാല്‍ ഈ ബില്ലില്‍ ഒപ്പിടാന്‍ ഗവർണർ തയ്യാറായില്ല. ഇതോടെ പഴയ നിയമം തന്നെയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.












Click it and Unblock the Notifications