കോഴിക്കോട്: രോഗികൾക്ക് ചികിത്സക്കായി എത്തണമെങ്കിൽ വ്യത്തിഹീനമായ വെള്ളക്കെട്ട് നീന്തിക്കടക്കണം
കോഴിക്കോട് : പകർച്ചപ്പനിയും മാരകമായ വൈറസ് ബാധയും പടർന്നു പിടിക്കുമ്പോൾ പെരുവയൽ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് രോഗികൾക്ക് ചികിത്സക്കായി എത്തണമെങ്കിൽ വ്യത്തിഹീനമായ വെള്ളക്കെട്ട് നീന്തിക്കടക്കണം. ഒരു മഴ പെയ്താൽ ഈ ആരോഗ്യ കേന്ദ്രത്തിലേക്ക് ആർക്കും കടന്നു ചെല്ലാനാവില്ല. പഞ്ചായത്തിൻ്റെ അവഗണനയിൽ കഴിയുന്ന ഈ ആരോഗ്യ കേന്ദ്രത്തെ ആര് ചികിത്സിക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
കഴിഞ്ഞ വർഷവും ഇതേ അവസ്ഥയാണ് ഇവിടെ നിലനിന്നിരുന്നത്. എന്നാൽ വേനൽക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാനാവശ്യമായ യാതൊരു നടപടിയും ഭരണസമിതി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിലവില്‍ പെരുവയൽ പഞ്ചായത്ത് പി എച്ച്സിക്ക് സ്വന്തമായി കെട്ടിടമില്ല. വനിതാ വ്യവസായ കേന്ദ്രത്തിനായി നിർമിച്ച കെട്ടിടത്തിൽ ഷട്ടറിട്ട രണ്ട് മുറികളിലാണ് ആരോഗ്യ കേന്ദ്രം ഇപ്പോള്‍ പ്രവർത്തിക്കുന്നത് . യാതൊരു സൗകര്യവും ഇവിടെയില്ല.

എന്നാൽ എല്ലാ സൗകര്യവുമുള്ള കെട്ടിടങ്ങൾ മരുമക്കുളങ്ങരയിലുള്ള ആരോഗ്യ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഉപകേന്ദ്രത്തിലുണ്ട്. ഭരണ സമിതിയുടെ രാഷ്ട്രീയ വിവേചനത്തിൻ്റെ ഭാഗമായി ഇവിടേക്ക് പ്രാഥമികാരോഗ്യ കേന്ദ്രം മാറ്റാൻ പഞ്ചായത്ത് തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുൻ എംപി ടി.കെ ഹംസ യുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടം ഇവിടെ വെറുതെ കിടക്കുകയാണ്. ആരോഗ്യ കേന്ദ്രത്തിന് മുന്നിലുള്ള വെള്ളക്കെട്ട് നീക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത പെരുവയൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
എന്നാല്‍ ചെറിയ തുക ഉപയോഗിച്ച് ഇവിടെ നവീകരണ പ്രവര്‍ത്തി നടത്തിയിട്ട് കാര്യമില്ലെന്നും 2018 - 2019 വാര്‍ഷിക പദ്ധതിയില്‍ പി.എച്ച്.സി നവീകരണത്തിന് പതിനെട്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും പെരുവയല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ഷറഫുദ്ദീന്‍ പറഞ്ഞു.












Click it and Unblock the Notifications