നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; ഗള്‍ഫിലുള്ള നടിയെ വിളിപ്പിച്ചു... പോലീസ് കാവ്യയുടെ വീട്ടിലെത്തും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം അന്തിമ നീക്കത്തിലേക്ക് കടക്കുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച തികച്ചില്ലാത്ത സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കിയത്. ദിലീപുമായി സൗഹൃദം നിലനിര്‍ത്തുന്ന മലയാളി നടിയെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇവരിപ്പോള്‍ ഗള്‍ഫിലാണ്.
നേരത്തെ സീരിയര്‍ രംഗത്തെ രണ്ടു വനിതകളെ തിരുവനന്തപുരത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണിത്. കൂടാതെ ദിലീപിന്റെ ഭാര്യ കാവ്യാമാധവനെ ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചു. കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചകളില്‍ ചില സംശയങ്ങള്‍ അന്വേഷണ സംഘത്തിനുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടക്കുകയാണ്. ഏപ്രില്‍ 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. ദിലീപിനെ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു.

ദിലീപിന്റെ ഫോണ്‍ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ചില രേഖകള്‍ ഇതില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട യാതൊരു രേഖകളും നീക്കിയിട്ടില്ലെന്ന് ദിലീപ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ നീക്കം ചെയ്ത രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനാണ് രണ്ടു വനിതകളെ ചോദ്യം ചെയ്തത്.

തിരുവനന്തപുരത്തുള്ള രണ്ടു വനിതകളെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. ഇവര്‍ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. അതേസമയം, ഇനി ഒരു മലയാളി നടിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇവരിപ്പോള്‍ ഗള്‍ഫിലാണ്. ഗള്‍ഫിലുള്ള നടിയോട് കേരളത്തിലെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അന്വേഷണ സംഘം.

ദിലീപുമായി നടിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. കൂടാതെ, ഇരുവരും നടത്തിയ ചാറ്റുകള്‍ ചിലത് നീക്കം ചെയ്തുവെന്നും സംശയിക്കുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ദിലീപിന്റെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയാണ് ഇനി ചോദ്യം ചെയ്യുക. ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. വരും ദിവസം ഇവരെ ചോദ്യം ചെയ്യും. അതിന് ശേഷം ദിലീപിന്റെ ഭാര്യ കാവ്യമാധവനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാകും കാവ്യ മാധവനെ ചോദ്യം ചെയ്യുക. അവരെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്കില്ല. കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളുമായി കാവ്യ കൂടിക്കാഴ്ച നടത്തി എന്ന വിവരമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇതില്‍ വ്യക്തത വരുത്താനാണ് കാവ്യയെ ചോദ്യം ചെയ്യുക.

അതേസമയം, അന്വേഷണ സംഘം ജിന്‍സന്റെ ശബ്ദ സാമ്പിള്‍ ശേഖരിച്ചു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്കൊപ്പം ജയിലിലുണ്ടായിരുന്ന വ്യക്തിയാണ് ഇയാള്‍. ജാമ്യം ലഭിച്ച ശേഷം ജിന്‍സനെ പള്‍സര്‍ സുനി ഫോണില്‍ വിളിച്ചിരുന്നു. ഈ ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് സാമ്പിള്‍ ശേഖരിച്ചത്. അതേസസമയം, ദിലീപിന്റെ സ്വിഫ്റ്റ് കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തെങ്കിലും ദിലീപിന്റെ വീട്ടില്‍ നിന്ന് കൊണ്ടുപോയില്ല. ഓടിച്ചുകൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കാര്‍. ഒരു പക്ഷേ, കാര്‍ ശരിയാക്കിയ ശേഷം കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റിയേക്കും.












Click it and Unblock the Notifications