ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസിൽ കലാപം, പ്രസിഡണ്ട് സ്ഥാനം രാജി വെക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന് സംഘടനയുടെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ടാണ് ഷാഫി പറമ്പിലിന് എതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പന്ത്രണ്ട് പേര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും ഷാഫി പറമ്പില്‍ മാത്രമാണ് വിജയിച്ചത്. അതും നേരിയ ഭൂരിപക്ഷത്തിലാണ് പാലക്കാട് മണ്ഡലത്തില്‍ ഷാഫിയുടെ വിജയം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടായ കെഎസ് ശബരീനാഥന്‍ സിറ്റിംഗ് സീറ്റായ അരുവിക്കരയില്‍ നിന്ന് തോറ്റു. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഷാഫി പറമ്പില്‍ തന്റെ ഇഷ്ടക്കാരെ തിരുകി കയറ്റി എന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഷാഫി പറമ്പില്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് എന്നും സംസ്ഥാന നേതാക്കള്‍ കുറ്റപ്പെടുത്തി. തവനൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസിന് ലഭിക്കേണ്ടതായിരുന്നുവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. അത് ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നം പറമ്പിലിന് നല്‍കിയത് പണം വാങ്ങിയാണോ എന്നും യോഗത്തില്‍ ചോദ്യം ഉയര്‍ന്നു.

ഷാഫി പറമ്പിലിനെ മുഴുവന്‍ സമയം സംഘടനയെ നയിക്കാന്‍ കിട്ടുന്നില്ലെന്ന് നേതാക്കള്‍ പരാതിപ്പെട്ടു. യൂത്ത് കോണ്‍ഗ്രസിന് ഒരു മുഴുവന്‍ സമയ നേതാവിനെ ആണ് ആവശ്യമുളളത്. സംസ്ഥാന നേതാക്കള്‍ വിളിച്ചാല്‍ പോലും ഷാഫി പറമ്പിലിന് ഇപ്പോള്‍ ഫോണ്‍ എടുക്കാന്‍ സമയം ഇല്ലെന്നും മറ്റ് നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രസിഡണ്ട് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും സംസ്ഥാന കമ്മിറ്റിയില്‍ ആലോചനകള്‍ നടക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായ വന്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷാഫി പറമ്പില്‍ സംസ്ഥാന പ്രസിസണ്ട് സ്ഥാനം രാജി വെക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications