ഇന്നും റേഷന്‍ വിതരണം മുടങ്ങി; മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള സമയം നീട്ടി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി. ഇന്നും റേഷന്‍ വിതരണം മുടങ്ങിയതോടെ ആണ് സമയ പരിധി നീട്ടി നല്‍കിയത്. ഇ പോസ് മെഷീന്റെ സര്‍വര്‍ തകരാറിലായിരുന്നു. ഇതോടെ ആണ് ഇന്നും റേഷന്‍ വിതരണം തടസപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ റേഷന്‍ കടകളിലെത്തിയ ആളുകളില്‍ പലരും അരി വാങ്ങാന്‍ കഴിയാതെ മടങ്ങിപ്പോകുകയായിരുന്നു.
ഇതോടെയാണ് റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടിയത്. പുതിയ തീരുമാനം പ്രകാരം ഏപ്രില്‍ 6 വരെ മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാം. ഇക്കഴിഞ്ഞ ബുധനാഴ്ച ആണ് റേഷന്‍ കടകളില്‍ അരി എത്തിയത്. വ്യാഴും വെള്ളിയും അവധി ആയിരുന്നതിനാല്‍ ഇന്ന് ആളുകള്‍ കൂട്ടത്തോടെ എത്തി. ഇതാണ് സെര്‍വര്‍ തകരാറിലാകാന്‍ കാരണം. നാളെയും അവധി ആയതിനാലാണ് എല്ലാവരും ഇന്ന് കൂട്ടത്തോടെ എത്തിയത്.

റേഷന്‍ മസ്റ്ററിംഗ് പ്രതിസന്ധി, സെര്‍വര്‍ തകരാര്‍ തുടങ്ങി റേഷന്‍ വാങ്ങാനെത്തുന്ന സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. അതേസമയം സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട് എന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഇത് പരിഹരിക്കാന്‍ പുതിയ സെര്‍വര്‍ വാങ്ങാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നിലവിലുള്ള സെര്‍വറിന് പുറമെ അധിക സെര്‍വര്‍ സജ്ജീകരിക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഈ മാസം 31 നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഇത് പ്രകാരം ഈ മാസം 15, 16, 17 തിയതികളില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായും നിര്‍ത്തി വച്ച് മസ്റ്ററിങ്ങ് നടത്താനും സംസ്ഥാന ഭക്ഷ്യ വകുപ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ മൂലം മസ്റ്ററിങ് സുഗമമായി നടത്താനായില്ല.
ഇതോടെ മസ്റ്ററിങ് താല്‍കാലികമായി നിര്‍ത്തി വെക്കുകയും ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഒരു കോടി അമ്പത്തിനാല് ലക്ഷത്തോളം മഞ്ഞ - പിങ്ക് കാര്‍ഡ് ഉടമകള്‍ ആണ് മസ്റ്ററിങ് നടത്താനുള്ളത്. ഇതില്‍ 22 ലക്ഷം ആളുകള്‍ക്ക് മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ മസ്റ്ററിങ് ചെയ്യാനായിരുന്നത്. അനുവദിച്ച സമയത്തിനകം മസ്റ്ററിങ് പൂര്‍ത്തിയാക്കാനാകില്ലെന്ന് സംസ്ഥാനം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.












Click it and Unblock the Notifications