അമിത നികുതിക്കൊള്ളക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം:ഇന്ധനവില വര്‍ധിപ്പിച്ച് അമിത നികുതിക്കൊള്ള നടത്തി ജനദ്രോഹം നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുമ്പോഴും അമിത നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത ഇരുസര്‍ക്കാരുകള്‍ക്കും ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ല. കോവിഡ് മാഹാമാരിയെ തുടര്‍ന്ന് വരുമാനം കുറയുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന ജനത്തിന്റെ നടുവൊടിക്കുന്ന നടപടിയാണ് സര്‍ക്കാരുകളുടേത്.അവശ്യസാധനങ്ങളുടെ വില വാണം പോലെ ഉയരുകയാണ്. ടാക്‌സി തൊഴിലാളികള്‍,കര്‍ഷകര്‍,മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയില്‍ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരുടെ ജീവിതം ദുസ്സഹമായി.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ നരകയാതന അനുഭവിക്കുകയാണ് ജനമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് പൊതുഗതാഗത സംവിധാനം ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ നല്ലൊരു ശതമാനം ജനങ്ങളും സ്വകാര്യവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.ഇത് യാത്രദുരിതം വര്‍ധിച്ചതോടൊപ്പം അധിക സാമ്പത്തിക നഷ്ടവും ഉണ്ടാക്കി. ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന നികുതി പിരിവ് തുടര്‍ന്നാല്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റും.ഇന്ധനവില വര്‍ധനവ് ചരക്കുനീക്കത്തേയും വ്യവസായ മേഖലയേയും ബാധിച്ചു.ഇത് ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാസാധനങ്ങള്‍ക്കും വലിയ വിലവര്‍ധനവിന് ഇടയാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം വിലയിട്ടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ പിഴിയുന്നത്.ഈ മാസം തുടര്‍ച്ചയായി അഞ്ചാം ദിനമാണ് ഇന്ധനവില ഉയര്‍ത്തിയത്.കഴിഞ്ഞ മാസം ഏഴുതവണ വര്‍ധിപ്പിച്ചു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആദ്യമാണ് ക്രൂഡോയില്‍ ബാരലിന് 60 ഡോളര്‍ കടക്കുന്നത്. എന്നിട്ടാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധനവ് തുടര്‍ന്നത്.ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് നികുതിയായി കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തില്‍ പെട്രോളിന്റെ സര്‍വകാല റെക്കാര്‍ഡിലെത്തി.കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് 33 പൈസയാണ്.പ്രതിമാസം 750 കോടിയിലധികം രൂപയുടെ വരുമാനമാണ് ഇന്ധന വില്‍പ്പന നികുതിയില്‍ നിന്ന് കേരളത്തിന് ലഭിക്കുന്നത്. കേരളത്തില്‍ പ്രെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.67 ശതമാനവുമാണ് വില്‍പ്പന നികുതി.മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ധനവിലയുടെ അമിത നികുതിയിലൂടെ ലഭിക്കുമായിരുന്ന 620 കോടി രൂപ വേണ്ടെന്ന് വച്ചു.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ധനവില നിയന്ത്രിക്കുന്നതിനായി മൂല്യവര്‍ധിത നികുതി രണ്ടു ശതമാനം കുറയ്ക്കാനും തയ്യാറായി. ഈ രണ്ടു നടപടികളും മാതൃകാപരവും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതുമാണ്. സൂര്യനുതാഴെ എന്തിനെക്കുറിച്ചും അഭിപ്രായം പറയുന്ന കേരള ധനമന്ത്രി ഇത്തരം മാതൃക സ്വീകരിക്കനോ ക്രിയാത്മകമായ നടപടി എടുക്കാനോ തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