ഹമാസിനെ പിന്തുണയ്ക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സ് അറിയില്ല: ടിപി ശ്രീനിവാസന്‍
കൊച്ചി: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഐക്യരാഷ്ട്രസഭയ്ക്ക് ഒന്നും ചെയ്യാനാകില്ല എന്ന് മുന്‍ ഇന്ത്യന്‍ അംബാസഡറും നയതന്ത്രവിദഗ്ധനുമായ ടി പി ശ്രീനിവാസന്‍. അമേരിക്കയുടെ വീറ്റോ അധികാരം വെച്ച് ഇസ്രായേലിനെതിരായ നീക്കങ്ങള്‍ പരാജയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഹമാസിനെ പിന്തുണയ്ക്കുന്നത് മോദിയോടുള്ള വിരോധം കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തര കൊറിയന്‍ ഭരണാധികാരിയെ അംഗീകരിക്കുന്ന ആളാണ് പിണറായി വിജയനെന്നും കമ്മ്യൂണിസം കേരളത്തിന് പുറത്ത് എവിടെയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ടി പി ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'പലസ്തീനെ ഇല്ലാതാക്കുക എന്നതാണ് ഇസ്രായേലിന്റെ ഉദ്ദേശ്യം. കാരണം അവര്‍ക്ക് സംഭവിച്ച വലിയ തോല്‍വിയാണ്. മൊസാദും അയണ്‍ ഡോമുമുള്ളപ്പോള്‍ ആര്‍ക്കെങ്കിലും അവിടെ നുഴഞ്ഞ് കയറാന്‍ കഴിയും എന്ന് അവര്‍ പ്രതീക്ഷിച്ചില്ല. സംഭവിച്ചത് അവരുടെ തോല്‍വി തന്നെയായിരുന്നു. അതിന് പല കാരണങ്ങളുമുണ്ട്. അഞ്ച് തവണ തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും നെതന്യാഹുവിന്റെ ശക്തി അവിടെ കുറഞ്ഞിട്ടുണ്ട്.
എന്നാലും ഇസ്രായേല്‍ എപ്പോഴും യുദ്ധം ചെയ്യാന്‍ സന്നദ്ധമാണല്ലോ. അതിനാലാണ് അഞ്ചാറ് മണിക്കൂറുകള്‍ കൊണ്ട് അവര്‍ക്ക് തിരിച്ചടിക്കാന്‍ സാധിച്ചത്. ഇനി അവരുടെ ഉദ്ദേശ്യം ഗാസയില്‍ നിന്ന് അവരെ മാറ്റുക എന്നുള്ളതാണ്. പലസ്തീനികള്‍ ഗാസയിലുമുണ്ട് വെസ്റ്റ് ബാങ്കിലുമുണ്ട്. വെസ്റ്റ് ബാങ്കിലാണ് പലസ്തീനിയന്‍ അതോറിറ്റിയുള്ളത്. ഇപ്പോള്‍ ഹമാസും അവരുമായിട്ടുള്ള വ്യത്യാസം മാറിയിരിക്കുന്നു.
ഹമാസും പലസ്തീന്‍ അതോറിറ്റിയും ഒരുപോലെയാണ് ചിന്തിക്കുന്നത്. ഹമാസ് ഇങ്ങനെ ചെയ്ത സ്ഥിതിക്ക് വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് പലസ്തീന്‍ വിചാരിക്കുന്നു. പക്ഷെ പൊതുവെ അറബികള്‍ അവരെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇറാനും സൗദി അറേബ്യയും അവര്‍ക്കെതിരാകും എന്നുള്ള ഭയം കൊണ്ടാണ് ഇവരിതിന് മുതിര്‍ന്നത് എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ അതുകൊണ്ട് ഒരു ഗുണവുമില്ല. ഇപ്പോള്‍ ഒരു താല്‍ക്കാലിക വിജയം മാത്രമാണ് ലഭിച്ചിരിക്കുന്നത്.
ലോകയുദ്ധത്തിനൊന്നും പോകാന്‍ സാധ്യതയില്ല. അമേരിക്ക ഇസ്രായേലിനൊപ്പമാണ്. ചൈന യുദ്ധത്തിനൊനന്നും പോകുമെന്ന് തോന്നുന്നില്ല. അമേരിക്കയോട് ട്രേഡ് വാറിന് തയ്യാറാണെങ്കിലും ഫിസിക്കല്‍ വാറിനൊന്നും ചൈന തയ്യാറാകില്ല. അതിനുള്ള ശക്തിയും ചൈനക്കില്ല. ഹമാസിന് സപ്പോര്‍ട്ട് കിട്ടുന്നത് ഇറാനില്‍ നിന്ന് മാത്രമാണ്. സൗദി അറേബ്യ പോലും അവര്‍ക്കൊപ്പം നില്‍ക്കുന്നില്ല. അതുകൊണ്ട് ചൈനയും റഷ്യയും മാറി നില്‍ക്കാനാണ് സാധ്യത.
