കൊവിഡ് ഒഴിയും മുൻപ് മറ്റ് പകർച്ചവ്യാധികളും! സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും!
തിരുവനന്തപുരം: കൊവിഡില്‍ നിന്ന് കരകയറുന്നതിനിടെ പകര്‍ച്ച വ്യാധി ഭീഷണിയില്‍ കേരളം. ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥാനത്ത് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് 47 പേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. പത്ത് ദിവസത്തിനിടെ 22 പേര്‍ക്ക് എലിപ്പനി ബാധിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.
മഴക്കാലം എത്തുന്നതോടെ കൂടുതല്‍ പകര്‍ച്ച വ്യാധികളെ കുറിച്ച് ജാഗ്രത വേണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചിക്കന്‍ഗുനിയ, എച്ച്1എന്‍1 പോലുളള പകര്‍ച്ചവ്യാധികളെയും മഴക്കാലത്ത് ഭയക്കേണ്ടതുണ്ട്. ചൊവ്വാഴ്ച നിരവധി പേരാണ് പനിയുമായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
ഇവരില്‍ 12 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അതേസമയം 46 പേരില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ആശങ്ക ഉയര്‍ത്തിയ കാസര്‍കോഡ് ജില്ലയില്‍ 19 പേര്‍ക്കാണ് ഡെങ്കിപ്പനി സംശയിക്കുന്നത്. പത്തനംതിട്ടയില്‍ 7 പേര്‍ക്കും ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നുണ്ട്. അതേസമയം കൊല്ലത്ത് 7 പേര്‍ക്ക് ഡെങ്കിപ്പനി ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 437 പേരാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്. 10 ദിവസം കൊണ്ടാണ് 47 പേര്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 52 പേര്‍ക്ക് എലിപ്പനിയും സംശയിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മഴക്കാല ശുചീകരണം അടക്കമുളള പ്രവർത്തനങ്ങൾ കാര്യമായി നടക്കാത്തതാണ് പകർച്ചവ്യാധികൾ പടരുന്നതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ സംസ്ഥാനത്ത് ഇന്നലെ 5 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ കുവൈറ്റില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 32 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 31,616 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 31,143 പേര്‍ വീടുകളിലും 473 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 95 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications