കുറയാതെ കോവിഡ് ആശങ്ക; കേരളത്തിൽ 385 പേർക്ക് കൂടി രോഗബാധ, ഒരു മരണം
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 3128 ആയി ഉയർന്നു. കൊവിഡ് മൂലം ഒരു മരണമാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്.
പുതിയ കൊവിഡ് സബ് വേരിയന്റ് ആയ ജെഎൻ. വൺ കഴിഞ്ഞ ദിവസം ഇന്ത്യയിൽ 110 പേർക്കാണ് സ്ഥിരീകരിച്ചത്. ഇതിൽ ആറ് പേർ കേരളത്തിൽ നിന്നുള്ളവരാണ്. ന്യൂഡൽഹിയിലും ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആദ്യ ജെഎൻ 1 കേസാണിത്. പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ ഒമിക്രോൺ വകഭേദവും സ്ഥിരീകരിച്ചു.

ഇന്ത്യയിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4093 ആയി ഉയർന്നു. ഇതിൽ 412 പേരിൽ ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. റിപ്പോർട്ട് ചെയ്യപ്പെട്ട മിക്ക ജെഎൻ വൺ കേസുകളും പ്രദേശങ്ങളിലെ ഒരു ക്ലസ്‌റ്ററിംഗിനെയും പ്രതിനിധീകരിക്കുന്നില്ല എന്നതാണ് ആശ്വാസം. മാത്രമല്ല, മിക്ക ജെഎൻ വൺ സബ് വേരിയന്റ് കേസുകളിലും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്.
രാജ്യത്ത് കൊവിഡ് ടെസ്‌റ്റുകള്‍ ഏറ്റവും അധികം നടക്കുന്ന സംസ്ഥാനം കേരളമാണ് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനാല്‍ തന്നെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നത് സ്വാഭാവികമാണെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ആദ്യമായി കൊവിഡും ജെ എന്‍ വണ്‍ വകഭേദവും സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇത് ഇവിടുത്തെ സംവിധാനം എത്രത്തോളം മികച്ചതാണ് എന്നാണ് വ്യക്തമാക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ കൊവിഡ് സംബന്ധിച്ച പ്രോട്ടോക്കോള്‍ ഉണ്ട്. പുതിയ സാഹചര്യത്തില്‍ പ്രായമായവര്‍, ഗര്‍ഭിണികള്‍, അനുബന്ധരോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം ജെ എന്‍ വണ്ണിന്റെ വ്യാപനശേഷി കൂടുതലാണെങ്കിലും ഗുരുതരാവസ്ഥയിലേക്ക് പോകാനിടയില്ലെന്നും, എങ്കിലും ജാഗ്രത കൈവിടാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications