കേരള മന്ത്രിസഭയുടെ ഡല്‍ഹി സമരം: ഇന്ത്യാ സഖ്യകക്ഷിനേതാക്കളും പങ്കെടുത്തേക്കും
ഡൽഹി: സംസ്ഥാനത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഫെബ്രുവരി 8 ന് ഡൽഹിയിലെ ജന്തർ മന്തറിൽ എൽഡിഎഫ് നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യാ സഖ്യത്തിലെ നേതാക്കളും പങ്കെടുത്തേക്കും. ഡിഎംകെ ഉള്‍പ്പെടേയുള്ള കക്ഷികള്‍ ഇതിനോടകം തന്നെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എല്ലാ മതേതര പാർട്ടികളെയും നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്നും അവരില്‍ പലരും മികച്ച രീതിയിലാണ് പ്രതികരിച്ചതെന്നും സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കുന്ന പ്രതിഷേധത്തിൽ ഡി എം കെ, എൻ സി പി, ആർ ജെ ഡി തുടങ്ങിയ കക്ഷികള്‍ പങ്കെടുക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് പ്രതിഷേധത്തിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചപ്പോഴാണ് ഇന്ത്യാ സഖ്യത്തിലെ നേതാക്കള്‍ വരുന്നത് എന്നതാണ് ശ്രദ്ധേയം.

"അർഹമായ വിഹിതം ലഭിക്കുന്നതിനായി ഞങ്ങൾ കേരളത്തിൻ്റെ ശബ്ദം ഉയർത്തുകയാണ്. ദേശീയ വിഭവങ്ങൾ പങ്കിടുമ്പോൾ, ഫെഡറൽ ഘടനയിൽ ഓരോ സംസ്ഥാനത്തിനും അർഹമായ വിഹിതം ലഭിക്കാൻ അവകാശമുണ്ട്, " ബിനോയ് വിശ്വം പറഞ്ഞു.സംസ്ഥാനത്തും കേന്ദ്രത്തിലും വ്യത്യസ്‌ത പാർട്ടികൾ ഭരണം നടത്തിയേക്കാം, അതാണ് പതിവ്. എന്നാൽ ബി ജെ പി ഭരണത്തിന് കീഴിൽ അങ്ങനെയല്ലെന്നും സി പി ഐ നേതാവ് പറഞ്ഞു.
പിണറായി വിജയനയച്ച കത്തിലാണ് സമരത്തില്‍ ഡി എം കെയും പങ്കെടുക്കുമെന്ന് അറിയിച്ചത്. സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ബിജെപിയ്ക്ക് ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കുമെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു. ഡൽഹി ജന്തർ ജന്തറിൽ ഫെബ്രുവരി എട്ടിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമരം. സമരം രാംലീല മൈതാനത്തിലേക്ക് മാറ്റാണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തീരുമാനം പിന്നീട് മാറ്റുകയായിരുന്നു.
കേരളത്തിനുള്ള കേന്ദ്ര നികുതിവിഹിതത്തിലും വായ്പാ അനുമതിയിലും വലിയ വെട്ടിക്കുറവുണ്ടാകുന്നതായി എല്‍ഡിഎഫ് ആരോപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിന്റെ വിഭവങ്ങളെ ചോർത്തുന്നു. ഇത്തരം കാര്യങ്ങളാണ് സുപ്രീംകോടതിയിൽ കേരളം ഉന്നയിക്കുന്നത്. ഡൽഹിയിൽ ഈ മാസം എട്ടിന് കേരളം നടത്തുന്ന സമരത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.
നികുതിവിഹിതത്തിന്റെ 17.939 ശതമാനം ഉത്തർപ്രദേശിന് ലഭിക്കുന്നു. ബിഹാറിന് 10.058 ശതമാനവും മധ്യപ്രദേശിന് 7.85 ശതമാനവും മഹാരാഷ്‌ട്രയ്‌ക്ക് 6.317 ശതമാനവും ഗുജറാത്തിന് 3.478 ശതമാനവും ലഭിക്കുന്നു. കേരളത്തിനാകട്ടെ 1.925 ശതമാനവും. ഈ കുറവ് തുറന്നുകാട്ടുമ്പോൾ, കേരളത്തിന് റവന്യു കമ്മി ഗ്രാന്റ് അനുവദിച്ചിട്ടുണ്ടെന്നും, ഉയർന്ന വിഹിതം ലഭിച്ച സംസ്ഥാനങ്ങൾക്ക് ഈ ഗ്രാന്റ് ഇല്ലെന്നുമാണ് മറുപടി. കേരളത്തിന് അനുവദിച്ച ആകെ റവന്യു കമ്മി ഗ്രാന്റ് 37,814 കോടി രൂപയാണ്.
പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ദുരന്ത നിവാരണം, തദ്ദേശ സ്ഥാപനങ്ങൾവഴി നടത്തുന്ന ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പ്രത്യേക മേഖലാ ഗ്രാന്റായി 14,899 കോടി രൂപയും അനുവദിച്ചു. ഇതിൽ ഈ വർഷത്തെ വിഹിതവും നിഷേധിക്കപ്പെടുകയാണ്. എന്നാൽ, 17.939 ശതമാനം നികുതിവിഹിതം ലഭിക്കുന്ന ഉത്തർപ്രദേശിന് അനുവദിച്ച പ്രത്യേക മേഖലാ ഗ്രാന്റ് 83,995 കോടി രൂപ. മഹാരാഷ്‌ട്രയ്‌ക്ക് കിട്ടിയത് 61,904 കോടി. പത്തു ശതമാനത്തിലേറെ നികുതിവിഹിതം കിട്ടിയ ബിഹാറിനും 46,624 കോടിയുണ്ട്. മധ്യപ്രദേശിനും കിട്ടി 40,766 കോടി. വലിയ വരുമാനമുള്ള സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിന് മൂന്നര ശതമാനം നികുതിവിഹിതവും 30,549 കോടിയുടെ പ്രത്യേക മേഖലാ ഗ്രാന്റുകളും കിട്ടിയെന്നും എല്‍ ഡി എഫ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications