ദളിത് ചിന്തകനും സാമ്പത്തിക വിദഗ്‌ധനുമായ എം കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക വിദഗ്‌ധനും, ദളിത് ചിന്തകനമായ ഡോ. എം കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവിതത്തിലുടനീളം ജാതിവിവേചനത്തിനെതിരെ ശക്തമായ പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹം.
സുഹൃത്തുക്കളുടെ ഫോണിന് പ്രതികരണം ഇല്ലാതെ വന്നതോടെ വീട്ടിൽ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു ഉള്ളത്. ഭാര്യ ചികിത്സയുമായി ബന്ധപ്പെട്ട് മലപ്പുറത്തായിരുന്നതിനാൽ വീട്ടിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. മകൾ വിദേശത്താണ്. പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഏതാണ്ട് 27 വർഷത്തോളം കേരള സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍. താൻ നേരിട്ട ജാതിവിവേചനങ്ങളെ കുറിച്ച് തുറന്നെഴുതിയ 'എതിർ' എന്ന ആത്മകഥയ്ക്ക് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു. 2006ൽ കേരള സർവകലാശാലയിൽ നിന്ന് രാജിവച്ച് മഹാരാഷ്ട്രയിലെ ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ അധ്യാപകനായി.
ഇടതുപക്ഷ നിലപാട് മുന്നോട്ട് വയ്ക്കുന്ന ദളിത് ചിന്തകനും എഴുത്തുകാരനുമായിരുന്ന കുഞ്ഞാമൻ ദളിത്-സാമ്പത്തിക ശാസ്ത്ര മേഖലകളില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയാണ് സ്വദേശം.
മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് വിദ്യാര്‍ത്ഥിയായിരുന്നു കുഞ്ഞാമന്‍. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് 1974ലാണ് അദ്ദേഹം എംഎ ബിരുദം നേടിയത്.












Click it and Unblock the Notifications