Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൈതോലപ്പായയില്‍ 2.35 കോടി', സിപിഎം ഉന്നതനെതിരെ കൈക്കൂലി ആരോപണം; അന്വേഷിക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സി പി എം ഉന്നത നേതാവിനെതിരെ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ സാമ്പത്തിക ആരോപണത്തില്‍ കേസെടുക്കണമെന്ന ആവശ്യം ശക്തം. സി പി എമ്മിലെ ഉന്നതന്‍ ഭീമമായ തുക കൈക്കൂലി വാങ്ങി പായയില്‍ പൊതിഞ്ഞു കൊണ്ടുപോയെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസെടുക്കണമെന്നും ശക്തിധരന്റെ മൊഴി എടുക്കണമെന്നും ബെന്നി ബെഹന്നാന്‍ ആവശ്യപ്പെട്ടു.

'ദേശാഭിമാനി പത്രാധിപരായിരുന്ന ജി ശക്തിധരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുകയാണ്.. ഒരു ഉന്നതനായ വ്യക്തി രണ്ടുകോടി മുപ്പത്തിഅഞ്ചുലക്ഷം രൂപാ കൈക്കൂലി വാങ്ങി എന്നതാണ് ആ വാര്‍ത്ത. സി പി എം നേതാക്കളുമായി വളരെയധികം അടുപ്പം പുലര്‍ത്തിയിരുന്ന ഒരു വ്യക്തി ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ അതിനെപ്പറ്റി ഒരു അടിയന്തിര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം'

cpm

'ശക്തിധരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ബാധ്യതയും സര്‍ക്കാറിനുണ്ട്. അതിനുള്ള നടപടികള്‍ എത്രയുംപെട്ടെന്നു തന്നെ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നു'- ബെന്നി ബെഹന്നാല്‍ പറഞ്ഞു. സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ശക്തിധരന്‍. തിരുവനന്തപുരം തൊട്ട് ടൈംസ് സ്‌ക്വയര്‍ വരെ പേരു കേട്ടയാളും ഇപ്പോള്‍ ശതകോടീശ്വരനുമായ നേതാവിന്റെ കാര്യമാണ് താന്‍ പറയുന്നതെന്ന മുഖവുരയോടെയാണ് ശക്തിധരന്‍ ആക്ഷേപം ഉന്നയിച്ചത്.

'ദേശാഭിമാനി ഓഫിസില്‍ 2 ദിവസം തങ്ങിയപ്പോള്‍ ചില വന്‍തോക്കുകള്‍ നേതാവിനെ സന്ദര്‍ശിക്കുകയും പണം സമ്മാനിക്കുകയും ചെയ്തു. കിട്ടിയ പണം എണ്ണാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. 2 കോടി 35,000 വരെ എണ്ണി തിട്ടപ്പെടുത്തി. പണം കൊണ്ടുപോകാനായി 2 കൈതോലപ്പായ ഞാനും സഹപ്രവര്‍ത്തകനും ഓടിപ്പോയി വാങ്ങിക്കൊണ്ടു വന്നു. ഇന്നോവ കാറിന്റെ ഡിക്കിയില്‍ അതു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗവും ഈ കാറില്‍ ഉണ്ടായിരുന്നു'- ശക്തിധരന്‍ പറഞ്ഞു.

അതേസമയം, ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ദേശാഭിമാനി മുന്‍ പത്രാധിപ സമിതി അംഗമായ ജി ശക്തിധരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

'വിവിധ ആളുകളില്‍ നിന്നും ശേഖരിച്ച രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ കലൂരിലെ ദേശാഭിമാനി ഓഫീസില്‍ വച്ച് കൈതോലപ്പായയില്‍ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നാണ് വെളിപ്പെടുത്തല്‍. ജാഥ നടത്തുന്ന സമയത്ത് കലൂരിലെ ദേശാഭിമാനിയില്‍ രണ്ട് ദിവസം താമസിക്കാന്‍ സാധിക്കുന്നത് പിണറായി വിജയനല്ലാതെ മറ്റാരുമല്ല'

'ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗം കൂടി അന്ന് ആ കാറിലുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുണ്ട്. ഇത് കൂടാതെ 25 ലക്ഷം രൂപ തിരുവനന്തപുരത്ത് വാങ്ങിയതിന്റെ വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. പിണറായിയുടെ സഹപ്രവര്‍ത്തകനും ഒപ്പമിരുന്ന് പണം എണ്ണി തിട്ടപ്പെടുത്തുകയും ചെയ്തയാളുടേതാണ് ഈ വെളിപ്പെടുത്തല്‍. അതേക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?'

'പത്ത് ലക്ഷം രൂപം എണ്ണിക്കൊടുക്കുന്നത് കണ്ടെന്ന മോന്‍സന്റെ ഡ്രൈവറുടെ മൊഴിയിലാണ് കെ സുധാകരനെതിരെ കേസെടുത്തത്. ഇവിടെ പത്ത് ലക്ഷമല്ല രണ്ടു തവണയായി രണ്ട് കോടി അമ്പത്തഞ്ച് ലക്ഷം കൊണ്ട് പോകുന്നത് കണ്ടെന്ന മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ അറിയപ്പെടുന്നയാള്‍ക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്'.

'എന്തുകൊണ്ടാണ് ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താത്തത്? ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പദവിയില്‍ നിന്ന് മാറി നിന്ന് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയാറുണ്ടോ? ഡ്രൈവറുടെ മൊഴിയില്‍ സുധാകരനെതിരെ കേസെടുത്തവര്‍ പണം എണ്ണിത്തിട്ടപ്പെടുത്തി നല്‍കിയ ആളുടെ വെളിപ്പെടുത്തലില്‍ കേസെടുക്കാതിരിക്കുന്നത് ഇരട്ടനീതിയാണ്.'- വി ഡി സതീശന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+