കുട്ടികള്‍ക്ക് നേരെയുള്ള ബലാത്സംഗം 158 % കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് കുറ്റ കൃത്യങ്ങളുടെ എണ്ണത്തില്‍ 145.70 ശതമാനം വര്‍ദ്ധനയെന്ന് കണക്കുകള്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്ത നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടിലാണ് കുറ്റകൃത്യങ്ങളില്‍ ഉണ്ടായിട്ടുള്ള ഞെട്ടിപ്പിക്കുന്ന വര്‍ദ്ധന വെളിവായിട്ടുള്ളത്. ആഭ്യന്തരമന്ത്രിയായിരുന്ന തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്ഥാനമൊഴിയുന്നതിന് മുമ്പ് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞതിലധികവും കള്ളമായിരുന്നുവെന്ന് സ്ഥാപിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
യിഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ 32 മാസത്തെ കണക്കും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ 32 മാസത്തെ കണക്കും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴാണ് ഇത്രയും വര്‍ദ്ധന ഉണ്ടായിട്ടുള്ളത്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മാത്രം 40.08 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 24405 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ അത് 34187 ആയി . പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസുകളിലെ വര്‍ദ്ധന ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം കേസുകള്‍ 158.16 ശതമാനം കൂടിയിട്ടുണ്ട്. ശൈശവവിവാഹമടക്കമുള്ള കേസുകള്‍ 250 ശതമാനമാണ് കൂടിയത്.
സ്ത്രീകള്‍ക്ക് നേരെയുള്ള കൊലപാതക ശ്രമങ്ങള്‍ 60 ശതമാനം കൂടി. 2870 ബലാല്‍സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1376 എണ്ണവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. സ്ത്രീകളെ അപമാനിച്ചതിന് 10,013 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
യുഡിഎഫ് ഭരണകാലത്ത് 13,24,043 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 5,38,889 കേസുകള്‍ മാത്രമായിരുന്നു ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. അബ്കാരി കേസുകളാണ് ഏറ്റവുമധികം കൂടിയിട്ടുള്ളത്. 561.57 ശതമാനം. ഐടി ആക്ട് പ്രകാരമുള്ള കേസുകളില്‍ 432.52 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി.
കെ.ടി.ജലീല്‍, ജി.സുധാകരന്‍, ജെയിംസ് മാത്യൂ, എ.പ്രദീപ് കുമാര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ രേഖാമൂലമുള്ള മറുപടിയുടെ അനുബന്ധമായി നല്‍കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. എന്നാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടിട്ടില്ലെന്നാണ് മന്ത്രിയുടെ മറുപടി












Click it and Unblock the Notifications