നഞ്ച ഭൂമിയില്‍ കെട്ടിട നിര്‍മ്മാണം; പേരാമ്പ്ര സിപിഐ ഓഫീസ് കെട്ടിടം വിവാദത്തിലേക്ക്
പേരാമ്പ്ര: മെയ് ആറിന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന പേരാമ്പ്ര മണ്ഡലം സിപിഐ ഓഫീസ് കെട്ടിടം വിവാദത്തിലേക്ക്. പൈതോത്ത് റോഡില്‍ പഴയ കന്നുകാലിചന്ത നടക്കുന്ന സ്ഥലത്തിനു പുറകിലായാണ് നിര്‍മ്മാണം പുരോഗമിക്കുന്ന സിപിഐ ഓഫീസ് കെട്ടിടം.
നഞ്ച ഭൂമിയിലാണ് ഓഫീസ് നിര്‍മ്മിക്കുന്നതെന്ന പരാതിയെ തുടര്‍ന്ന് ഏപ്രില്‍ 4 ന് പേരാമ്പ്ര പഞ്ചായത്ത് പെര്‍മിറ്റ് റദ്ദാക്കുകയും സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഓഫീസിന്റെ പ്ലാസ്റ്ററിംഗ് പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണ്. ഇരുനില കെട്ടിടമാണ് ഓഫീസിനു വേണ്ടി നിര്‍മ്മിക്കുന്നത്. നഞ്ച ഭൂമിയില്‍ നടക്കുന്ന കെട്ടിട നിര്‍മ്മാണത്തിനെതിരെ ഓഫീസ് കെട്ടിടത്തിലേക്ക് യൂത്ത് ലീഗും യുവമോര്‍ച്ചയും മാര്‍ച്ച് നടത്തി.

എന്നാല്‍ കെട്ടിട നിര്‍മ്മാണം നിയമാനുസൃതമാണെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിപിഐ പറയുന്നു. ഈ ഭൂമി 2008 ലെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതല്ല. കെട്ടിടത്തിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയതാണ്, വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ഈ സ്ഥലത്ത് പീറ്റതെങ്ങുകള്‍ ഉള്‍പ്പെടെയുള്ള മരങ്ങള്‍ ഉണ്ടെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
സിപിഐ ഓഫീസ് വരുന്നതില്‍ അസൂയാലുക്കളായ ചിലരാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി അവസാന ഘട്ടത്തിലെത്തിയപ്പോള്‍ നടത്തുന്ന ഈ സമരങ്ങള്‍ക്ക് പിന്നിലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
2017 ലെ കേരള തണീര്‍ത്തട സംരക്ഷണ ഓര്‍ഡിനന്‍സ് പ്രകാരം ഭൂമിയുടെ തരം മാറ്റിയ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ ഇനി പഞ്ചായത്തില്‍ നിന്നും അനുമതി ലഭിക്കുകയുള്ളു.
എന്നാല്‍ മെയ് 6 ന് ഉദ്ഘാടനം നിര്‍വ്വഹിക്കണമെങ്കില്‍ പ്രവൃത്തി നടത്തിയേ മതിയാവൂ പക്ഷെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പണി തുടര്‍ന്നാല്‍ പൊളിച്ചുമാറ്റാന്‍ അധികാരമുണ്ടെന്നാണ് സെക്രട്ടറി പറയുന്നത്.
പഞ്ചായത്ത് അനുമതി ഇല്ലാതെ നിര്‍മ്മിക്കുന്ന കെട്ടിടം, ഇത്തരം കാര്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന കാനം രാജേന്ദ്രന്‍ എങ്ങനെ ഉദ്ഘാടനം ചെയ്യുമെന്ന ചോദ്യവും ഉയരുന്നുണ്ട്.












Click it and Unblock the Notifications