ഗാസ ഇസ്രായേലിന്റെ ഭാഗമാക്കണം എന്നായിരുന്നു അവരുടെ ആവശ്യം. അതിനുള്ള അവസരം അവര്‍ക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് പ്രത്യേകിച്ച് ഇടപെടാനുള്ള പ്രാധാന്യമൊന്നും അവിടെയില്ല. ചേരിചേരാ നയത്തില്‍ നിന്ന് ഇന്ത്യ ഒരുപാട് മാറി. നമ്മളിപ്പോള്‍ അമേരിക്കയുടെ സൈഡിലാണ്. കാരണം ചൈനയില്‍ നിന്ന് വരുന്ന ഭീഷണി കാരണം. പാകിസ്ഥാന്‍ ഒരു ഭീഷണിയല്ല. ഇന്ത്യയിലെ ബിജെപിക്കാര്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് ജൂതരാഷ്ട്രമായതിനാലാണ്.
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഇസ്രായേലിനേക്കാള്‍ ജൂതരുണ്ട്. അമേരിക്കയും ഇസ്രായേലും ചേര്‍ന്നാല്‍ ചൈനയും റഷ്യയും ഒഴിച്ച് ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. ഐക്യരാഷ്ട്രസഭയ്ക്ക് ഈ വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ല. ഇനി അന്താരാഷ്ട്ര യുദ്ധത്തിന് സാധ്യതയില്ല. ഇനി അങ്ങനെ വന്നാലും ഇന്ത്യ അമേരിക്കയ്‌ക്കൊപ്പമേ നില്‍ക്കൂ. കാരണം മറുവശത്തുള്ളത് ചൈനയും റഷ്യയുമാണല്ലോ.
തീവ്രസ്വഭാവമുള്ള സംഘടനകളാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നില്‍. നമ്മള്‍ തീവ്രവാദികള്‍ എന്ന് പറയുന്നത് പോലെ അല്ല, അവര്‍ അവരെ വിശേഷിപ്പിക്കുന്നത് സ്വാതന്ത്ര്യസമരപോരാളികള്‍ എന്നാണ്. ഇപ്പോള്‍ പലസ്തീന്‍ മുഴുവനായി ഹമാസിനൊപ്പമാണ്. പണ്ട് പലസ്തീന്‍ ഹമാസുമായി യുദ്ധം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അതില്ലല്ലോ. ഇനി അവര്‍ ഒന്നിച്ച് നില്‍ക്കുമായിരിക്കും. ഹമാസ് തീവ്രവാദികളാണ് എന്ന് തന്നെയായിരുന്നു നമ്മളുടെ ആദ്യത്തെ വീക്ഷണം.
ഹമാസിന്റെ പെരുമാറ്റം ഒരുകാലത്തും നമുക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പലസ്തീന്‍ അതോറിറ്റിയെ ആണ് നമ്മള്‍ പിന്തുണച്ചിരുന്നത്. അതുവെച്ച് നോക്കുമ്പോള്‍ ഹമാസ് ഭീകരവാദികളാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. ഇന്ത്യ നേരത്തെ തന്നെ മുതലാളിത്ത രാജ്യമാണല്ലോ. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒരു പ്രത്യയശാസ്ത്രം കൊണ്ട് സോഷ്യലിസ്റ്റ് ആയി എന്നേ ഉള്ളൂ. മിസിസ് ഗാന്ധിയാണ് സോഷ്യലിസം കൊണ്ടുവരുന്നത്.
അതൊക്കെ ഇടത് സ്വാധീനം കൊണ്ടാണ്. കോണ്‍ഗ്രസ് അടിസ്ഥാനപരമായി സോഷ്യലിസ്റ്റ് അല്ല. അവര്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ മുതലാളിത്തത്തോടാണ്. യുദ്ധത്തിനൊടുവില്‍ ഒരു ചെറിയ പലസ്തീന്‍ രാജ്യം വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ചുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ അതൊരു പരിഹാരമായിരിക്കില്ല. കേരളത്തിന് പുറത്ത് കമ്മ്യൂണിസം ഇല്ലല്ലോ. അത് അപ്രത്യക്ഷമായി കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് മോദിയെ മാറ്റണം എന്നുള്ള അജണ്ടയേ ഉള്ളൂ.
അതിന് ഏതും ഉപയോഗിക്കും. ക്രിക്കറ്റ് വേണമെങ്കിലും ഉപയോഗിക്കും. കമ്മ്യൂണിസ്റ്റുകാര്‍ നോര്‍ത്ത് കൊറിയന്‍ ലീഡറെ സ്വീകരിക്കുന്നവരല്ലേ. അയാള്‍ നല്ല ആളാണ് എന്ന് പിണറായി വിജയനൊക്കെ പറഞ്ഞ് നടക്കുന്നില്ലേ, അന്താരാഷ്ട്ര ബോധമൊന്നുമില്ല. ന്യായം പലസ്തീനിന്റെ പക്ഷത്ത് തന്നെയാണ്. കാരണം അവരെ വര്‍ഷങ്ങളായി അടിച്ചമര്‍ത്തി വെച്ചിരിക്കുകയാണല്ലോ. ഹമാസ് മാറി നിന്നാല്‍ ഇസ്രായേല്‍ അനുരഞ്ജനത്തതിന് വരും,'.












Click it and Unblock the Notifications