'ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല അഭിനേതാക്കൾ, ശ്വേതയ്ക്ക് എതിരായ കേസിലെ ഗൂഢാലോചന അന്വേഷിക്കണം'; രവീന്ദ്രൻ
കൊച്ചി: നടി ശ്വേതാ മേനോന് എതിരായ കേസിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യവുമായി മുതിർന്ന നടൻ രവീന്ദ്രൻ. ഈ വിഷയത്തിൽ തന്റെ പ്രതിഷേധം അറിയിക്കുന്നുവെന്നും അഭിനേതാക്കൾക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവർത്തനങ്ങളെയും എതിർത്ത് തോൽപ്പിക്കണമെന്നും ആദ്യം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ട് പോകുന്ന സംഘടനയാണ് അമ്മയെന്നും രവീന്ദ്രൻ ചൂണ്ടിക്കാട്ടി.
ഒരു ദൗർഭാഗ്യകരമായ സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. എന്റെ സഹ പ്രവർത്തകയ്ക്ക് നേരിട്ട ദുരനുഭവത്തോട് പ്രതിഷേധം അറിയിക്കാനാണ് ഞാൻ നിൽക്കുന്നത്. അഭിനയം ഒരു കലയാണ്. അത് ഞങ്ങളുടെ തൊഴിൽ കൂടിയാണ്. നിയമാനുസൃതമായി അഭിനയിക്കാനുള്ള എല്ലാ അവകാശങ്ങളും ഞങ്ങളിൽ നിക്ഷിപ്‌തമാണ്. അതിനെ കുബുദ്ധിപരമായിട്ട് വക്രീകരിച്ച് കരിവാരിത്തേക്കാൻ ശ്രമിച്ചാൽ സമ്മതിക്കില്ല.

ആർക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല അഭിനേതാക്കൾ. ഞങ്ങൾ പ്രേക്ഷകരിലേക്ക് ഞങ്ങളുടെ കല പകർന്നു നൽകുകയാണ്, നിങ്ങളെ ആനന്ദിപ്പിക്കുകയാണ്. ആർക്കും കയറിവന്ന് ഞങ്ങളെ കരിവാരിത്തേക്കാം എന്നതിന്റെ തുടക്കമായിട്ടാണ് ഇതെനിക്ക് തോന്നുന്നത്. ഏത് രീതിയിലാണ് ഇങ്ങനെയൊരു കേസ് ഉണ്ടായതെന്ന് നമുക്ക് പറയാൻ പറ്റില്ല. ഞാൻ കോടതിയെ വിമർശിക്കാൻ ആളല്ല. ഇത്തരം ശ്രമങ്ങളെയും എതിർത്ത് തോൽപ്പിക്കും.
ഈ കേസിൽ അന്വേഷണം നടത്തുന്നു. എനിക്ക് ഈ പരാതിയിൽ ഒന്നും കാണാൻ കഴിയുന്നില്ല. വേറെ ആരെങ്കിലും എന്തെങ്കിലും ചെയ്‌താൽ അതിന്റെ കുറ്റം എങ്ങനെ അഭിനേതാവിനെ ഏറ്റെടുക്കാൻ കഴിയും. തിരഞ്ഞെടുപ്പ് ഞങ്ങൾക്ക് ഉള്ളിലുള്ള കാര്യമാണ്. ഇത് പൊതുമധ്യത്തിൽ നിൽക്കുന്നൊരു പ്രശ്‌നമാണ്. തിരഞ്ഞെടുപ്പ് ഞങ്ങളുടെ അംഗങ്ങളുടെ വിവേചന ബുദ്ധിക്ക് വിട്ടുകൊടുക്കുക.
അതും ഇതുമായി കൂട്ടികുഴയ്ക്കരുത്, ഇത് ഒരു പൊതുവായ വിഷയത്തിലാണ്. ഞങ്ങളുടെ സീനിയർ നടി അതിനെ കുറിച്ച് പറഞ്ഞിരുന്നു. അവരുടെ മക്കൾ ഒക്കെ എന്താ കരുതുക എന്നാണ് എന്നോട് വളരെ സങ്കടത്തിൽ ചോദിച്ചത്. ആരെങ്കിലും വന്നിട്ട് ഇങ്ങനെ ഓരോരുത്തർക്ക് എതിരെ കേസ് കൊടുക്കാൻ നിന്ന് കഴിഞ്ഞാൽ അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
ഞങ്ങൾ ഈ തൊഴിൽ ചെയ്‌തു ജീവിക്കുന്നതാണ്. എപ്പൊ നോക്കിയാലും ഇങ്ങനെ പേടിച്ചു നിൽക്കാനാണ്. ഏതെങ്കിലും ഒരുത്തൻ ഇനി ഇതുപോലെ വന്നാൽ അവന് നേരെ നിയമാനുസൃതമായ നടപടികൾ എടുക്കാൻ ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും. നിയമാനുസൃതമായി ഞങ്ങൾക്ക് കിട്ടേണ്ട സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വിഷയമാണ് ഇത്. അല്ലാതെ മറ്റൊന്നും ഇതിലേക്ക് കൊണ്ട് വരാൻ നോക്കണ്ട; രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചുവെന്ന പരാതിയിലാണ് നടി ശ്വേതാ മേനോനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തത്. നടി അഭിനയിച്ച സിനിമകൾ, പരസ്യം എന്നിവ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളുണ്ടെന്നും ഇവ വ്യാപകമായി പലയിടത്തും പ്രചരിക്കുന്നുണ്ടെന്നും കാട്ടി മാർട്ടിൻ മേനാച്ചേരി എന്ന പൊതുപ്രവർത്തകനാണ് പരാതി നൽകിയത്. ഇതിൽ കോടതി നിർദ്ദേശത്തെ തുടർന്നാണ് കേസെടുത്തത്.
അമ്മ തിരഞ്ഞെടുപ്പ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നയാൾ കൂടിയായിരുന്നു ശ്വേതാ മേനോൻ. നടൻ ദേവനാണ് എതിർ സ്ഥാനാർത്ഥി. ഓഗസ്‌റ്റ് പതിനഞ്ചിനാണ് തിരഞ്ഞെടുപ്പ് നടക്കുക. അതിനിടയിലാണ് കേസ് ഉയർന്നുവന്നത്. പിന്നാലെ ശ്വേതാ മേനോന് പിന്തുണ ഏറി വരികയാണ്. നിരവധി നടീ-നടൻമാരാണ് താരത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ അമ്മയിൽ കത്തി നിൽക്കെ ശ്വേതാ മേനോന് എതിരെ ഇത്തരമൊരു പരാതി ഉയരുന്നതിൽ വിവിധ കേന്ദ്രങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാണ് അഭിനേതാക്കൾ ആവശ്യപ്പെടുന്നത്. പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.












Click it and Unblock the Notifications