കൊച്ചിയില്‍ 88കാരി കൊല്ലപ്പെട്ടത് പീഡനത്തിനിടെ; സഹോദരന്റെ മകന്‍ അറസ്റ്റില്‍, റിമാന്‍ഡില്‍
കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ 88കാരി കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെയെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇതുമായി ബന്ധപ്പെട്ട സൂചന ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് മരിച്ച സ്ത്രീയുടെ സഹോദരന്റെ മകനെ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
പ്രതിയുടെ അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവരില്‍ നിന്ന് വിശദമായ മൊഴിയെടുക്കുമെന്ന് എസ് എച്ച് ഒ വിജയ് ശങ്കര്‍ പറഞ്ഞു. 45 വയസുള്ള ആളാണ് പ്രതി. പ്രതിയുടെ ഭാര്യ അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. പീഡന ശ്രമം ചെറുത്തപ്പോള്‍ സ്ത്രീയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വയോധികയെ പ്രതിയും ബന്ധുക്കളും ചേര്‍ന്ന് കച്ചേരിപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവരെ നേരത്തെ തന്നെ മരിച്ചതായി ആശുപത്രിയിലെ പരിശോധനയില്‍ വ്യക്തമായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റിരുന്നു. ഈ പരിക്കുകള്‍ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ത്രീയുടെ സഹോദരന്റെ മകന്റെ പെരുമാറ്റത്തിലും സംശയം തോന്നിയിരുന്നു.
തുടര്‍ന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. അവിവാഹിതയായ വയോധിക എറണാകുളം നോര്‍ത്തിലെ ഇരുനില വീട്ടില്‍ സഹോദരന്റെ മകനും ഭാര്യയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവരും തമ്മിൽ കുടുംബവഴക്ക് പതിവായിരുന്നെന്നാണ് അയൽവാസികളുടെ മൊഴി.
വീട്ടുവേലയ്ക്കുംമറ്റും പോയിരുന്ന വൃദ്ധ ഏതാനും വർഷമായി ജോലിക്ക് പോയിരുന്നില്ല. ഇതേച്ചൊല്ലി പ്രതിയും ഇവരും തമ്മിൽ തർക്കമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് മുന്നേ പീഡനം നടന്നതായി വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ ലൈംഗിക ആവശ്യം ഭാര്യ നിരസിച്ചതും ഭാര്യയ്ക്ക് വേറെ ബന്ധമുണ്ടെന്ന സംശയവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പൂറവന്‍ മുഹമ്മദ് റഫീക്കാണ് അറസ്റ്റിലായത്.
ഏലംകുളം വായനശാലയ്ക്കു സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്നയാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവദിവസം രാത്രി ഭക്ഷണശേഷം നാലരവയസ്സുള്ള മകളോടൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു ഇരുവരും. ഇതിനിടയില്‍ റഫീഖ് ലൈംഗികാവശ്യം ഉന്നയിച്ചു. ഫഹ്ന നിരാകരിച്ചു. ഇതിന്റെ വിരോധത്താല്‍ കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications