സജി ചെറിയാന്റെ രാജി;നിലപാട് വ്യക്തമാക്കാതെ കേന്ദ്രനേതൃത്വം..തീരുമാനം നാളത്തെ സിപിഎം സെക്രട്ടേറിയറ്റിൽ
തിരുവനന്തപുരം; മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാന്റെ രാജി സംബന്ധിച്ച ആവശ്യത്തിൽ നിലപാട് വ്യക്തമാക്കാതെ സി പി എം കേന്ദ്ര നേതൃത്വം. രാജി സംബന്ധിച്ച് സംസ്ഥാ നേതാക്കൾ തീരുമാനമെടുക്കട്ടേയെന്നാണ് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഉചിതമായ തീരുമാനമെടുക്കുമെന്നും വിഷയം ചര്‍ച്ചചെയ്യുകയാണെന്നും നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.സജി ചെറിയാന്റെ വിവാദ പരാമർശം ദേശീയ തലത്തിൽ ഉൾപ്പെടെ വലിയ ചർച്ചയായതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കേന്ദ്ര നേതൃത്വം.ഈ സാഹചര്യത്തിൽ മന്ത്രിക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് മേൽ കേന്ദ്രനേതൃത്വം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് സൂചന.

അതേസമയം നാളെ ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാകും രാജിക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കുക. ഇന്ന് ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയായെങ്കിലും രാജിവെയ്ക്കേണ്ടതില്ലെന്നതാണ് യോഗത്തിൽ ഉയർന്ന ധാരണയെന്നാണ് സൂചന. സംഭവിച്ചത് നാക്ക്പിഴയാണെന്നാണ് യോഗത്തിൽ സജി ചെറിയാൻ വിശദീകരിച്ചത്.വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നും സജി ചെറിയാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പാകെ വ്യക്തമാക്കിയിരന്നു.

അതേസമയം കോടതികളിൽ നിന്നും തീരുമാനം വരുന്നത് വരെ സജി ചെറിയാൻ മന്ത്രിസഭയിൽ നിന്നും മാറി നിൽക്കട്ടെയെന്നാണ് സിപിഐ അടക്കമുള്ള എൽ ഡി എഫ് ഘടകകക്ഷികൾ നിലപാട് അറിയിച്ചിരിക്കുന്നത്. മന്ത്രി രാജി വച്ചില്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും കടുത്ത സത്യപ്രതിജ്ഞാ ലംഘനമാണ് നടന്നതെന്നും ആണ് നിയമ വിദഗ്‍ധർ ചൂണ്ടിക്കാട്ടുന്നത്.
എന്തായാലും നാളെ ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ രാജിക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. യോഗത്തിൽ സജി ചെറിയാൻ രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാടാണ് കൈക്കൊള്ളുന്നതെങ്കിൽ വിഷയം നിയമപരമായി നേരിടാനും പ്രതിഷേധം കടുപ്പിക്കാനുമാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇത് സിപിഎമ്മിനെ കൂടുതൽ പ്രതിസന്ധിയിലെത്തിച്ചേക്കും.

അതിനിടെ സജി ചെറിയാൻ രാഡിവെയ്ക്കേണ്ടതില്ലെന്ന സി പി എം നിലപാടിനെതിരെ ബി ജെ പി രംഗത്തെത്തി.
മന്ത്രി സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ തീരുമാനം ഭരണഘടനയോടും ഭരണഘടനാ ശിൽപ്പികളോടുമുള്ള അവഹേളനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സജി ചെറിയാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇതോടെ ഭരണഘടനയെ അഹേളിച്ചതിലുള്ള പ്രധാന പ്രതി സ്ഥാനത്ത് മുഖ്യമന്ത്രി വന്നിരിക്കുകയാണ്.പരസ്യമായി ഒരു മന്ത്രി ഭരണഘടനയെ അധിക്ഷേപിച്ചിട്ടും അദ്ദേഹത്തിനെതിരെ നടപടി വേണ്ടായെന്ന സി പി എം തീരുമാനം വിനാശകരവും അവിവേകപൂർണവുമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ധിക്കാരപരമായ നിലപാടാണിത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ഈ നിലപാട് ബിജെപി അംഗീകരിക്കില്ല. മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ഗവർണർ പറഞ്ഞത്. മന്ത്രി പറഞ്ഞത് നാക്ക് പിഴ അല്ലെന്നും പ്രസംഗത്തിൽ നിരവധി തവണ അദ്ദേഹം ഭരണഘടനയെ അവഹേളിക്കുന്നുണ്ടെന്നതും വ്യക്തമാണ്. അദ്ദേഹം അത് തിരുത്താൻ പോലും തയ്യാറായില്ല. മന്ത്രിക്ക് രാജിയല്ലാതെ മറ്റ് മാർഗമില്ല. മന്ത്രി സജി ചെറിയാൻ രാജിവെക്കും വരെ ബി ജെ പി നിയമപരമായും രാഷ്ട്രീയമായും പോരാടും. സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സി പി എം ശ്രമിക്കുന്നതെങ്കിൽ അവർക്ക് ഇത് ഇരട്ട പ്രഹരമാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications