എരുമേലിയില്‍ വീടിന് തീപിടിച്ച് ദമ്പതികളും മകളും മരിച്ചു; മകന്‍ ആശുപത്രിയില്‍
കോട്ടയം: എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ കൂടി മരിച്ചതോടെ മരണം മൂന്നായി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തന്‍പുരക്കല്‍ സത്യപാലന്‍ (53), ഭാര്യ സീതമ്മ (50), മകള്‍ അഞ്ജലി (26) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മകന്‍ ഉണ്ണിക്കുട്ടനും (22) ഗുരുതരമായി പരിക്കേറ്റിരുന്നു.
കുടുംബ വഴക്കിനെ തുടര്‍ന്ന് സത്യപാലനാണ് വീടിന് തീ കത്തിച്ചതെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യാശ്രമമാണെന്ന നിഗമനത്തിലാണ് പൊലീസ്. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി. ഇവരാണ് തീയണച്ച് പരിക്കേറ്റവരെ പുറത്തെടുത്തത്. തീയിട്ടത് ആരെന്ന കാര്യത്തില്‍ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

തീപിടിത്തമുണ്ടായ ഉടന്‍ തന്നെ സീതമ്മ മരിച്ചിരുന്നു. മറ്റ് രണ്ടു പേരും കോട്ടയം മെഡിക്കല്‍ കോളജാശുപത്രി ചികിത്സയില്‍ കഴിയവെ വൈകുന്നേരത്തോടെയാണ് മരിച്ചത്. രാവിലെ ഒരു യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നുണ്ട്. ഇവര്‍ പോയതിനു പിന്നാലെ ഇതേച്ചൊല്ലി വീട്ടില്‍ തര്‍ക്കമുണ്ടായി. പിന്നാലെ വീട്ടിനുള്ളില്‍ തീ പടരുകയായിരുന്നു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹം പതിവായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതാണ് സത്യപാലന്‍ തീയിട്ടതാകാമെന്ന സംശയത്തിലേക്ക് എത്തിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഗുരുതരമായി പൊള്ളലേറ്റ സത്യപാലനും മകളും വൈകിട്ടോടെ മരിച്ചത്.












Click it and Unblock the Notifications