'പച്ച' പിടിച്ച് സിപിഎം; അപകടം പിടിച്ച നയമുള്ളവരെന്ന് മുസ്ലിം ലീഗ്... കോഴിക്കോട് നിര്‍ണായക യോഗം
കോഴിക്കോട്: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം നടത്തുന്ന സെമിനാറിലേക്ക് മുസ്ലിം ലീഗിന് ക്ഷണം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇക്കാര്യം തൃശൂരില്‍ സ്ഥിരീകരിച്ചു. മുസ്ലിം ലീഗിനോട് തൊട്ടുകൂടായ്മയില്ലെന്നും അവരുടെ എല്ലാ നല്ല നിലപാടിനെയും സിപിഎം എല്ലാ കാലത്തും അംഗീകരിച്ചിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ഗോവിന്ദന്‍ പറഞ്ഞു.
ക്ഷണം ലഭിച്ച കാര്യം സ്ഥിരീകരിച്ച മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഇക്കാര്യം ഇന്ന് നേതാക്കള്‍ മലപ്പുറത്ത് ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു. കോണ്‍ഗ്രസിനെയും ജമാഅത്തെ ഇസ്ലാമിയെയും സെമിനാറിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ലീഗിനെ മാത്രം ക്ഷണിച്ചതിനെതിരെ എന്‍കെ പ്രേമചന്ദ്രന്‍ എംപി പ്രതികരിച്ചു. സിപിഎമ്മിനെ വിമര്‍ശിച്ച് മുസ്ലിം ലീഗ് ദേശീയ സംഘടനാ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ രംഗത്തുവന്നു.

മുസ്ലിം ലീഗിനെയും സമസ്തയെയും ക്രൈസ്തവരെയും ആദിവാസി വിഭാഗങ്ങളെയുമെല്ലാം ക്ഷണിച്ചിട്ടുണ്ട്. ഏകസിവില്‍ കോഡിന്റെ അപകടം മനസിലാക്കിയ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തും. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ വ്യക്തയില്ല. അവരുമായി ചേര്‍ന്ന് പോകാനാകില്ല. ലീഗിനുള്ള ക്ഷണം രാഷ്ട്രീയ മുന്നണി എന്ന നിലയിലല്ല. ലീഗിനോട് തൊട്ടുകൂടായ്മയില്ല. ഇഎംഎസിന്റെ നിലപാടില്‍ തെറ്റില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കുന്ന വിഷയത്തില്‍ മുസ്ലിം ലീഗ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പിഎംഎ സലാം പറഞ്ഞു. ഇന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ ക്ഷണിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യവും ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, ഏക സിവില്‍ കോഡ് വിഷയത്തിലെ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സമസ്ത ഇകെ വിഭാഗം ഇന്ന് വൈകീട്ട് കോഴിക്കോട് യോഗം ചേരുന്നുണ്ട്. സമസ്തയുടെ സമരങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. ഒപ്പം സിപിഎം സെമിനാറില്‍ പങ്കെടുക്കുന്ന കാര്യവും വിഷയമാകും. സമസ്തയുടെ തീരുമാനം മുസ്ലിം ലീഗിന് നിര്‍ണായകമാണ്.
സിപിഎം സെമിനാറില്‍ ചില സംഘടനകളെ ഒഴിവാക്കിയതിന് കാരണം വ്യക്തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്തുവന്നു. മത വര്‍ഗീയ സംഘടനകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒഴിവാക്കിയെന്നും ഭരണഘടന ചേര്‍ത്ത് പിടിക്കുന്ന പ്രഖ്യാപനമാകും സെമിനാര്‍ എന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
വില കുറഞ്ഞ നിലപാടാണ് വിഷയത്തില്‍ സിപിഎം തുടക്കംമുതല്‍ സ്വീകരിച്ചിട്ടുള്ളതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗിനെ മാത്രം ക്ഷണിച്ചത്. സംസ്ഥാന സര്‍ക്കാരാണോ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ പോകുന്നത്. കേന്ദ്ര സര്‍ക്കാരല്ലേ. ഇക്കാര്യത്തില്‍ ബിജെപിയും സിപിഎമ്മും സ്വീകരിക്കുന്ന നിലപാട് സമാനമാണ്. ഹിന്ദു-മുസ്ലിം വിഭാഗീയതയായി ചിത്രീകരിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം എന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
സിപിഎം നയത്തില്‍ സംശയമുണ്ടെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി 24 ന്യൂസിനട് പറഞ്ഞു. ''ഏക സിവില്‍ കോഡ് ചര്‍ച്ചയാക്കിയത് ഇഎംഎസിന്റെ കാലത്താണ്. അവരുടെ സമീപനം അവസരവാദപരമാണ്. സിപിഎം നയങ്ങള്‍ ശുദ്ധമല്ല. എല്ലാ കാര്യത്തിലും അവര്‍ക്ക് ഇരട്ടത്താപ്പ് നയമാണ്. സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും...
മുസ്ലിം ലീഗിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കേണ്ട എന്നാണ് ലീഗിന്റെ ഇതുവരെയുള്ള കാഴ്ചപ്പാട്. വളരെ അപകടം പിടിച്ച നയങ്ങളാണ് സിപിഎമ്മിന്റേത്. ന്യൂനപക്ഷ വിരുദ്ധ സമീപനമാണ്. ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ അതിനെതിരാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും'' ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.












Click it and Unblock the Notifications