ബിജെപിയുടെ കെ-റെയില്‍ സമരവേദിയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍; ആയുധമാക്കി സിപിഎം
കോഴിക്കോട്: കെ റെയില്‍ പദ്ധതിക്കെതിരെ സമരം നടത്തുന്ന ബി ജെ പിയും യു ഡി എഫും ഒരേ സമരവേദിയില്‍. കോഴിക്കോടും കൊല്ലത്തും നടന്ന വ്യത്യസ്ത ബി ജെ പി പരിപാടികളിലാണ് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കള്‍ പങ്കെടുത്തത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കൊല്ലത്ത് പങ്കെടുത്ത സെമിനാറില്‍ കെ പി സി സി മുന്‍ സെക്രട്ടറി സൈമണ്‍ അലക്സ് പങ്കെടുത്തു. കോഴിക്കോട് ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ നയിച്ച ജാഥയില്‍ മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവ് ടി ടി ഇസ്മയിലും പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ പൊന്നാട അണിയിച്ചാണ് വേദിയിലെത്തിയ ടി ടി ഇസ്മയിലിനെ സ്വീകരിച്ചത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ, പ്രകാശ്ബാബു തുടങ്ങിയ നേതാക്കളും കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബി ജെ പി വേദിയില്‍ നേതാക്കള്‍ പങ്കെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. സമരങ്ങളില്‍ ബി ജെ പിക്കൊപ്പം സഹകരിക്കുന്ന കോണ്‍ഗ്രസ് സി പി ഐ എം സെമിനാറുകളില്‍ നിന്ന് നേതാക്കളെ വിലക്കുകയാണെന്ന വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ബി ജെ പി ഇതര സര്‍ക്കാരുകളുടെ പ്രതീകമായ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെ ഉള്ളവര്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ടെന്നും വരാമെന്ന് വാക്ക് തന്ന നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വം എന്തുകൊണ്ടാണ് വിലക്കിയതെന്നും അദ്ദേഹം ചോദിച്ചു. സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കുവാനുള്ള ആശയ രൂപീകരണ വേദിയായ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

സി പി ഐ എം സെമിനാറുകളില്‍ മുന്‍പും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇത്തരം സെമിനാറുകളില്‍ സി പി ഐ എമ്മുകാര്‍ പങ്കെടുത്തിട്ടുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ സ്ഥിതിയ്ക്ക് ഇപ്പോഴത്തെ വിലക്ക് കൊണ്ട് കോണ്‍ഗ്രസ് എന്താണ് ലക്ഷ്യം വെക്കുന്നതെന്നും റിയാസ് ചോദിച്ചു.

അതേസമയം കെ റെയില്‍ വിരുദ്ധ സമരത്തില്‍ ബി ജെ പിയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോ നേതാക്കളോ അത്തരം രീതികള്‍ അവംലബിച്ചാല്‍ അന്വേഷിക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു. ബി ജെ പിയുമായി യാതൊരു വിധത്തിലും ഒത്തുചേര്‍ന്ന് സമരം ചെയ്യുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയുമായി ചേര്‍ന്ന് സമരത്തില്‍ പങ്കെടുത്തതായി വ്യക്തമായാല്‍ അതിനെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി ജെ പിയുമായി ചേര്‍ന്ന് സമരം ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നേരത്തെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും യു ഡി എഫുമായി ചേര്‍ന്ന് സമരം നടത്തുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.
യു ഡി എഫുമായും കോണ്‍ഗ്രസുമായും ഒരു സ്ഥലത്തും ബി ജെ പി വേദി പങ്കിടുന്നില്ലെന്നും കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുന്നത് വരെ ജനങ്ങളുടെ സമരത്തിനൊപ്പം നില്‍ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications