പി ടി തോമസ് മരിച്ചിട്ടും പക സൂക്ഷിക്കാന്‍ എം എം മണിയ്ക്ക് മാത്രമെ കഴിയൂ: ഡീന്‍ കുര്യാക്കോസ്
ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും എം എ എല്‍യുമായിരുന്ന പി ടി തോമസിനെതിരായ മുന്‍ മന്ത്രിയും സി പി ഐ എം നേതാവുമായ എം എം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്. ഒരാള്‍ മരിച്ചിട്ടും മറക്കാനാകാത്ത പക സൂക്ഷിക്കാന്‍ എം എം മണിയ്ക്ക് മാത്രമെ കഴിയൂവെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
തൊടുപുഴയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവാരത്തകര്‍ച്ചയുടെ ഉദാഹരണമാണ് എം എം മണിയുടെ പ്രസ്താവനയെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു. 'എം എം മണിയുടേത് മാന്യതയും മര്യാദയും ഇല്ലാത്ത ഒരു പ്രവൃത്തിയായിപ്പോയി. അത് തിരുത്തും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ഞാനിപ്പോഴുമുള്ളത്,' ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
പി ടി തോമസ് ദ്രോഹിയായിരുന്നെന്നായിരുന്നു എം എം മണിയുടെ വിവാദ പ്രസ്താവന. സി പി ഐ എമ്മിനെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച വ്യക്തിയാണ് പി ടി തോമസെന്നും തനിക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ മുന്നില്‍ നിന്നയാളായിരുന്നു പി ടി തോമസെന്നും ഉടുമ്പന്‍ചോല എം എല്‍ എ കൂടിയായ എം എം മണി പറഞ്ഞിരുന്നു.

ആര് മരിച്ചാലും ഖേദം പ്രകടിപ്പിക്കും, അതൊരു മര്യാദ മാത്രമാണ്. സൈമണ്‍ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിലെല്ലാം പിന്നില്‍ പി ടി തോമസിന് പങ്കുണ്ട്. മരിച്ച് കിടന്നാലും ഞങ്ങള്‍ക്ക് പറയാനുള്ളത് പറയുമെന്നായിരുന്നു എം എം മണിയുടെ പ്രസ്താവന.
സി പി ഐ എം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കിയെ അത്രയും ദ്രോഹിച്ച ആളാണ് പി ടി തോമസെന്നും മണി പറഞ്ഞിരുന്നു.
പി ടി തോമസ് മരിച്ചതിന് ശേഷം പുണ്യാളനാണെന്ന് പറഞ്ഞാല്‍ താന്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മണിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ലെന്നായിരുന്നു ഇന്നും അദ്ദേഹം പറഞ്ഞത്.
അതേസമയം എം എം മണി എന്ന ലോക ആഭാസന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് പി ടി തോമസിന് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജെയ്‌സണ്‍ ജോസഫ് പറഞ്ഞിരുന്നു. പി ടി തോമസിന്റെ പേര് ഉച്ഛരിക്കാനുള്ള യോഗ്യത പോലും ഇല്ലാത്ത ആളാണ് എം എം മണിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications