മഞ്ജു വാര്യർ ഉള്‍പ്പടെ 20 പേർ കോടതിയിലേക്ക്: ദിലീപിന് കുരുക്ക് മുറുകുമോ, പ്രതിഭാഗവും ഒരുങ്ങിത്തന്നെ
മഞ്ജു വാര്യറേയും ജിന്‍സണേയും ആദ്യഘട്ടത്തില്‍ വിസ്തരിച്ചിരുന്നതിനാല്‍ ഇവരെ വീണ്ടും വിസ്തരിക്കുന്നത് ദിലീപ് എതിർത്തിരുന്നു

കൊച്ചി: നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും. സാക്ഷി വിസ്താരത്തിലെ ആദ്യ ഘട്ടത്തില്‍ തുടരന്വേഷണത്തിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരം പൂർത്തിയാക്കിയതിന് ശേഷമാണ് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത്. ആദ്യഘട്ടത്തിലെ 12 സാക്ഷികളെ വിസ്തരിച്ചിട്ടില്ല. നാളെ മുതല്‍ പ്രധാനപ്പെട്ട 20 പേരെ കൂടി വിസ്തരിക്കാനാള്ള പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന ആരോപണം നേരിടുന്ന ദിലീപിന്റെ അഭിഭാഷകരെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിക്കും.

രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യർ ഉള്‍പ്പടേയുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ നല്‍കിയത്. മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു. സാക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികൾ ആരംഭിച്ചു. നേരത്തെ ഒരു തവണ കോടതിയില്‍ വിസതരിക്കപ്പെട്ടിരുന്നവരാണ് ഇവരെല്ലാം.

ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കുന്നതിനെ ദിലീപ് എതിർത്തിരുന്നെങ്കിലും ഹർജി പരിഗണിക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു സുപ്രീംകോടതി. കേസില്‍ തുടരന്വേഷണം ഉള്‍പ്പടേയുള്ള സുപ്രധാന വഴിത്തിരുവുകള്‍ക്ക് കാരണമായ ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വിസ്താരം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

ബാലചന്ദ്ര കുമാറിന്‍റെ പ്രതിഭാഗം ക്രോസ് വിസ്താരം ഉടൻ പൂർത്തിയാകും. ഹാക്കർ സായി ശങ്കറിന്റെ ആദ്യ ഘട്ട വിസ്താരവും പൂർത്തിയായിട്ടുണ്ട്. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ വിസ്തരിച്ചത്. അതേസമയം, ആദ്യഘട്ടത്തില്‍ വിസ്തരിച്ചതിനാല്‍ പ്രത്യേക അപേക്ഷ നല്‍കിയാണ് മഞ്ജു വാര്യർ ഉള്‍പ്പടേയുള്ളവരെ വീണ്ടും വിസ്തരിക്കുന്നത്.
Hair Care: താരന്‍ വിട്ടുമാറുന്നില്ലേ; എങ്കില്‍ ഈ വിദ്യകളൊന്ന് പരീക്ഷിച്ച് നോക്കൂ, വിജയം ഉറപ്പ്

സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പാടില്ലെന്നും വിചാരണ നടപടികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിർദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ടായിരുന്നു ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇതില്‍ തീരുമാനം പറയാതെ കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഇതോടെയാണ് മഞ്ജു വാര്യർ ഉള്‍പ്പടേയുള്ളവരുടെ വിചാരണയ്ക്ക് വഴിയൊരുങ്ങിയത്.

മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർക്കെതിരേയും അതിജീവിതയ്ക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർത്തി കൊണ്ടുമായിരുന്നു ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ മുൻ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും ഈ കേസിൽ തന്നെ പെടുത്തുകയായിരുന്നുവെന്നായിരുന്നു ദിലീപിന്റെ ആരോപണം.

തുടരന്വേഷണം പ്രഖ്യാപിച്ചതോടെ നിലച്ച വിചാരണ നംവബർ 10 നായിരുന്നു പുനഃരാരംഭിച്ചത്. രഹസ്യ വിചാരണയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ വിചാരണ പുരോഗതി വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കേസിലെ വിചാരണ ജനുവരി അവസാനം അവസാനിപ്പിക്കണമെന്ന നിർദേശം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടെങ്കിലും അത് പ്രാവർത്തികമാവുമോയെന്ന് ഉറപ്പില്ല.












Click it and Unblock the Notifications