സിപിഎം സമ്മേളനത്തിന് വയല്‍ നികത്തിയ ഭൂമി ഉപയോഗിക്കാമോ...
കൊച്ചി: സംസ്ഥാനത്ത് വയല്‍ നികത്തലിനെതിരെ ഏറ്റവും അധികം സമരങ്ങള്‍ നടത്തിയിട്ടുള്ള പാര്‍ട്ടി ഏതെന്ന് ചോദിച്ചാല്‍ സിപിഎം എന്നായിരിക്കും ഉത്തരം. എന്നാല്‍ ആ പാര്‍ട്ടിയുടെ സമ്മേളനം തന്നെ വയല്‍ നികത്തിയ സ്ഥലത്ത് നടത്തിയാല്‍ എങ്ങനെയിരിക്കും.
ജനുവരി 13 ന് തുടങ്ങുന്ന സിപിഎം എറണാകുളം ജില്ലാ സമ്മേളന വേദിയാണ് ഇപ്പോള്‍ ചര്‍ച്ച. വയല്‍ നികത്തിയ സ്ഥലത്താണ് പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം നടത്തുന്നത്. ജനുവരി 15 നാണ് പൊതു സമ്മേളനം.

നികത്തിയ വയലില്‍ സമ്മേളനം നടത്തുന്നു എന്നത് മാത്രമല്ല പ്രശ്‌നം. സമ്മേളന വേദിയിലേക്ക് കടക്കാന്‍ കടമ്പ തീര്‍ത്ത് ഒരു തോടും ഉണ്ട്. വഴിയുണ്ടാക്കാനായി തോടിന്റെ ഒരു ഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് നികത്തിയെന്നാണ് വേറൊരു ആരോപണം.
എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ മണ്ഡലത്തിലാണ് സംഭവം. വിവരമറിഞ്ഞപ്പോള്‍ മന്ത്രി എഡിഎമ്മിനോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചു. മന്ത്രി പറഞ്ഞത് കേട്ട് എഡിഎമ്മും സംഘവും പരിശോധനക്കെത്തുകയും ചെയ്തു.
തോട് നികത്തിയിട്ടില്ല, വഴിയുടെ ഭാഗത്ത് ഇത്തിരി മണ്ണിട്ട് ഉയര്‍ത്തുക മാത്രമാണ് ചെയ്തതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ വിശദീകരണം. ഇതോടെ റവന്യൂ സംഘം പരിശോധന മതിയാക്കി മടങ്ങുകയും ചെയ്തുവത്രെ.
പാര്‍ട്ടിയുടെ ജില്ലാ സമ്മേളനത്തിനുള്ള വേദിയായി വയല്‍ നികത്തിയ സ്ഥലം തിരഞ്ഞെടുത്തതില്‍ പാര്‍ട്ടിക്കാര്‍ക്ക് തന്നെ എതിര്‍പ്പുണ്ടത്രെ. കഴിഞ്ഞ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് നീര്‍ത്തട സംരക്ഷണ നിയമം നടപ്പിലാക്കിയത്.












Click it and Unblock the Notifications