'ഒന്നാം റാങ്ക് പ്രതീക്ഷിച്ചില്ല, ചില ദിവസം കൂടുതൽ പഠിക്കും, ചിലപ്പോൾ പഠിക്കാറേയില്ല'; കീമിൽ കേമനായി ദേവാനന്ദ്
ആലപ്പുഴ: ഒന്നാം റാങ്ക് ഒരിക്കലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആദ്യ പത്തിൽ ഉണ്ടാവുമെന്നാണ് കരുതിയതെന്നും കീം പരീക്ഷയിൽ ഒന്നാമനായ ദേവാനന്ദ്. ഈ വർഷമാണ് താൻ പ്ലസ് ടു പാസായത്. ആദ്യ ഉദ്യമമായിരുന്നു ഇത്തവണത്തേത് എന്നും ദേവാനന്ദ് പറഞ്ഞു. ഐഐടി ഖരക്‌പൂരില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കോഴ്‌സിന് അഡ്‌മിഷന്‍ ലഭിച്ച ദേവാന്ദ് അവിടേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.
ഒൻപതാം ക്ലാസ് തൊട്ട് ഫൗണ്ടേഷൻ കോഴ്‌സുകൾ ചെയ്‌തു വരികയാണെന്നും പത്താം ക്ലാസ് ആയപ്പോഴേക്കും എഞ്ചിനീയറിംഗ് പോകാൻ താൽപര്യം തോന്നി തുടങ്ങിയെന്നും ദേവാനന്ദ് പറഞ്ഞു. മെഡിസിൻ എന്തുകൊണ്ട് തിരഞ്ഞെടുത്തില്ല എന്ന ചോദ്യത്തിനും ദേവാനന്ദ് മറുപടി നൽകി. അതൊക്കെ പണ്ടല്ലേ, ഇപ്പോൾ എല്ലാത്തിനും ആളുണ്ടല്ലോ എന്നായിരുന്നു കൊച്ചുമിടുക്കൻ പ്രതികരിച്ചത്.

ജെഇഇ മെയിന്‍സിന് വേണ്ടി പഠിക്കുകയും അതില്‍ യോഗ്യത നേടുകയും ചെയ്‌ത ദേവാനന്ദ് വലിയ മുൻഗണന കൊടുക്കാതെ എഴുതിയ പരീക്ഷ കൂടിയായിരുന്നു ഇത്തവണത്തെ കീം. എന്നാൽ അതിലാവട്ടെ ഒന്നാം റാങ്ക് തേടിയെത്തുകയായിരുന്നു. കുസാറ്റ് പ്രവേശന പരീക്ഷയിൽ ഉൾപ്പെടെ ഉന്നത റാങ്ക് നേടിയ വിദ്യാർത്ഥി കൂടിയായിരുന്നു ദേവാനന്ദ്.
തന്റെ പഠന രഹസ്യവും ദേവാനന്ദ് വെളിപ്പെടുത്തി. 'കൃത്യമായി ടൈംടേബിള്‍ വെച്ചായിരുന്നില്ല പഠനം. എങ്കിലും ഒരോ ദിവസവും എടുക്കുന്ന പാഠഭാഗങ്ങള്‍ കൃത്യമായി മനസിലാക്കി വെയ്ക്കുന്നതില്‍ യാതൊരു വീഴ്ച്ചയും വരുത്തിയിരുന്നില്ല. ഏറ്റവും എളുപ്പം കണക്കായിരുന്നു. ബുദ്ധിമുട്ടുള്ള കെമിസ്ട്രിക്കായി കൂടുതല്‍ സമയം മാറ്റിവയ്ക്കാറുണ്ട്' ദേവാനന്ദ് പറയുന്നു.
ചില ദിവസം കൂടുതൽ സമയം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കാറില്ല എന്നും ദേവാനന്ദ് ചൂണ്ടിക്കാട്ടി. ടെക്സ്റ്റ് ബുക്ക് മുഴുവന്‍ നന്നായി പഠിച്ചാണ് ഈ റാങ്കിലെത്താന്‍ സാധിച്ചത്. അധ്യാപകരും എല്ലാത്തിനും പിന്തുണ നൽകിയിരുന്നു. എക്‌ണോമിക്‌സ് ആന്‍ഡ് സ്‌റ്റാറ്റിസ്‌ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനാണ് അച്ഛന്‍ പത്മകുമാര്‍. അമ്മ ഹൈസ്‌കൂള്‍ അധ്യാപികയാണ്, ഇരുവരും ഒരുപാട് സഹായിച്ചെന്നും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അനിയനും ഒപ്പമുണ്ടെന്നും ദേവാനന്ദ് പറഞ്ഞു.
അതേസമയം, 'കീം' എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക ഇന്ന് മന്ത്രി ആർ ബിന്ദുവാണ് പ്രഖ്യാപിച്ചത്. പ്രവേശനപരീക്ഷാ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച 'കീം' ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചത്. ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളും ആണ് ഉൾപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications