മഴ നനഞ്ഞ് യാത്രക്കാരന് പനി വന്നു; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പിഴയും വീണു; തുക കണ്ടോ!
കൊച്ചി: ബസ്സിലോ ട്രെയിനിലോ കാറിലോ ഒക്കെ കയറുമ്പോൾ മഴ നനഞ്ഞ് പനി വന്നാൽ എന്തുചെയ്യും നേരെ ആശുപത്രിയിൽ പോകുമല്ലേ. എന്നാൽ വിമാനത്തിൽ കയറുമ്പോൾ മഴ നനഞ്ഞാലോ, അതെ കാര്യം നിസ്സാരമല്ല. വിമാനത്തിൽ കയറുമ്പോൾ മഴ നനഞ്ഞ് പനി പിടിച്ചെന്ന പരാതിയിൽ വിമാനത്താവളത്തിന് 16000 രൂപയാണ് പിഴ ഇട്ടത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള (സിയാൽ) ത്തിലാണ് സംഭവം.
യാത്രക്കാരന്റെ പരാതിയിൽ 16,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. മഴ നനയാതെ വിമാനത്തിൽ കയറാൻ സൗകര്യമൊരുക്കാത്തതിനാണ് പിഴ ചുമത്തിയത്. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്. എറണാകുളം വെണ്ണല സ്വദേശി ടി ജി എൻ കുമാർ നൽകിയ പരാതിയിലാണ് നടപടി.

എട്ടു വർഷം മുൻപാണ് സംഭവം, എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യാനായി എത്തിയപ്പോഴാണ് പരാതിക്കാരന് മമഴ നനയേണ്ടി വന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടതു മൂലം ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ട്. മഴ നനയാതിരിക്കാനുള്ള ടെർമിനൽ സൗകര്യം അന്ന് ഇല്ലായിരുന്നു. മഴ കൊണ്ട് നനഞ്ഞ വസ്ത്രവുമായി ഡൽഹിവരെ യാത്ര ചെയ്തതിനാൽ പനി ബാധിച്ച് മൂന്നു ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു എന്നും പറയുന്നു.
പരാതിക്കാരൻ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകൾക്കും മനഃക്ലേശത്തിനും 8,000 രൂപ നഷ്ടപരിഹാരവും 8,000 രൂപ കോടതിച്ചെലവും അടക്കം 16,000 രൂപ സിയാൽ അധികൃതർ ഒരുമാസത്തിനകം നൽകണം എന്നാണ് ഉത്തരവ്. ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി ബി ബിനു, അംഗങ്ങളായ വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
വൻ ലാഭം ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ പോലും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിൽ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത് എന്നും മറ്റൊരിടത്തും ഉന്നയിക്കാൻ കഴിയാത്ത പരാതികളും മായി സാധാരണക്കാർ ഉപഭോക്തൃ കോടതികളുടെ വാതിലിൽ മുട്ടുമ്പോൾ നിശബ്ദരായി നോക്കി നിൽക്കാൻ ആകില്ലെന്നും വിധി ന്യായത്തിൽ കോടതി വ്യക്തമാക്കി.












Click it and Unblock the Notifications