ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഎം സെമിനാർ പാർട്ടി സമ്മേളനം പോലെ ചീറ്റിപോയി: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിന്റെ പേരിൽ സി പി എം കോഴിക്കോട് നടത്തിയത് ഏകപക്ഷീയമായ സെമിനാറാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി സമ്മേളനം പോലെ മാറിയ സെമിനാർ ചീറ്റിപ്പോയെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംവാദം നടത്തുമെന്ന പറഞ്ഞ സി പി എം മുസ്ലിം സ്ത്രീകൾക്ക് സംസാരിക്കാൻ അവസരം കൊടുത്തില്ല. ഏകീകൃത സിവില്‍ കോഡിനെ അനുകൂലിക്കുന്നവരെ വിളിക്കാതെ വോട്ട്ബാങ്കിന് വേണ്ടിയുള്ള വൃഥാശ്രമമാണ് സി പി എം നടത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ഭക്ഷണത്തിന് ആർത്തി കാണിക്കും പോലെയാണ് സി പി എം നാല് വോട്ടിന് വേണ്ടിന് പരക്കംപായുന്നത്. സ്ത്രീ സമത്വവും തുല്യതയും പറഞ്ഞിരുന്ന സി പി എം അത് ഉപേക്ഷിച്ചു. വോട്ടിന് വേണ്ടി നിലപാടിൽ വെള്ളം ചേർത്ത സി പി എമ്മിന് മുസ്ലിം വോട്ടുംകിട്ടില്ല കയ്യിലുള്ള ഹിന്ദു വോട്ടും കിട്ടില്ല. കാപട്യത്തിന്റെ അപ്പോസ്തലനായി യെച്ചൂരി മാറിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മുതലപ്പുഴയിലെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നാണ് ബിജെപിയുടെ നിലപാട്. കേന്ദ്രമന്ത്രി വി മുരളീധരന്റെ ശക്തമായ ഇടപെടൽ കാരണമാണ് കേന്ദ്ര പ്രതിനിധി സംഘം മുതലപ്പുഴയിലെത്തുന്നത്. സിൽവർ ലൈനിന്റെ കാര്യത്തിൽ മലക്കം മറഞ്ഞത് സംസ്ഥാന സർക്കാരാണ്. 50 കോടി ചിലവഴിച്ച് ഡിപിആർ ഉണ്ടാക്കിയതിന് സിപിഎമ്മും സർക്കാരും ജനങ്ങളോട് മാപ്പ് പറയണം. കേരളത്തിൽ വേഗതയേറിയ ട്രെയിൻ വേണമെന്നതാണ് ബി ജെ പി നിലപാട്. ഇ.ശ്രീധരന്റെ ബദൽ നിർദ്ദേശം പാർട്ടി വിശദമായി ചർച്ച ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, സിപിഎം മുസ്ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാൻ ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വ്യക്തിനിയമങ്ങളിൽ മാറ്റം വരണമെന്ന് ഇഎംഎസിൻ്റെ കാലം മുതൽ ആവശ്യപ്പെടുന്ന സിപിഎം ഇപ്പോൾ യൂടേൺ അടിച്ചത് വോട്ട് ബാങ്കിൽ കണ്ണു വെച്ചാണ്. കേരളത്തിൽ മതധ്രുവീകരണം നടത്തി പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് അവർ കോഴിക്കോട് സെമിനാർ നടത്തിയത്. സീതാറാം യെച്ചൂരി കാപട്യത്തിൻ്റെ അപ്പോസ്തലനാണ്.
ഒരു മതവിഭാഗത്തിൻ്റെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തേണ്ടത് അവർ തന്നെയാണെന്നാണ് സീതാറാം യെച്ചൂരി കോഴിക്കോട് പറഞ്ഞത്. എന്നാൽ ശബരിമലയിലെ ആചാരങ്ങൾ മാറ്റാനായിരുന്നു പിണറായി സർക്കാരിനും സിപിഎമ്മിനും ധൃതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഇനിയെങ്കിലും അയ്യപ്പഭക്തൻമാരോട് മാപ്പ് പറയാൻ സിപിഎമ്മും സംസ്ഥാന സർക്കാരും തയ്യാറാവണം.അനാവശ്യ വിവാദങ്ങൾ ഉയർത്തി മുസ്ലിംങ്ങളെ ഭയപ്പെടുത്തി കൂടെ നിർത്താനാണ് കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications