കേരളത്തില്‍ 14 സീറ്റ് കിട്ടുമെന്ന് സിപിഎം
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. 14 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും എന്നാണ് സിപിഎം കണക്കാക്കുന്നത്.
വയനാട്, മലപ്പുറം സീറ്റുകളിലാണ് സിപിഎമ്മിന് തീരെ പ്രതീക്ഷയില്ലാത്തത്. മറ്റ് മണ്ഡലങ്ങളിലെ തോല്‍വി ചെറിയ വോട്ടുകളുടെ വ്യത്യാസത്തിലായിരിക്കും എന്നും സിപിഎം കണക്കാക്കുന്നു. എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും നിന്നുള്ള കണക്കുകള്‍ പരിശോധിച്ചാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.

കൊല്ലവും വടകരയും ആയിരുന്നു ഇത്തവണ സിപിഎമ്മിന്റെ അഭിമാന പോരാട്ടം നടന്ന മണ്ഡലങ്ങള്‍. ഈ രണ്ട് മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തിന് സിപിഎം സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കൊല്ലത്ത് അമ്പതിനായിരത്തിലധികവും വടകരയില്‍ ഇരുപത്തി അയ്യായിരത്തിലധികവും ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് സിപിഎമ്മിന്റെ കണക്ക്.
ചരിത്രത്തിലാദ്യമായി പൊന്നാനി മണ്ഡലത്തില്‍ മുസ്ലീം ലീഗ് പരാജയപ്പെടുമെന്നും സിപിഎം വിലയിരുത്തുന്നുണ്ട്. മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം വി അബ്ദുറഹ്മാന്‍ ആയിരുന്നു പൊന്നാനിയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി. ഇത്തവണ മത്സരിച്ച അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളതെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി.എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചുവെന്ന് പറയുന്നുണ്ടെങ്കിലും പലയിടത്തും ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട് .












Click it and Unblock the Notifications