
ന്യൂ ഇയറിന് കൊച്ചിയെ കാത്തിരിക്കുന്നത് വലിയ വിപത്ത്; രണ്ടും കല്‍പ്പിച്ച് തടയണം, ഇല്ലെങ്കില്‍
കൊച്ചി: പുതുവത്സരാഘോഷങ്ങള്‍ പ്രമാണിച്ച് കൊച്ചിയില്‍ വന്‍ ലഹരി ഇടപാടുകള്‍ നടക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ന്യൂയര്‍ ദിനത്തില്‍ വലിയ രീതിയിലുള്ള ലഹരി പാര്‍ട്ടി നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇതിന് തടയിടാന്‍ അന്വേഷണ ഏജന്‍സികള്‍ വലിയ രീതിയിലുള്ള നീക്കം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കര്‍ശന പരിശോധന നടത്താനാണ് അന്വേഷണ ഏജന്‍സികളുടെ നീക്കം.

വമ്പന്‍ ലഹരി പാര്‍ട്ടികളും ഇടപാടുകളും തടയാന്‍ അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് സംയുക്ത നീക്കം നടത്താണ് പദ്ധതി. സംസ്ഥാന - കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. പ്രത്യേക ദൗത്യ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. പുതുവത്സരത്തിന് മുന്നോടിയായി പരിശോധനകള്‍ കര്‍ശനമാക്കി ലഹരിയുടെ ഒഴുക്ക് തടയാന്‍ നടപടി തുടങ്ങി.

എം ഡി എം എ, എല്‍ എസ് ഡി ഉള്‍പ്പടെയുള്ള സിന്തറ്റിക് ലഹരികളുടെ പ്രധാന ഹബ്ബായി മാറിയിരിക്കുകയാണ് കൊച്ചി. അതുകൊണ്ട് തന്നെ ശക്തമായ ഇടപെടല്‍ നടത്തി തടയിടാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം. സംസ്ഥാനത്തെ എക്‌സൈസ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോകള്‍ ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളാണ് കൈകോര്‍ക്കുന്നത്.

ലഹരി വ്യാപനം തടയുന്നതിനൊപ്പം ഉറവിടം കണ്ടെത്തി ലഹരിയുടെ വേരറുക്കുകയാണ് ലക്ഷ്യം. അന്തര്‍ സംസ്ഥാന രാജ്യാന്തര ബന്ധങ്ങളിലേക്ക് നീളുന്ന സിന്തറ്റിക് ലഹരിക്കേസുകളില്‍ സംയുക്തി ദൗത്യം ഏറെ ഗുണം ചെയ്യും. കൂടാതെ കുറ്റവാളികളെ കണ്ടെത്താന്‍ വിപുലമായ സാങ്കേതിക സംവിധാനങ്ങളും പ്രയോജനപ്പെടുത്തും.

പുതുവത്സര ദിനത്തില്‍ കോടികളുടെ ലഹരി ഒഴുകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് തടയുന്നതിനായി ബാര്‍, ഹോട്ടല്‍ ഉടമകളുടെ സഹകരണം ഉറപ്പാക്കും. ഇതിന് മുന്നോടിയായി ഉദ്യോഗസ്ഥരും ബാറുടമകളും അടങ്ങുന്ന സംയുക്ത കൂട്ടായ്മയ്ക്ക് രൂപം ലഹരി ഇടപാടുകളുമാൈയി ബന്ധപ്പെട്ട് നടപടി നേരിട്ട സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി നിരീക്ഷണം ശക്തമാക്കും.

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ ലഹരി വേട്ടയാണ് നടന്നുവരുന്നത്. മാരക ലഹരി മരുന്നായ എം ഡി എം എയുമായി യുവാവ് ഈരാറ്റുപേട്ട എക്‌സൈസിന്റെ പിടിയിലായിരുന്നു. കളത്തൂക്കടവ് വെട്ടിപ്പറമ്പ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആനോണ്‍ സിബി (19) എന്ന യുവാവാണ് പിടിയിലായത്. ഇയാളില്‍ നിന്നും 6ഗ്രാം എം ഡി എം എ കണ്ടെടുത്തു.

ആവശ്യക്കാരെ മൊബൈല്‍ ഫോണ്‍ വഴി കണ്ടെത്തി അതീവ രഹസ്യമായാണ് മയക്കുമരുന്ന് കൈമാറ്റം നടന്നിരുന്നത്. ഒരു ഗ്രാം ലഹരി മരുന്നിന് 3500 രൂപയാണ് ഈടാക്കിയിരുന്നത്. ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് 5000 രൂപ നിരക്കില്‍ വില്‍ക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. യുവാക്കള്‍ക്കിടയില്‍ ഇത്തരം ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്നുണ്ട്.

തങ്കളം കാക്കനാട് ബൈപാസ്സ് റോഡില്‍ നടന്ന റെയ്ഡില്‍ അസം നാഘോന്‍ ജില്ലക്കാരന്‍ മുബാറക് 100 ചെറിയ കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന ബ്രൗണ്‍ ഷുഗറുമായി പിടിയിലായി. രാത്രിയിലും മറ്റും ടൗണ് കേന്ദ്രികരിച്ചു മയക്കു മരുന്നുകളുടെ വില്പനയും വിതരണവും നടക്കുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇരമല്ലൂര്‍ ഭാഗത്തു നിന്ന് കഞ്ചാവുമായി നെല്ലിക്കുഴി കുന്നുംപുറത്തു അബ്ദുല്‍ കരിമിനെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ ഒറീസ്സ, അസ്സം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്ന് കടത്തുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്.

ഇതിനിടെ, മയക്കുമരുന്ന് കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. റിമാന്‍ഡിലായ ശേഷം പ്രതിക്ക് ജാമ്യം നല്‍കാതെ തന്നെ വടകര എന്‍ ഡി പി എസ് സ്‌പെഷ്യല്‍ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷവിധിക്കുകയായിരുന്നു.
2021 ഡിസംബര്‍ മാസം 15 തീയതിയാണ് 0.1586 ഗ്രാം എല്‍ എസ് ഡി സ്റ്റാമ്പുമായി കണ്ണൂര്‍ നീര്‍ക്കടവ് സ്വദേശി 25 വയസ്സുള്ള പ്രജൂണ്‍ എക്‌സൈസ് പിടിയിലായത്.