'ഇപിക്ക് അഭിനന്ദനം ,ടിപി ചന്ദ്രശേഖരനെ പോലെ ഇപിയെ കൈകാര്യം ചെയ്യാൻ അനുവദിക്കില്ല'; കെ സുരേന്ദ്രൻ
ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത് പോലെ ഇപി ജയരാജനെ കൈകാര്യം ചെയ്യാൻ അനുവദിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി പി എം സമ്പൂർണ തകർച്ചയിലേക്ക് പോകുകയാണ്. അതിന്റെ തെളിവാണ് ഇപിയുടെ വെളിപ്പെടുത്തലുകൾ. മനസിലുള്ളത് പറയാൻ ധൈര്യം കാണിച്ച അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്. പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന് ഇടത് കൺവീനർ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയത് നീതി നിഷേധമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന ഇപി ജയരാജന്റെ ആത്മകഥ വിവാദമായ പശ്ചാത്തലത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപി ജയരാജൻ സിപിഎമ്മിനും സർക്കാരിനുമെതിരെ കടുത്ത വിമർശനമാണ് അദ്ദേഹത്തിന്റെ ആത്മകഥയിൽ ഉന്നയിച്ചിരിക്കുന്നത്. സമ്പൂർണമായ തകർച്ചയിലേക്ക് സി പി എം പോകുന്നുവെന്നതിന്റെ തെളിവാണിത്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് സി പി എമ്മിന് കേരളത്തിലും സംഭവിക്കും.പിണറായിയുടെ കുടുംബാധിപത്യമാണ് ഇപ്പോൾ സി പി എമ്മിൽ നടക്കുന്നത്. അധികാരക്കൈമാറ്റം മരുമകനിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. അതിനെതിരായ രോഷം പാർട്ടിയിൽ വലിയ രീതിയിൽ അലയടിക്കുന്നുവെന്നതിന്റെ തെളിവാണ് ഇപ്പോൾ പാർട്ടിയിൽ നടക്കുന്ന കാര്യങ്ങൾ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം എ ബേബി, ജി സുധാകരൻ, തോമസ് ഐസക്ക്, കെകെ ശൈലജ തുടങ്ങിയ പ്രധാന നേതാക്കളെ സി പി എം മാറ്റിനിർത്തിയത് മുഹമ്മദ് റിയാസിലേക്കുള്ള അധികാരക്കൈമാറ്റത്തിന്റെ ഭാഗമായിട്ടാണ്.
സത്യം തുറന്നു പറഞ്ഞതിന് ഇപിയെ അഭിനന്ദിക്കുന്നു. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയെ പറ്റി ഇപി ജയരാജൻ പറഞ്ഞത് നാട്ടുകാരുടെ മൊത്തത്തിലുള്ള അഭിപ്രായമാണ്.
പൗരത്വ ഭേദഗതിയുടെ കാലത്ത് ഹിന്ദുക്കൾക്ക് ചികിത്സയില്ലെന്ന് ബോർഡ് വീട്ടിൽ കെട്ടി തൂക്കിയ വ്യക്തിയാണ് പാലക്കാട്ടെ സ്ഥാനാർത്ഥി. അദ്ദേഹമാണ് ഇപ്പോൾ അദ്ദേഹം ചന്ദ്രനക്കുറിയും തൊട്ട് ഷാളുമിട്ട് അമ്പലങ്ങളിലും അഗ്രഹാരങ്ങളിലും കയറി ഇറങ്ങുകയാണ്. അദ്ദേഹത്തെ അവസരവാദിയെന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക.സരിനെ സ്ഥാനാർത്ഥിയാക്കിയത് യുഡിഎഫിന് വോട്ട് മറിക്കാൻ വേണ്ടിയാണ്. എന്നാൽ ഇത്തവണ സിപിഎം അണികൾ കൃഷ്ണകുമാറിന് വോട്ട് ചെയ്യും.
സമ്പൂർണ്ണ തകർച്ചയിലേക്കാണ് സിപിഎം പോകുന്നത്. ടിപി ചന്ദ്രശേഖരനെ പോലെ ഇപിയെ കൈകാര്യം ചെയ്യാൻ അനുവദിക്കില്ല. 52 വെട്ടുവെട്ടി ഇനി ആരെയും ഇല്ലാതാക്കാൻ സിപിഎമ്മിന് സാധിക്കില്ല. പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന് ഇടത് കൺവീനർ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയത് നീതി നിഷേധമാണ്. ബിനോയ് വിശ്വം അടക്കമുള്ളവരെ ജാവദേക്കർ കണ്ടെന്നാണ് ഇപി പറയുന്നത്. രാഷ്ട്രീയ നേതാക്കൾ പരസ്പരം കാണുന്നതിൽ എന്ത് തെറ്റാനുള്ളത്. പാലക്കാടിന് ഒരു സ്വത്ത്വബോധമുണ്ട്. അത് എന്താണെന്ന് കോൺഗ്രസിന് 23 ന് മനസിലാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications