നടി കേസ്; അതിജീവിതയുടെ നിർണായക നീക്കം, വീണ്ടും സുപ്രീം കോടതിയിലേക്ക്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അതിജീവിത. വിചാരണ കോടതിയുടെ കസ്റ്റഡയിലിരിക്കെ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിൽ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അന്വേഷണം പൂർത്തീകരിച്ചിട്ടും ഇതുവരെ അത് സംബന്ധിച്ച റിപ്പോർട്ട് കൈമാറിയിട്ടില്ലെന്നും അതിജീവിത ആരോപിക്കുന്നു.
ഡിസംബറിലായിരുന്നു മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ വസ്തുതാ അന്വേഷണം നടത്തണാൻ ഹൈക്കോടതി ഉത്തരവിട്ടത്. വിചാരണ കോടതി ജഡ്ജിയായ എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിനോടാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചത്. ജനുവരി 7നകം അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ നടപടി പ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമെങ്കിൽ പോലീസ് സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ അന്വേഷണം പൂർത്തിയാക്കി 20 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ടിൽ കോടതി ഇതുവരെ കേസ് എടുക്കുകയോ മറ്റ് തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അതിജീവിത ചൂണ്ടിക്കാട്ടുന്നത്. ഈ സഹാചര്യത്തിലാണ് അതിജീവിത വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ. ഈ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ ആണ് ഉള്ളത്. എന്നാൽ ഇത് കോടതിയിൽ വെച്ച് ആരോ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി കണ്ടെത്തുകയായിരുന്നു. ഫോറൻസിക് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
മെമ്മറി കാര്‍ഡ് ഫോണിലിട്ട് പരിശോധിച്ചതിന് തെളിവുകളുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നുമാണ് നടി മുന്നോട്ടുവയ്ക്കുന്ന വാദം.
മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ 2018 ജനുവരി 9 നും ഡിസംബര്‍ 13 നും 2021 ജൂലൈയിലും മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു.
വിവോ ഫോണിൽ ആണ് മെമ്മറി കാർഡ് ഇട്ടതെന്നാണ് കണ്ടെത്തൽ.വിവോ ഫോണിൽ കാർഡ് ഇട്ടപ്പോൾ 34 ഓളം ഫയലുകളോ ഫോൾഡറുകളോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സാധാരണ നിലയിൽ 2 മിനിറ്റ് മതി മെമ്മറി കാർഡ് കോപ്പി ചെയ്യാൻ എന്നാൽ 35 മിനിറ്റോളമാണ് ഈ മെമ്മറി കാർഡ് ഫോണിലുണ്ടായിരുന്നതെന്നും പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.












Click it and Unblock the Notifications