എംടിയുടെ പരാമര്‍ശം: സാഹിത്യകാരന്‍മാര്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് എകെ ബാലന്‍
തിരുവനന്തപുരം: സാഹിത്യകാരന്മാരുടെ പരാമര്‍ശങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്ന പാര്‍ട്ടിയാണ് സി പി എം പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. പാര്‍ട്ടി സെക്രട്ടറി തന്നെ അക്കാര്യത്തില്‍ വ്യക്തത വരുത്തിയതാണ് എന്നും പാര്‍ട്ടിയിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പറ്റുന്ന പിശക് തിരുത്താന്‍ സി പി എമ്മില്‍ പ്രത്യേക സംവിധാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി പി എമ്മിന്റെ അജണ്ടകളിലൊന്നാണ് തെറ്റ് തിരുത്തല്‍ പ്രക്രിയ. ഇന്ത്യയിലെ മറ്റൊരു പാര്‍ട്ടിക്കും അത് അവകാശപ്പെടാന്‍ ആകില്ല. സാഹിത്യകാരന്‍മാരായ എം ടി വാസുദേവന്‍ നായരുടേയും എം മുകുന്ദന്റെയും പരാമര്‍ശങ്ങളെല്ലാം തെറ്റ് തിരുത്തല്‍ പ്രക്രിയ നടത്തുമ്പോള്‍ പാര്‍ട്ടി പരിശോധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി പി എം ജനവികാരങ്ങള്‍ മാനിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് എന്നും ബാലന്‍ പറഞ്ഞു.

എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും തങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ ഉണ്ടാകും എന്നും എം ടിയെ സി പി എമ്മിന്റെ ചെരിപ്പ് നക്കിയെന്ന് പരാമര്‍ശിച്ചവരാണ് ഇപ്പോള്‍ എം ടിയെ പുകഴ്ത്താന്‍ ശ്രമിക്കുന്നതെന്നും എ കെ ബാലന്‍ ചൂണ്ടിക്കാട്ടി. സാഹിത്യകാരന്മാരുടെ ഇത്തരം പരാമര്‍ശങ്ങളില്‍ യാതൊരു വിഷമതകളും സി പി എമ്മിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കെ എല്‍ എഫ് ഉദ്ഘാടന ചടങ്ങിനിടെ അധികാരവും ആധിപത്യവും ഉണ്ടാക്കുന്ന ദുഷ്പ്രവണതകളെ കുറിച്ച് എം ടി പറഞ്ഞിരുന്നു.
ഇ എം എസിന്റെ മാതൃകയെ പ്രശംസിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയിലുള്ള എം ടിയുടെ പ്രസംഗം. ഇതോടെ എം ടി ഉദ്ദേശിച്ചത് പിണറായി വിജയനെ ആണ് എന്ന തരത്തില്‍ വ്യാഖാനങ്ങള്‍ വന്നു. എന്നാല്‍ പാര്‍ട്ടിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളും എം ടി വാസുദേവന്‍ നായര്‍ പറഞ്ഞ വാക്കുകള്‍ സംബന്ധിച്ച വിവാദങ്ങളും രാഷട്രീയപ്രേരിതമാണ് എന്നായിരുന്നു സി പി എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.
ഏത് വിമര്‍ശനത്തെയും പരിശോധിക്കാന്‍ സി പി എം തയ്യാറാണ്. 1998 ലാണ് എം ടി ഇക്കാര്യങ്ങള്‍ ആദ്യമായി പറഞ്ഞത്. എം ടി പറഞ്ഞത് എല്‍ ഡി എഫ് സര്‍ക്കാരിനെ കുറിച്ച് അല്ല എന്നും ഇക്കാര്യങ്ങള്‍ എല്ലാ കാലത്തും പ്രസക്തമാണ് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications