കോണ്‍ഗ്രസ് കാത്തിരിക്കേണ്ട: യുഡിഎഫിലേക്ക് ഞങ്ങള്‍ മടങ്ങി വരില്ല: നിലപാട് വ്യക്തമാക്കി ജോസ് കെ മാണി
ജുലൈ മാസം അവസാനം കോഴിക്കോട് നടന്ന പാർട്ടിയുടെ സംസ്ഥാന ചിന്തന്‍ ശിബിരത്തില്‍ കേരള കോണ്‍ഗ്രസ് ഉള്‍പ്പടെ യു ഡി എഫ് വിട്ടുപോയ കക്ഷികളെ മുന്നണിയിലേക്ക് തിരികെ എത്തിക്കണമെന്ന രാഷ്ട്രീയ പ്രമേയം കോണ്‍ഗ്രസ് അവതരിപ്പിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിനേയും എല്‍ ജെ ഡിയേയുമായി കോണ്‍ഗ്രസ് ലക്ഷ്യമിട്ടതെങ്കിലും പ്രമേത്തില്‍ ഇവരുടെ പേര് പ്രത്യേകം എടുത്ത് പറഞ്ഞിരുന്നില്ല.
ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എം, എല്‍ ജെ ഡി നേതാക്കള്‍ നേരത്തെ തന്നെ മറുപടി പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ ജോസ് കെ മാണി തന്നെ നേരിട്ട് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് യു ഡി എഫിലേക്ക് തിരിച്ച് വരുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ നടക്കാന്‍ പോവുന്നില്ലെന്നാണ് അഭിമുഖത്തില്‍ ജോസ് കെ മാണി വ്യക്തമാക്കുന്നത്. ഞങ്ങൾ ഇപ്പോൾ എല്‍ ഡി എഫില്‍ വളരെ സന്തുഷ്ടരാണ്. അതുകൊണ്ട് തന്നെ എല്‍ ഡി എഫ് വിട്ട് യു ഡി എഫിലേക്ക് തിരിച്ചു പോവുമോയെന്ന ചോദ്യത്തിന് തന്നെ യാതൊരു അടിസ്ഥാനവുമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കുന്നു.

യു ഡി എഫില്‍ നിന്നും കേരള കോണ്‍ഗ്രസ് എമ്മിനെ അവർ അപമാനിച്ച് പുറത്താക്കുകയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ അടിത്തറ തകർത്ത് ആ വോട്ടുകള്‍ തങ്ങളുടെ പാർട്ടിയിലേക്ക് എത്തിക്കാം എന്നയാരിക്കും കോണ്‍ഗ്രസ് കണക്ക് കൂട്ടിയത്. 1964 ലാണ് കോണ്‍ഗ്രസ് പിളർന്ന് കേരള കോണ്‍ഗ്രസ് വരുന്നത്. മാണി സാറിന്റെ സ്വാധീനവും വ്യക്തിത്വവും കാരണം അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാല്‍ മാണി സാറിന്റെ മരണശേഷം കേരളാ കോൺഗ്രസിനെ ഇല്ലാതാക്കാമെന്ന് കോൺഗ്രസിലെ ചിലർ കരുതി.

ഏതൊക്കെ നേതാക്കളായിരുന്നു ഇതിന് പിന്നിലെന്ന് ഇപ്പോള്‍ തുറന്ന് പറയുന്നില്ല. പക്ഷേ, കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിലെ പലരും ഞങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചു. അതൊരു തെറ്റായ തീരുമാനമായിരുന്നുവെന്ന് ഇപ്പോൾ ജനങ്ങളും കോൺഗ്രസും തിരിച്ചറിഞ്ഞിരിക്കുന്നു. ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല. പക്ഷേ, അവർ എന്നെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിച്ചു. ഞാനൊരു മോശക്കാരനാണെന്നും അഹങ്കാരിയാണെന്നുമുള്ള പ്രതിച്ഛായ സൃഷ്ടിക്കാനുമായിരുന്നു അവരുടെ ശ്രമമെന്നും കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ അഭിപ്രായപ്പെടുന്നു.

യു ഡി എഫിനേക്കാൾ എൽ ഡി എഫിലാണ് ഞങ്ങൾക്ക് നല്ല അംഗീകാരമുള്ളത്. ഇവിടെ ഞങ്ങളോട് മുന്നണി ബഹുമാനത്തോടെയാണ് പെരുമാറുന്നത്. യു ഡി എഫിന് ചെയ്യാൻ കഴിയാതിരുന്ന നിരവധി കാര്യങ്ങൾ എൽ ഡി എഫിന് മിനിറ്റുകൾക്കകം ചെയ്യാന്‍ സാധിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നാക്ക ജാതിക്കാർക്കുള്ള സംവരണം, കാർഷികോൽപ്പന്നങ്ങൾക്കും റബ്ബറിനും താങ്ങുവില വർധിപ്പിക്കൽ എന്നിവ ഞങ്ങളുടെ അഭ്യർത്ഥനയെ തുടർന്നാണ് സർക്കാർ നടപ്പിലാക്കിയത്.

ഞങ്ങൾ മുഖ്യമന്ത്രിയെ കണ്ട് റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങാനുള്ള അപേക്ഷ സമർപ്പിച്ചു. ഇപ്പോൾ, നമുക്ക് വെല്ലൂരിൽ പ്ലാന്റുണ്ട്. ബഫർ സോൺ വിഷയത്തിലും ഞങ്ങൾക്ക് സമാനമായ പിന്തുണ ലഭിച്ചു. കോൺഗ്രസിൽ നിന്നുപോലും പലരും പാർട്ടി അംഗത്വം ആവശ്യപ്പെട്ട് ഞങ്ങളെ സമീപിക്കുന്നുണ്ട്. സാധാരണ പ്രവർത്തകർ മാത്രമല്ല മുതിർന്ന തലത്തിലുള്ളവരും സമീപിച്ചിട്ടുണ്ട്. എന്നിരുന്നാലും, ജില്ലാ കമ്മിറ്റികളിലോ പഞ്ചായത്ത് തലങ്ങളിലോ സ്ഥാനം വഹിക്കുന്നവരെപ്പോലെ മധ്യനിരയിലുള്ളവരെയാണ് ഞങ്ങൾ പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications